ക്രിക്കറ്റിലൂടെ രംഗപ്രവേശം; ഇന്ന് 241383-ാം നമ്പര്‍ തടവുപുള്ളി, ദിവസവേതനം 60 രൂപ


ജയിലിലെ തന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച രാത്രിയിലെ അത്താഴം സിദ്ദു നിരസിച്ചുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു

കോടതിയിൽ കീഴടങ്ങാനെത്തിയ സിദ്ദു |ഫോട്ടോ:ANI

പട്യാല: റോഡിലെ അടിപിടിയില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ട കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷം കഠിനതടവിന് വിധിച്ച കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ കഴിഞ്ഞ ദിവസം പട്യാല സെന്‍ട്രല്‍ ജയിലിലടച്ചിരിക്കുകയാണ്. ജയിലിലെ ആദ്യ ദിനമായ വെള്ളിയാഴ്ച രാത്രിയിലെ അത്താഴം സിദ്ദു നിരസിച്ചുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. മരുന്ന് മാത്രമാണ് കഴിച്ചത്. നല്ല സഹകരണമുണ്ട്. അദ്ദേഹത്തിനായി പ്രത്യേക ഭക്ഷണമൊന്നും ഒരുക്കിയിട്ടില്ല. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ കാന്റീനില്‍ നിന്ന് വേണ്ട ഭക്ഷണം ലഭ്യമാക്കും. അല്ലെങ്കില്‍ സ്വയം പാകംചെയ്ത് കഴിക്കാം', ജയില്‍ അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഠിന തടവിനാണ് സിദ്ദുവിനെ ശിക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജയില്‍ ചട്ടങ്ങള്‍ക്കനുസരിച്ച് മാത്രമേ അദ്ദേഹത്തിന് തടവില്‍ കഴിയാനാകൂ. ഇതനുസരിച്ച് ആദ്യ മൂന്ന് മാസം തൊഴില്‍ ട്രെയിനിങ് നല്‍കും. ഈ സമയത്ത് ഒരുവേതനവും കിട്ടില്ല. ശേഷം, പ്രതിദിനം ഒരു അവിദഗ്ധ തടവുകാരന് പ്രതിദിനം 40 രൂപയും വൈദഗ്ധ്യമുള്ള ആള്‍ക്ക് പ്രതിദിനം 60 രൂപയും ലഭിക്കും.

ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ കീഴടങ്ങാന്‍ ആതാനും ആഴ്ചകള്‍ നീട്ടിനല്‍കണമെന്ന അഭ്യര്‍ഥനയുമായി സിദ്ദു വെള്ളിയാഴ്ച രാവിലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയോട് ശിക്ഷവിധിച്ച ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിനെ കാണാന്‍ അവസരം ലഭിക്കാഞ്ഞതോടെ വൈകീട്ട് നാലുമണിയോടെ സിദ്ദു കീഴടങ്ങുകയായിരുന്നു.

സിദ്ദുവിന്റെ മുഖ്യ എതിരാളിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരേ മത്സരിക്കുകയും ചെയ്ത ശിരോണി അകാലിദള്‍ നേതാവ് ബ്രികം സിങ് മജീദിയ ഇതേ ജയിലില്‍ തടവിലുണ്ടെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. മയക്കുമരുന്ന് കേസിലാണ് ബിക്രംസിങ് തടവില്‍ കഴിയുന്നത്. അമൃത്സര്‍ ഈസ്റ്റില്‍ മത്സരിച്ച സിദ്ദുവും ബിക്രംസിങും ആം ആദ്മി പാര്‍ട്ടിയുടെ ജീവന്‍ജ്യോത് കൗറിനോട് പരാജയപ്പെട്ടിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം നഷ്ടമായ സിദ്ദു തൊട്ടുപിന്നാലെ ജയിലിലും ആയിരിക്കുകയാണ്.

241383-ാം തടവുകാരനായി സിദ്ദു

പാട്യാല സെന്‍ട്രല്‍ ജയിലിലെ ഏഴാം നമ്പര്‍ സെല്ലില്‍ 241383-ാം നമ്പര്‍ തടവുകാരനാണ് സിദ്ദു. ഒരു ടേബിള്‍, ഒരു കസേര, രണ്ട് തലപ്പാവ്, ഒരു ബ്ലാങ്കറ്റ്, മൂന്ന് സെറ്റ് അടിവസ്ത്രം, രണ്ടു ടവ്വല്‍, ഒരു കൊതുക് വല, ഒരു പേന, ഒരു നോട്ട്ബുക്ക്, ഒരു ജോഡി ഷൂ, രണ്ട് ബെഡ്ഷീറ്റ്, നാല് ജോഡി കുര്‍ത്തയും പൈജാമയും, രണ്ട് തലയിണ കവറുകള്‍ എന്നിവയാണ് തടവിലായ ശേഷം ജയില്‍ അധികൃതര്‍ സിദ്ദുവിന് അനുവദിച്ചിരിക്കുന്നത്.

