ന്യൂഡല്‍ഹി: നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് എത്രവരെയാകാമെന്ന് അറിയിക്കണമെന്ന്‌ മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജലനിരപ്പ് എത്ര ആയിരിക്കണമെന്ന് കോടതിയില്‍ വാദിച്ച് സമയം കളയാതെ തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ കേരളം തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസ് മറ്റന്നാള്‍ പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. 

കേരളത്തില്‍ പ്രളയം ഉണ്ടായ 2018-ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി സുപ്രീം കോടതി നിജപ്പെടുത്തിയിരുന്നു. നിലവില്‍ പ്രളയ സാഹചര്യം ഉള്ളതിനാല്‍ 2018-ന് സമാനമായ രീതിയില്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കനത്തമഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമെന്നും കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ കേരളത്തിന്റെ ആവശ്യത്തെ തമിഴ്‌നാട് എതിര്‍ത്തു. 2018-ല്‍ ജലനിരപ്പ് 139 അടി കടന്നിരുന്നു. അക്കാലത്ത് ഇടുക്കിയില്‍ കനത്തമഴയും ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ അത്തരം ഭീഷണി ഇല്ലെന്നും തമിഴ്‌നാട് വാദിച്ചു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് മേല്‍നോട്ട സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പരമാവധി ജലനിരപ്പ് എത്ര ആയിരിക്കണമെന്ന് അറിയിക്കാന്‍ സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഇന്ന് രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 137.2 അടി ആണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോടതി കേസ് പരിഗണിക്കുന്നത് വരെ ജലനിരപ്പ് 137 അടിയില്‍ നിര്‍ത്താന്‍ തമിഴ്‌നാടിനോട് നിര്‍ദേശിക്കണം എന്ന കേരളത്തിന്റെ ആവശ്യമാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച ഉണ്ടാക്കുന്നത് കൊണ്ടാണ് ഇത്തരം വിഷയങ്ങളില്‍ കോടതിക്ക് ഇടപെടേണ്ടി വരുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വര്‍ഷത്തില്‍ രണ്ട് തവണ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന്‌ വ്യക്തമാക്കി കഴിഞ്ഞ ആഴ്ച കേന്ദ്ര ജലകമ്മിഷന്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ കേരളം ഒരു മാസത്തെ സാവകാശം തേടിയിട്ടുണ്ട്.

content highlights: how much would be the maximum water level at mullaperiyar sc asks central water commission