കഞ്ചിക്കോട് കിൻഫ്ര വ്യവസായ പാർക്കിൽ ജോലിക്കെത്തിയവരെ തടയുന്ന സമരാനുകൂലികൾ | ഫോട്ടോ: പി.പി രതീഷ് / മാതൃഭൂമി
ന്യൂഡല്‍ഹി: ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ആദ്യദിനം കേരളത്തില്‍ ഹര്‍ത്താലിന് സമാനം. മറ്റു സംസ്ഥാനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ചെന്നൈയില്‍ ബസ് ഗതാഗതത്തെ ബാധിച്ചു. രാജസ്ഥാന്‍, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഡല്‍ഹി, അസം, തെലങ്കാന, ഹരിയാന, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ്, ഗോവ, ഒഡീഷ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളില്‍ സമരം ബാധിച്ചെങ്കിലും പൊതുജന ജീവിതം സാധാരണ പോലെ തുടര്‍ന്നു.
കേരളം
കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ നിരവധി അക്രമ സംഭവങ്ങള്‍ പണിമുടക്കിനോടനുബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഹര്‍ത്താലിന് സമാനമായിരുന്നു ആദ്യ ദിവസ പണിമുടക്ക്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേര്‍ മാത്രമാണ്. സെക്രട്ടറിയേറ്റില്‍ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലേയും പ്രവര്‍ത്തനവും സമാന നിലയിലായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അത് വിലക്കി കൊണ്ട് ഉത്തരവിടണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

ബസ് സര്‍വീസുകള്‍ പൂര്‍ണമായും സ്തംഭിച്ചു. ആശുപത്രികളിലേക്കും വിമാനത്താവളങ്ങളിലേക്കും കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ സര്‍വീസുകള്‍ നടത്തി അവസാനിപ്പിച്ചു. ടാക്‌സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. നഗരങ്ങളില്‍ കട കമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. ഗ്രാമീണ മേഖലകളില്‍ ഒട്ടുമിക്ക കടകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളില്‍ ആളുകള്‍ യാത്ര നടത്തിയെങ്കിലും പലയിടങ്ങളിലും സമാരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. കൊച്ചി ഫാക്ടിലും പാലക്കാട് കിന്‍ഫ്രയിലും ജോലിക്കെത്തിയവരെ തടഞ്ഞു. തിരുവനന്തപുരത്ത് തുറന്നുപ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് അടിച്ചു തകര്‍ത്തു.കോഴിക്കോട്ട് പോലീസ് നോക്കിനില്‍ക്കെ സമരാനുകൂലികള്‍ ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിട്ടു. റെയില്‍വേ സ്‌റ്റേഷനിലേക്കു യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയുടെ കാറ്റാണ് അഴിച്ചുവിട്ടത്. കോതമംഗലം പിണ്ടിമന പഞ്ചായത്ത് ഓഫീസ് തുറക്കാനെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സമര അനുകൂലികള്‍ മര്‍ദിച്ചു. മലപ്പുറം തിരൂരില്‍ രോഗിയുമായി പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും മര്‍ദനമേറ്റു.
തമിഴ്‌നാട്
തമിഴ്‌നാട്ടില്‍ പണിമുടക്ക് ബസ് സര്‍വീസുകളെയാണ് കാര്യമായി ബാധിച്ചത്. വിദ്യാര്‍ഥികളും ഓഫീസ് ജീവനക്കാരും സാധാരണക്കാരും ബസ് സ്റ്റാന്‍ഡുകളില്‍ രാവിലെ കുടുങ്ങി. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 33 ശതമാനം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.

ബസുകളുടെ സര്‍വീസുകള്‍ മുടങ്ങിയതാണ് ചെന്നൈ നഗരത്തെ പണിമുടക്കില്‍ കാര്യമായി ബാധിച്ചത്. കട കമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
ഡല്‍ഹി
പണിമുടക്ക് ഡല്‍ഹിയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ മാത്രമാണ് ബാധിച്ചത്. രാജ്യ തലസ്ഥാനത്തെ പൊതുമേഖല ബാങ്കുകള്‍ മിക്കതും അടഞ്ഞു കിടന്നു. ഗതാഗതവും കട കമ്പോളങ്ങളും സാധാരണ പോലെ പ്രവര്‍ത്തിച്ചു.
പശ്ചിമ ബംഗാള്‍
പശ്ചിമ ബംഗാളില്‍ വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ റെയില്‍, റോഡ് ഉപരോധം നടത്തി. ജാദവ്പുര്‍, ദം ദം, ബറസാത്ത്, ശ്യാംനഗര്‍, ബെല്‍ഗാരിയ, ജോയ്നഗര്‍, ദോംജൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇടതുപാര്‍ട്ടി പ്രവര്‍ത്തകര്‍ റെയില്‍വേ ട്രാക്കുകളില്‍ പ്രതിഷേധം നടത്തി. കൊല്‍ക്കത്തയിലെ ഗോള്‍പാര്‍ക്ക്, ലേക്ക് ടൗണ്‍, ബാഗിഹാട്ടി, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ റോഡ് ഉപരോധം ഏര്‍പ്പെടുത്തി. ജാദവ്പൂരില്‍ സമരാനുകൂലികളും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. വിവിധിയിടങ്ങളില്‍ മാര്‍ച്ചും നടത്തി. സംസ്ഥാനത്തിന്റെ മറ്റു ചിലയിടങ്ങളിലും റോഡ് ഉപരോധങ്ങള്‍ നടത്തി. റെയില്‍വേ ട്രാക്കിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറച്ച് സമയം റെയില്‍വേ ഗതാഗതം തടസ്സപ്പെട്ടു.

സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. പണിമുടക്ക് നടക്കുന്ന ദിവസങ്ങളില്‍ കാഷ്വല്‍ ലീവ് അനുവദിച്ചിട്ടില്ല. ജീവനക്കാര്‍ ഹാജരായില്ലെങ്കില്‍ ഡയസ്നോണ്‍ ബാധമാകുമെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പണിമുടക്കിന്റെ ആദ്യ ദിവസം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടില്ല.
കര്‍ണാടക
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. എന്നാല്‍ പൊതുജന ജീവിതത്തെ പണിമുടക്ക് ബാധിച്ചില്ല. എസ്എസ്എല്‍സി പരീക്ഷ ഇന്നാണ് ആരംഭിച്ചത്. കുട്ടികള്‍ക്ക് സാധാരണ പോലെ തന്നെ സ്‌കൂളുകളിലേക്ക് പോകാനായി. എന്നാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു.
Content Highlights: How trade unions' Bharat Bandh strike is working out-national strike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..