Image for Representation. UNI File Photo
കോഴിക്കോട്: കൊറോണ ചികിത്സയ്ക്ക് റെയില്‍വേയെയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രെയിന്‍ കോച്ചുകള്‍ ഐസോലേഷന് കോച്ചുകളാക്കി മാറ്റാനുള്ള പദ്ധതികള്‍ക്ക് നിര്‍ദേശം നല്കി. നിലവിലെ സാഹചര്യത്തില്‍ എത്രയുംപെട്ടെന്ന് മാതൃക ഐസോലേഷന് കോച്ചുകള്‍ നിര്‍മിക്കാനാണ് വെള്ളിയാഴ്ച നല്കിയ നിര്‍ദേശം.
നോണ്‍ എസി കോച്ചുകളായിരിക്കും ഐസോലേഷന് കോച്ചുകളാക്കി രൂപമാറ്റം വരുത്തുക. ഈ കോച്ചുകളില്‍ ചെറിയ ക്യാബിനുകളായി തിരിക്കും. ഓരോ ക്യാബിനിലും ഒരു രോഗിയെ ഉള്ക്കൊള്ളുന്നവിധമാകും സജ്ജീകരണം. അതേസമയം, സാഹചര്യത്തിന് അനുസരിച്ച് ആവശ്യമെങ്കില്‍ രണ്ട് രോഗികളെ ഉള്‍ക്കൊള്ളിക്കാവുന്ന സൗകര്യം ഒരുക്കണമെന്നും ദക്ഷിണ റെയില്‍വേ ചീഫ് വര്‍ക്ക്ഷോപ്പ് എന്‍ജിനീയര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു.
കോച്ചിലെ രണ്ട് ഭാഗത്തെയും മറകള്‍ നീക്കംചെയ്യണം. നാല് ശുചിമുറികളില്‍ രണ്ടെണ്ണം കുളിമുറികളാക്കി മാറ്റണം. ഹാന്‍ഡ് ഷവര്‍ ഘടിപ്പിക്കണം. കോച്ചുകളിലെ മുഴുവന്‍ മിഡില്‍ ബെര്‍ത്തുകളും ബെര്‍ത്തുകളില്‍ കയറാനുള്ള ഏണികളും നീക്കംചെയ്യണം തുടങ്ങിയവാണ് രൂപമാറ്റം വരുത്തുന്നതിനായി നല്കിയ നിര്‍ദേശത്തില്‍ പറയുന്നത്.
ഓരോ ക്യാബിനുകളിലും കൂടുതല്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ സ്ഥാപിക്കും. ഇത് മെഡിക്കല്‍ ഉപകരണങ്ങള്‍ വെയ്ക്കാന്‍ ഉപയോഗപ്പെടുത്താം. ലാപ്ടോപ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തും. ഓരോ ക്യാബിനിലും 230 വോള്‍ട്ടിന്റെ സോക്കറ്റുകളും പ്ലാസ്റ്റിക് കര്‍ട്ടനുകളും സ്ഥാപിക്കണമെന്നും റെയില്‍വേ വര്‍ക്ക്ഷോപ്പ് അധികൃതര്‍ക്ക് ലഭിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
റെയില്‍വേയുടെ കാര്യേജ് ആന്‍ഡ് വാഗണ്‍ വര്ക്ക്ഷോപ്പുകളിലായിരിക്കും മാതൃക ഐസോലേഷന് കോച്ചുകളുടെ നിര്‍മാണം. ഐസോലേഷന് കോച്ചുകള്‍ക്കൊപ്പം വേണ്ടിവന്നാല്‍ ആശുപത്രി ഉപകരണങ്ങള്‍ നിര്‍മിക്കണമെന്നും ഉന്നതതലങ്ങളില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, വെന്റിലേറ്ററുകളുടെ നിര്‍മാണം റെയില്‍വേയ്ക്ക് കീഴില്‍ സാധ്യമാകില്ലെന്നും സൂചനയുണ്ട്. വെന്റിലേറ്റര്‍ നിര്‍മാണം ദുഷ്കരമാണെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറിയേക്കാനാണ് സാധ്യത.
Content Highlights: how railway modifying train coaches into corona isolation coach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..