Photo: PTI
ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നു. പാർലമെന്‍റ് പാസാക്കി, രാഷ്ട്രപതി ഒപ്പുവെച്ച് നിയമമായി മാറിയ ഈ കാര്‍ഷിക നിയമങ്ങള്‍ എങ്ങനെയാണ് റദ്ദാക്കുന്നത്? എന്തൊക്കെയാണ് നിയമം റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍?
നിയമം പാസാക്കിയെടുക്കുന്നതിന് സമാനമായ നടപടിക്രമങ്ങളാണ് നിയമം റദ്ദാക്കുന്നതിനുമുള്ളത്. ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കെ പ്രമേയം പാസാക്കിയാല്‍ മാത്രമേ അത് പിന്‍വലിക്കാന്‍ സാധിക്കൂ. നിയമമായി കഴിഞ്ഞാല്‍ റദ്ദാക്കുകയാണ് ചെയ്യുന്നത്. പിന്‍വലിക്കുന്നതും റദ്ദാക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
നിയമം പിന്‍വലിക്കാനുള്ള ശുപാര്‍ശ നിയമവുമായി ബന്ധപ്പെട്ട വകുപ്പ് കേന്ദ്ര നിയമവകുപ്പിന് അയച്ചുകൊടുക്കണം. പിന്‍വലിക്കുന്നത് സംബന്ധിച്ച നിയമവശങ്ങള്‍ നിയമമന്ത്രാലയം പരിശോധിക്കും. നിയമവുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയാണ് ബില്‍ ഇരുസഭകളിലും അവതരിപ്പിക്കുക. തുടര്‍ന്ന് ചര്‍ച്ച നടത്തി ബില്‍ പാസാക്കി രാഷ്ട്രപതിക്ക് കൈമാറും. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചാല്‍ റദ്ദാക്കല്‍ പ്രാബല്യത്തില്‍ വരുമെന്ന് നിയമവിദഗ്ധനായ പിഡിടി ആചാര്യ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
മൂന്ന് നിയമങ്ങള്‍ റദ്ദാക്കാന്‍ ഒരു ബില്‍ മതിയാവും. വളരെ ലളിതമായ നടപടി ക്രമങ്ങളാണ് നിയമം റദ്ദാക്കുന്നതിനുള്ളത്. അതിനാല്‍ പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ തന്നെ മൂന്ന് നിയമങ്ങളും പിന്‍വലിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: How is a law repealed in India? Farm laws repealed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..