ന്യൂഡല്‍ഹി: മെഘാലയയില്‍ പേരിന് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും സ്വന്തമായി ഇല്ലാതിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റ രാത്രിക്കൊണ്ട് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി ആയി മാറിയിരിക്കുകയാണ്. അര്‍ദ്ധരാത്രിയില്‍ നടന്ന അട്ടിമറിയിലൂടെ കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാരാണ് തൃണമൂലില്‍ ചേര്‍ന്നിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് എടുത്ത് പറയാന്‍ കഴിയുന്ന ഏക പേരായിരുന്നു മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടേത്. അദ്ദേഹമടക്കമാണ് പാര്‍ട്ടി വിട്ടത്. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ചൂണ്ടിക്കാട്ടാന്‍ ഒരു നേതാവ് പോലും ഇല്ലാതെയായി.

രണ്ടു മാസം മുമ്പാണ് മുകള്‍ സാങ്മ കോണ്‍ഗ്രസില്‍ തുടരുന്നതിലുള്ള അതൃപ്തി ആദ്യമായി അറിയിച്ചത്. മെഘാലയ കോണ്‍ഗ്രസ് അധ്യക്ഷനായി വിന്‍സന്റ് പാലയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അസ്വരാസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

അതൃപ്തി വര്‍ധിച്ചതോടെ സുഹൃത്തും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനെ സാങ്മ സമീപിച്ചു. സെപ്റ്റംബറില്‍ ഭപാനിപുര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ സാങ്മ കൊല്‍ക്കത്തയിലെത്തി പ്രശാന്ത് കിഷോറിനെ കണ്ടു. കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയത് ഈ കൊല്‍ക്കത്ത സന്ദര്‍ശനത്തോട് കൂടിയാണ്. 

സാങ്മ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുമെന്ന പ്രചാരണം ഇതിനിടയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കാതുകളിലെത്തി. സാങ്മയെ ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

ഡല്‍ഹിയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ സാങ്മ വര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്, കോണ്‍ഗ്രസ് ദേശീയ നേതൃത്വം എല്ലാ കാര്യങ്ങളും പരിഗണിച്ചുവെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു. 

ഇതിനിടയില്‍ പലതവണ പ്രശാന്ത് കിഷോറിനെ സാങ്മ ഡല്‍ഹിയിലെത്തി കണ്ടു. ദേശീയ തലത്തില്‍ മമതാ ബാനര്‍ജി നടത്തിവരുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ അദ്ദേഹം ആകൃഷ്ടനായതാണ് വിവരം. പ്രശാന്ത് കിഷോറും ഒപ്പംകൂടി. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും മെഘാലയയില്‍ വെച്ചും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളായി പ്രശാന്ത് കിഷോറിന്റെ ഐപിഎസി സംഘം മെഘാലയയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ടായിരുന്നു.

ഒടുവില്‍ കോണ്‍ഗ്രസിനോട് ടാറ്റ പറയാന്‍ തന്നെ സാങ്മ തീരുമാനിച്ചു. ഒപ്പം ഡസൻ എംഎല്‍എമാരും കൂടെ വന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലെത്തിക്കുന്ന തിരക്കിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഡല്‍ഹിയിലെത്തിയാല്‍ സ്ഥിരമായി സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്ന മമതാ ബാനര്‍ജി ഇത്തവണ കൂടിക്കാഴ്ച ഒഴിവാക്കിയതും ശ്രദ്ധേയമാണ്.