പട്യാല സെന്‍ട്രല്‍ ജയിലിലെ ജീവിതം ഇങ്ങനെ

സിദ്ദുവിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന പട്യാല സെന്‍ട്രല്‍ ജയിലിലെ ജീവിതം രാവിലെ 5.30 ഓടെ ആരംഭിക്കും. ഏഴ് മണിക്ക് തടവുകാര്‍ക്ക് ചായയും ഒപ്പം ബിസ്‌ക്കറ്റോ പയറുവര്‍ഗങ്ങളോ നല്‍കും. എട്ടരയോടെ പ്രഭാത ഭക്ഷണം കിട്ടും. ആറു ചപ്പാത്തി വരെ ഒരു തടവുകാരന് നല്‍കും. പയര്‍ കറിയോ പച്ചക്കറികളടങ്ങളിയ കറിയോ ഇതിനോടൊപ്പം ലഭിക്കും. ഇതിന് ശേഷം തടവുകാരെ കൊണ്ട് ജോലി എടുപ്പിക്കും. വൈകീട്ട് അഞ്ചരയോടെ ഓരോ തടവുകാരനും നിശ്ചയിച്ച ജോലി പൂര്‍ത്തിയാക്കണം. ആറ് മണിയോടെ അത്താഴം കിട്ടും, രാവിലെ നല്‍കിയത് പോലെ ചപ്പാത്തിയും എന്തെങ്കിലും കറിയുമായിരിക്കും നല്‍കുക. ഏഴു മണിയോടെ തടവുകാരെ സെല്ലുകളില്‍ അടയ്ക്കും.

പട്യാല സെന്‍ട്രല്‍ ജയിലിലെ മാസ്‌ക് നിര്‍മാണ യൂണിറ്റ് |ഫോട്ടോ:PTI

1000 രൂപയില്‍ നിന്ന് ഒരു വര്‍ഷത്തെ തടവ്

1988 ഡിസംബര്‍ 27-ന് പട്യാലയില്‍ നടുറോഡില്‍ സിദ്ദു വാഹനം പാര്‍ക്കുചെയ്തതതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ ഗുര്‍ണാംസിങ് (65) എന്നയാള്‍ തലക്കടിയേറ്റ് മരിച്ച സംഭവത്തിലാണ് ശിക്ഷ. സിദ്ദുവിന്റെ അടിയേറ്റ് കുഴഞ്ഞുവീണ ഗുര്‍ണാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി മൂന്നുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് സിദ്ദുവിനെ 1000 രൂപ പിഴയീടാക്കി വിട്ടയച്ചു. ഗുര്‍ണാം സിങ്ങിന്റെ കുടുംബം 2018 സെപ്റ്റംബറില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ഇപ്പോഴത്തെ വിധി.

എന്നും വിവാദങ്ങളുടെ തോഴന്‍

ക്രിക്കറ്റ് താരമായിരുന്നപ്പോഴും രാഷ്ട്രീയത്തിലും വിവാദങ്ങളുടെ തോഴനാണ് നവജ്യോത് സിങ് സിദ്ദു. 2004-ലാണ് ബിജെപിയിലൂടെ സിദ്ദു രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തുന്നത്. അമൃത്സറില്‍ നിന്ന് മത്സരിച്ച് ജയിച്ച സിദ്ദു ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും 2009-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പിലും അദ്ദേഹം അമൃത്സറില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2014-ലും അമൃത്സറില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സിദ്ദുവിനെ അരുണ്‍ ജെയ്റ്റ്ലിക്കായി ബിജെപി തഴഞ്ഞു. അമൃത്സറില്‍ നിന്നല്ലാതെ ഒരിടത്തും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച സിദ്ദു ബിജെപിയുടെ മറ്റു സീറ്റ് വാഗ്ദാനങ്ങള്‍ നിരസിച്ചു. സിദ്ദു പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകള്‍ക്കിടെ 2016-ല്‍ ബിജെപി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് എംപിയാക്കി. കേന്ദ്ര മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സിദ്ദു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ രാജിവെച്ചു.

തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച സിദ്ദു അധികം വൈകാതെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2017-ല്‍ പഞ്ചാബ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. ആ തിരഞ്ഞെടുപ്പില്‍ പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തിലെത്തി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. അമരീന്ദര്‍ മന്ത്രിസഭയില്‍ സിദ്ദുവിനേയും ഉള്‍പ്പെടുത്തി. ഉപമുഖ്യമന്ത്രിയാക്കുമെന്നായിരുന്നു സിദ്ദു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തനിക്ക് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ അമരീന്ദര്‍, സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തയ്യാറായില്ല. തനിക്ക് നല്‍കിയ വകുപ്പിലും സിദ്ദുവിന് അതൃപ്തിയുണ്ടായിരുന്നു. സര്‍ക്കാര്‍ രൂപീകരണം മുതല്‍ സിദ്ദുവും അമരീന്ദറും തമ്മില്‍ ആരംഭിച്ച വടംവലി രൂക്ഷമായി തുടര്‍ന്നു.

