രാജ്യം ഇതുവരെ കാണാത്ത റിപ്പബ്ലിക് ദിനം; സംഘര്‍ഷങ്ങളുടെ ഒരു പകല്‍


പ്രതീകാത്മക ചിത്രം | Photo : ANI

ന്യൂഡല്‍ഹി: രാജ്യം ഇതുവരെ കാണാത്ത ഒരു റിപ്പബ്ലിക്ക് ദിനത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. ഡല്‍ഹി ഏറെക്കുറേ ശാന്തമാകുന്നതോടെ സംഘര്‍ഷങ്ങളുടെ ഒരു പകലിനാണ് വിരാമമാകുന്നത്. ചെങ്കോട്ടയും ഡല്‍ഹി ഐടിഒ അടക്കം വളഞ്ഞ കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങിത്തുടങ്ങി. ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പോലീസും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്ന ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലെല്ലാം സര്‍ക്കാര്‍ സുരക്ഷാ സൈനികരേയും വിന്യസിച്ചിട്ടുണ്ട്.

kisan parade
Photo: PTI

കര്‍ഷക പ്രതിഷേധം ആരംഭിച്ചത് ഇങ്ങനെ

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചത്. 2020 സെപ്റ്റംബറില്‍ നിയമം പാര്‍ലമെന്റില്പാസാക്കിയതോടെ കര്‍ഷക സമരത്തിന്റെ ശക്തിയും വീര്യവും വര്‍ധിക്കുകയായിരുന്നു.നിയമം പാസാക്കാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ കര്‍ഷകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

2020 ജൂണില്‍ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വിവിധ പ്രതിഷേധ പരിപാടികളും സമരങ്ങളും അരങ്ങേറി. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് കേന്ദ്രം നിയമങ്ങള്‍ പാസാക്കിയപ്പോള്‍ കര്‍ഷകരുടെ പ്രതിഷേധവും ശക്തമായി. പഞ്ചാബ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് വന്‍പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി കര്‍ഷകരുടെ പിന്തുണ ലഭിച്ചതോടെ സമരം വലുതായി. വിവിധ കര്‍ഷക സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക സംഘടനകളുടെ കൂട്ടായ്മ പ്രതിഷേധങ്ങളെ ഒരുമിപ്പിച്ചു.

ട്രെയിന്‍ തടയല്‍ അടക്കമുള്ള വിവിധ സമരപരിപാടികള്‍ക്ക് പിന്നാലെയാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്ക് കൂട്ടത്തോടെയെത്തുമെന്നുമായിരുന്നു കര്‍ഷകരുടെ പ്രഖ്യാപനം. നവംബറില്‍ തുടങ്ങിയ ഡല്‍ഹി ചലോ മാര്‍ച്ചില്‍ പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് അണിനിരന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ ഇവരെ തടഞ്ഞതോടെ കര്‍ഷകസമരം സംഘര്‍ഷത്തില്‍ കലാശിച്ചു. പക്ഷേ, എന്തുവന്നാലും തങ്ങള്‍ പിന്നോട്ടില്ലെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം.

കിസാന്‍ റിപ്പബ്ലിക്

kisan parade
Photo: PTI

റിപ്പബ്ലിക് ദിനത്തില്‍ പന്ത്രണ്ട് മണിക്ക് ട്രാക്ടര്‍ റാലി തുടങ്ങാനായിരുന്നു കര്‍ഷകരുടെ ധാരണ. എന്നാല്‍ അപ്രതീക്ഷിതമായാണ് രാവിലെ എട്ടേമുക്കാലോടെ സമരക്കാര്‍ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി പുറപ്പെട്ടത്. തൊട്ടുപിന്നാലെ ഒന്‍പതരയോടെ നൂറുകണക്കിന് ട്രാക്ടറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായി കര്‍ഷകര്‍ ഡല്‍ഹിക്ക് തിരിച്ചു.

10 ന് ട്രാക്ടര്‍ റാലി സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട്ട് നഗറിലെത്തുകയും പോലീസുമായി സംഘര്‍ഷമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ആദ്യ കണ്ണീര്‍വാതകം പ്രയോഗിച്ചു. 10.30ന് അക്ഷര്‍ധാം ഇന്റര്‍സെക്ഷന് സമീപം പോലീസ് ഉദ്യോഗസ്ഥരുമായി കര്‍ഷകര്‍ ഏറ്റുമുട്ടുന്നു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കര്‍ഷകര്‍ നശിപ്പിക്കുകയും ബസുകള്‍ നശിപ്പിക്കുകയും ചെയ്തു.

11 മണിയോടെ കര്‍ഷകര്‍ നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ പ്രവേശിക്കുകയും അരമണിക്കൂറിന് ശേഷം സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട്ട് നഗറില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. വാളുകളുമായി ചില കര്‍ഷകര്‍ പോലീസുമായി ഏറ്റുമുട്ടി. 11.40ന് കര്‍ഷകര്‍ ഡല്‍ഹി മീററ്റ് ഹൈവേയില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നു. പന്ത്രണ്ടേകാലോടെ സിംഘുവില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി റിങ് റോഡില്‍ പ്രവേശിച്ചു.

12.40 ഡല്‍ഹി മുക്കാര്‍ബ ചൗക്കില്‍ സംഘര്‍ഷമായി. ഒരു മണിയോടെ കര്‍ഷക റാലി ഐടിഒയില്‍ പ്രവേശിച്ചു. ഇവിടെ പൊലീസ് ബസ് തകര്‍ത്തു. തൊട്ടുപിന്നാലെ ഒരുമണിയോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷങ്ങളില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഇത് പോലീസ് വെടിവെപ്പിലാണെന്ന് കര്‍ഷകരും ട്രാക്ടര്‍ മറിഞ്ഞാണെന്ന് പോലീസും ആരോപിച്ചു.

1.10ഓടെ സംഘര്‍ഷം നടന്ന സ്ഥലങ്ങളിലെ പ്രധാന മെട്രോ സ്റ്റേഷനുകളെല്ലാം അടച്ചു. 1.25ഓടെ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങുന്നു. 1.48ന് കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിക്കുന്നു. എല്ലാ തടസങ്ങളും നീക്കി പോലീസിനെ മറികടന്നാണ് കര്‍ഷകര്‍ ചെങ്കോട്ടയില്‍ വരെ പ്രവേശിച്ചത്. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ എത്തിയത്. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് ഇവരെ ഇവിടെനിന്ന് നീക്കിയത്.

സമരത്തിന് പിന്തുണയേറിയപ്പോള്‍

സമരം ആരംഭിച്ച് ഓരോദിവസം പിന്നിടുമ്പോളും ഡല്‍ഹിയിലെ അതിര്‍ത്തിയിലെത്തുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. വിവിധ അതിര്‍ത്തിയില്‍ തമ്പടിച്ച് സമാധാനപരമായിട്ടായിരുന്നു കര്‍ഷകര്‍ സമരം തുടര്‍ന്നത്. സമരക്കാര്‍ ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാന്‍ പോലീസും പരിശ്രമിച്ചു. സമരത്തിന് പിന്തുണയേറിയതോടെ കര്‍ഷക സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറായി. എന്നാല്‍ ഡിസംബര്‍ അഞ്ചിന് നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ഡിസംബര്‍ എട്ടിന് ദേശീയ ബന്ദ് നടത്തുമെന്ന് കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചു.

ഡിസംബര്‍ ഒമ്പതിന് നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താമെന്ന സര്‍ക്കാര്‍ നിര്‍ദേശം സമരക്കാര്‍ തള്ളി. നിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് തന്നെയായിരുന്നു ഇവരുടെ നിലപാട്. ഡിസംബര്‍ 14-ന് കര്‍ഷകര്‍ക്ക് പിന്തുണയുമായി രാജ്യവ്യാപകമായി ധര്‍ണസമരങ്ങള്‍ അരങ്ങേറി.

ഡല്‍ഹിയിലേക്കുള്ള വിവിധ പാതകള്‍ കര്‍ഷകര്‍ ഉപരോധിച്ചു. തിക്രി, സിംഘു അതിര്‍ത്തികളില്‍ തമ്പടിച്ച് കര്‍ഷകര്‍ സമരം തുടര്‍ന്നു. വിവിധ സന്നദ്ധ സംഘടനകള്‍ കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു. റോഡരികില്‍ പാചകം ചെയ്ത് സമാധാനപരമായ പ്രതിഷേധങ്ങളുമായി ഓരോ ദിവസവും അവര്‍ തള്ളിനീക്കി. വിവിധ സംഘടനകള്‍ വിപുലമായ സൗകര്യങ്ങളാണ് കര്‍ഷകര്‍ക്ക് ഒരുക്കിയത്. ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്നതിനൊപ്പം വൈദ്യസഹായവും മറ്റുസൗകര്യങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കി.

കര്‍ഷക സമരത്തില്‍ ഇതുവരെ 41 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഏകദേശ കണക്ക്. സമാധാനപരമായി ആരംഭിച്ച സമരത്തിനിടെ പിന്നീട് ആത്മഹത്യകളും അരങ്ങേറി. സമരത്തിനിടെ ചിലര്‍ മറ്റു അസുഖങ്ങളെ തുടര്‍ന്നും മരണപ്പെട്ടു. കൊടുംശൈത്യത്തിലും ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ ശക്തിചോരാതെയാണ് കര്‍ഷകരുടെ സമരം മുന്നോട്ടുപോയത്. കുട്ടികളും സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന സമരവേദികളില്‍നിന്നുള്ള ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി യുഎസ്, ന്യൂസിലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളിലും പ്രകടനങ്ങള്‍ അരങ്ങേറി.

പതിനൊന്നുതവണയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. കേന്ദ്രവുമായി ചര്‍ച്ചക്കെത്തിയ കര്‍ഷക നേതാക്കള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കാതെ സ്വയം തയ്യാറാക്കിയ ഭക്ഷണം വിജ്ഞാന്‍ ഭവനിലെ വരാന്തയില്‍ നിലത്തിരുന്ന് കഴിച്ചതും മീറ്റിങ്ങില്‍ മൗനം അവലംബിച്ച് യെസ്, നോ പ്ലക്കാര്‍ഡുകളിലൂടെ സംവദിച്ചും സമാധാനപരമായ സമരമാണ് കര്‍ഷകര്‍ നടത്തിയത്.

എന്നാല്‍ ഒരു ചര്‍ച്ചയും ഫലംകണ്ടില്ല. ഇതിനിടെ, കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി മരവിപ്പിച്ചെങ്കിലും ചെയ്‌തെങ്കിലും സമരത്തില്‍ മാറ്റമുണ്ടായില്ല. വിഷയം പഠിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചെങ്കിലും അതിലും അസ്വാരസ്യങ്ങളുണ്ടായി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ ജനുവരി 26-ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍നിശ്ചിച്ച റൂട്ടുകളില്‍നിന്നും വ്യതിചലിച്ച റാലി പോലീസ് തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

കൂടുതല്‍ അര്‍ധ സൈനികരെ വിന്യസിക്കും

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.

Content Highlights: How things turned violent in Delhi on Republic Day; A Timeline

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented