ജാര്‍ഖണ്ഡിലെ മഹാസഖ്യത്തിന്റെ മുഖമായിരുന്നു ഹേമന്ത് സോറന്‍. മോദിയും അമിത് ഷായും പടനയിച്ച ബിജെപിക്കെതിരെ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി വിശാല സഖ്യത്തിന്റെ പടനായകന്‍. തിരഞ്ഞെടുപ്പിന് മുന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ പടനയിച്ച് വലിയ വിജയത്തിന്റെ തിളക്കവുമായി മുഖ്യമന്ത്രി കസേരയിലേക്ക് രണ്ടാം ഊഴം ഹേമന്ത് സോറന്‍ തുടങ്ങുകയായി.
അണികള്‍ ഗുരുജി എന്ന് വിശേഷിപ്പിക്കുന്ന ഷിബു സോറന്റെ മകനാണ് ഹേമന്ത് സോറന്‍. മൂന്നു തവണ മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് ഭരിച്ച ഷിബു സോറന്‍ തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത് മൂത്ത മകനായ ദുര്‍ഗ സോറനെയായിരുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ദുര്‍ഗയുടെ അപ്രതീക്ഷിത മരണവും ഷിബു സോറന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതും ഹേമന്ത് സോറനെ എല്‍പ്പിച്ചത് ജെഎംഎമ്മിനെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു.
അങ്ങനെയാണ് രാഷ്ട്രീയത്തില്‍ നിന്നും മാറിനടന്നിരുന്ന ഹേമന്ത് സോറന്‍ സജീവരാഷ്ട്രീയത്തിലിറങ്ങുകയും 2009ല്‍ ധുംകയില്‍ നിന്നും ജനവിധി തേടുകയും ചെയ്തത്. തുടര്‍ന്ന് 2013ല്‍ ജാര്‍ഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി വിശേഷണവും ഹേമന്തിനെ തേടിയെത്തി. പിന്നാലെയാണ് ഹേമന്ത് സോറന്‍ രാഷ്ട്രീയത്തില്‍ സജീവമായത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മികച്ച വിജയമാണ് ഹേമന്ത് സോറന്‍ നേടിയത്. ധുംക മണ്ഡലത്തില്‍ 13,188 വോട്ടിന്റെയും ബെര്‍ഹത്തില്‍ 25,740 വോട്ടിന്റെയും ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. രാഷ്ട്രീയ തന്ത്രങ്ങള്‍ക്കൊപ്പം ഹേമന്ത് സോറന്റെ വിജയത്തെ സ്വാധീനിച്ച ഘടകങ്ങളെന്തൊക്കെയാവാം?
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങളില്‍ നിന്നുള്ള 12 പേരടങ്ങുന്ന വിദഗ്ധ സോഷ്യല്‍ മീഡിയ സംഘമായിരുന്നു ഹോമന്ത് സോറന്റെ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങളുടെ പിന്നിലെ 'തല'. തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ 2018 മുതല്‍ക്ക് തന്നെ ആരംഭിച്ചിരുന്നു. ബിജെപി നിരയിലെ നേതാക്കന്മാരുടെ പ്രസംഗങ്ങളും സംസ്ഥാന, ദേശീയ രാഷ്ട്രീയ വിവാദങ്ങളുംസംഘം വിശകലനം ചെയ്തു. തുടര്‍ന്ന് ഇവയ്ക്ക് മറുപടി നല്‍കിക്കൊണ്ടുള്ള പ്രസംഗങ്ങളായിരുന്നു ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍.
പൊതുജനങ്ങള്‍ക്ക് അത്രപെട്ടന്ന് കാണാനോ സംസാരിക്കാനോ സാധിക്കാത്ത മുഖ്യമന്ത്രി രഘുബര്‍ദാസും എന്നാല്‍ ജനങ്ങളോട് സൗഹാര്‍ദ്ദപരമായി ഇടപെടുന്ന ഹോമന്ത് സോറനും തമ്മിലായിരുന്നു മത്സരം. വിദഗ്ധ സംഘത്തിന്റെ തന്ത്രങ്ങള്‍ ആ രീതിയിലായിരുന്നു വോട്ടര്‍മാരെ സ്വാധീനിച്ചത്.
ജെഎംഎമ്മിന്റെ എല്ലാ പരിപാടികളും സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളെ തത്സമയം അറിയിക്കാന്‍ ഇവര്‍ ശ്രമിച്ചു.
പാര്‍ട്ടിയുടെ ജില്ലാതല ട്വിറ്റര്‍ അക്കൗണ്ട് പോലും ലക്ഷക്കണക്കിന് പേരാണ് പിന്തുടരുന്നത്, ഫെയ്‌സ്ബുക്കിലും പാര്‍ട്ടി സജീവമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ പോലും അക്കൗണ്ടിലൂടെ ജനങ്ങള്‍ അറിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ നടന്ന 28 ദിവസം കൊണ്ട് 185 റാലികളിലാണ് ഹേമന്ത് സോറന്‍ പങ്കെടുത്തത്. എല്ലാ മണ്ഡലങ്ങളിലും രണ്ട് തവണയെങ്കിലും സന്ദര്‍ശനം നടത്തി, ജനങ്ങളോട് സംവദിച്ചു. പൊതുറാലികള്‍ക്ക് പുറമേ പൊതുജനസംഘങ്ങളുമായും അസോസിയേഷനുമായും കൂടിക്കാഴ്ച നടത്തി.
ദേശീയതയും ആര്‍ട്ടിക്കിള്‍ 370-ഉം പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ബിജെപി മുഖ്യവിഷയമാക്കിയപ്പോള്‍ പ്രാദേശിക വിഷയങ്ങളിലൂന്നി ഹേമന്ത് സോറന് പിന്നില്‍ ഒന്നിച്ചുനിന്നത് മഹാഖ്യത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി.
2018 സെപ്തംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെ ജെഎംഎം നടത്തിയ സംഗര്‍ഷ യാത്ര ജാര്‍ഖണ്ഡിന്റെ ഓരോ മുക്കിനേയും മൂലയേയും വരെ തൊട്ടു. ജനങ്ങളുമായി സംവദിച്ചു. ഈ ചര്‍ച്ചകളെല്ലാം ജെഎംഎമ്മിനും സോറനും പൂര്‍ണമായും ഗുണം ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ജനവികാരത്തെ മാനിച്ച് കൊണ്ട് വൈകാരികപരമായിരുന്നു ഹേമന്ത് സോറന്റെ പ്രചരണം. പാര്‍ട്ടിക്കും മേലെ ലാളിത്യവും മനുഷ്യത്ത്വവും കഴിവും പ്രാപ്തിയുമുള്ള നേതാവാണ് നിങ്ങളെ നയിക്കുക എന്ന തന്ത്രമാണ് ജാര്‍ഖണ്ഡില്‍ വിജയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Content Highlights: Hemant Soren, Jharkhand Assembly Election 2019, Shibu Soren,