2018-ല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് സിദ്ദു ക്ഷണിക്കപ്പെട്ടു. ഇതില്‍ ഉടക്കിയ അമരീന്ദര്‍ തന്റെ അതൃപ്തി തുറന്ന് പ്രകടിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത സിദ്ദു പാക് സൈനിക തലവനെ ആലിംഗനം ചെയ്തതും വിവാദമായി. സിദ്ദുവും അമരീന്ദറും തമ്മില്‍ തുറന്ന യുദ്ധമായി. അമരീന്ദറിനെതിരായ സിദ്ദുവിന്റെ വിമര്‍ശനങ്ങള്‍ക്ക് ഹൈക്കമാന്‍ഡിന്റെ പരോക്ഷ പിന്തുണയുണ്ടായിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അത്ര സ്വീകാര്യനല്ലാത്ത അമരീന്ദറിനെ മെരുക്കാന്‍ ലഭിച്ച ഒരു ആയുധം കൂടിയായിരുന്നു സിദ്ദു. എന്നാല്‍ അത് പിന്നീട് വലിയ പാരയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതിക്കാണില്ല.

അമരീന്ദര്‍ സിങിന്റെ നിത്യവിമര്‍ശകനായിരുന്ന സിദ്ദു അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. തുടര്‍ന്ന് അദ്ദേഹം അമരീന്ദറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഹൈകമാന്‍ഡിന് മുന്നില്‍ എംഎല്‍എമാരെ വെച്ച് വിലപേശല്‍ തുടങ്ങി. സര്‍വ്വ ശക്തിയുമെടുത്ത് അമരീന്ദര്‍ ഇതിന് തടയിടാന്‍ നോക്കിയെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം സിദ്ദുവിനെ തിരഞ്ഞെടുത്തു. പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നതോടെ സിദ്ദു അമരീന്ദറിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചു. ഒടുവില്‍ അമരീന്ദറിനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് പുറത്തുചാടിച്ചു. ഇതോടെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ സിദ്ദുവിന് തെറ്റി. അമരീന്ദറിന് പകരക്കാരനായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത് ദളിത് വിഭാഗത്തില്‍ നിന്നുള്ള ചരണ്‍ജിത് ചന്നിയെയാണ്. നിരാശനായ സിദ്ദു അടങ്ങിയല്ല. ചന്നിയുമായിട്ടായി പിന്നീടുള്ള അദ്ദേഹത്തിന് പോര്. ഇതിനിടെ അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടു.

അമരീന്ദര്‍ സിങിനോട് കോര്‍ത്തതുപോലെ സിദ്ദു ചന്നിയോട് കോര്‍ത്തില്ലെങ്കിലും മുഖ്യമന്ത്രിപദമെന്ന തന്റെ സ്വപ്നത്തിനായി ചക്കളത്തിപ്പോര് തുടര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് പഞ്ചാബ് രാഷ്ട്രീയം വലിയ തലവേദനയായി മാറി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടിയായി അടുത്ത പോര്. ഒടുവില്‍ ആം ആദ്മി പാര്‍ട്ടിയെ മാതൃകയാക്കി ജനാഭിപ്രായം തേടി കോണ്‍ഗ്രസ് ചന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഇത്. ഉള്‍പാര്‍ട്ടി പോര് മൂലം തിരഞ്ഞെടുപ്പ് പ്രകടനപത്രിക പോലും കോണ്‍ഗ്രസിന് കൃത്യസമയത്ത് പുറത്തിറക്കാനായില്ല.

കഴിഞ്ഞ അഞ്ചു വര്‍ഷവും കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത തീര്‍ക്കലായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രധാന പണി. വിഭാഗീയതയില്‍ മനംമടുത്ത പഞ്ചാബ് ജനത ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിനെ സംസ്ഥാനത്തുനിന്ന് തൂത്തെറിഞ്ഞു.

കോണ്‍ഗ്രസിനെ മൂലയിലിരുത്തിയ സിദ്ദുവിന് സ്വന്തം തട്ടകംപോലും സംരക്ഷിക്കാനായില്ല. സിദ്ദു മത്സരിച്ച അമൃത്സര്‍ ഈസ്റ്റ് സിദ്ദു ദമ്പതിമാരുടെ കോട്ടയായാണ് കണക്കാക്കപ്പെട്ടിരുന്നത്. 2012-ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച സിദ്ദുവിന്റെ ഭാര്യയാണ് ഇവിടെ വിജയിച്ചിരുന്നത്. 2017-ല്‍ സിദ്ദു 42809 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. ഇത്തവണ ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥി ബിക്രം സിങ് മജീദിയായിരിക്കും സിദ്ദുവിന് വെല്ലുവളി ഉയര്‍ത്തുകയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച എഎപി തരംഗത്തില്‍ സിദ്ദുവും മജീതിയയും കടപുഴകി. ആം ആദ്മി പാര്‍ട്ടിയുടെ ജീവന്‍ ജ്യോത് കൗറാണ് ഇവിടെ ജയിച്ചു കയറിയത്.

Content Highlights: How Navjot Sidhu, Prisoner Number 241383-skips jail dinner first night

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented