ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കർഷക സമരത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ സമരഭൂമിയിൽ ഇനിയും എത്ര കർഷകരുടെ ജീവൻ പൊലിയേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കഴിഞ്ഞ 17 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ സമരഭൂമിയിൽ 11 കർഷകർ മരിച്ചുവെന്ന മാധ്യമവാർത്ത ഉദ്ധരിച്ചുകാണ്ടാണ് ട്വിറ്ററിലൂടെ രാഹുലിന്റെ വിമർശനം.
11 കർഷക സഹോദരങ്ങൾ രക്തസാക്ഷിത്വം വരിച്ചിട്ടും മോദി സർക്കാരിന് യാതൊരു അനുകമ്പയുമില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ ഇപ്പോഴും അവർക്ക് പണം നൽകുന്നവർക്കൊപ്പമാണെന്നും രാജ്യത്തെ അന്നദാതാക്കൾക്കൊപ്പമല്ലെന്നും കർഷരുടെ മരണവാർത്ത ഉദ്ധരിച്ചുകൊണ്ട് സുർജേവാല ആരോപിച്ചു. ഭരണഘടനാ ഉത്തരവാദിത്വമാണോ അതോ ധാർഷ്ട്യമാണോ കേന്ദ്രത്തിന് വലുതെന്ന കാര്യം രാജ്യത്തിന് അറിയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡൽഹി അതിർത്തികളെ സ്തംഭിപ്പിച്ചുകൊണ്ടുള്ള കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ കർഷ സംഘടനകളുമായി നടത്തിയ അഞ്ച് ചർച്ചകളും പരാജയപ്പെട്ടിരുന്നു. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കേന്ദ്രം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ട്രെയിൻ തടയൽ ഉൾപ്പെടെയുള്ള സമരമാർഗങ്ങളിലേക്ക് കടക്കുകയാണ് കർഷ സംഘടനകൾ.
content highlights:How many sacrifices will farmers have to make to get agri laws repealed, asks Rahul