ഡല്‍ഹിയിലെ കോടതിമുറിയില്‍ കൊല്ലപ്പെട്ട ജിതേന്ദ്ര ഗോഗിയുടേയും ടില്ലു ടാജ്പുരിയയുടേയും വേരുകള്‍ അന്വേഷിച്ചു പോയാല്‍ സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് നമുക്ക് കണ്ടെത്താനാകുക. ഒരുകാലത്ത് ഗോഗിയും ടില്ലുവും അടുത്ത സുഹൃത്തുക്കളായിരുന്നു. 2010-ല്‍ കോളേജിലെ സ്റ്റുഡന്റ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുവരും തമ്മിലുള്ള കുടിപ്പകയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഇരുവരും വഴിപിരിഞ്ഞ് പരസ്പരം കൊന്നുതള്ളാന്‍ തുടങ്ങി. 

2018 ജൂണില്‍ വടക്കന്‍ ദില്ലിയിലെ ബുരാരിയിലെ തിരക്കേറിയ റോഡില്‍വെച്ച് പകല്‍ നടന്ന ഗോഗി-ടില്ലു ഏറ്റുമുട്ടലില്‍ നിരപരാധിയായ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്നു വര്‍ഷം മുമ്പ് രോഹിണി കോടതിയിലും കഴിഞ്ഞ ജൂണില്‍ വടക്കന്‍ ദില്ലിയിലെ മറ്റൊരു തെരുവില്‍വെച്ചും ഏറ്റുമുട്ടലുണ്ടായി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇരുവരും തമ്മിലുള്ള ഗ്യാങ് വാറുകളില്‍ നൂറോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

ആരാണ് ജിതേന്ദ്ര ഗോഗി

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലുള്ള ആലിപുരില്‍ നിന്ന് വന്ന് ദില്ലി അധോലോകത്തിലെ ഡോണ്‍ ആയി മാറിയ കഥയാണ് ഗോഗിയുടേത്. 2010-ല്‍ പിതാവിന്റെ മരണത്തിന് ശേഷം ഗോഗി സ്ഥിരം കുറ്റവാളി ആയി മാറുകയായിരുന്നു. ഒരു വെടിവെപ്പ് കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗോഗി സ്വന്തമായി ഒരു ക്രിമിനല്‍ സംഘത്തെ വളര്‍ത്തിയെടുത്തു. കൊലപാതകം, കവര്‍ച്ച തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളുമായി ഈ ഗ്യാങ് പിന്നീട് സജീവമായി. 

2016-ല്‍ പാനിപ്പത്ത് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴി ഗോഗി രക്ഷപ്പെട്ടു. ഒടുവില്‍ 2019-ല്‍ ദില്ലി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഹരിയാനയയിലെ ഗുരുഗ്രാമല്‍ നിന്ന് മക്കോക്ക ചുമത്തി ഗോഗിയെ അറസ്റ്റ് ചെയ്തു. അന്ന് കൂടെ അറസ്റ്റ് ചെയ്യപ്പെട്ട കുല്‍ദീപ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. 

ഹരിയാന്‍വി ഗായികയും നര്‍ത്തകിയുമായ ഹര്‍ഷിത ദഹിയ, ആം ആദ്മി പാര്‍ട്ടി നേതാവ് വീരേന്ദ്ര മാന്‍ എന്നിവരുടെ കൊലപാതകങ്ങളില്‍ ഗോഗിയുടെ പങ്ക് വലുതായിരുന്നു. തിഹാര്‍ ജയിലിലായിരുന്ന കാലത്തും ഗോഗി പഠിച്ച പണി മറന്നിരുന്നില്ല. അന്ന് ദുബായിയില്‍ നിന്നുള്ള ബിസിനസുകാരനെ അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. 

ടില്ലു താജ്പുരിയയുമായുള്ള ശത്രുത

2010-ലാണ് ടില്ലുവും ഗോഗിയും തമ്മിലുള്ള പോര് തുടങ്ങിയതെങ്കിലും അത് തീവ്രമായത് 2013-ന് ശേഷമാണ്. അന്ന് ഡല്‍ഹിയെ വിറപ്പിച്ച ഗുണ്ടാനേതാവ് നീതി ദബോദിയ പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു. മറ്റൊരു നേതാവായ നീരജ് ഭവാനിയ ജയിലിനുള്ളിലുമായി. ഇതോടെ ഡല്‍ഹിയില്‍ ഗോഗിയും ടില്ലുവും കിരീടംവെയ്ക്കാത്ത രാജാക്കന്‍മാരായി.

ഇരുവരുടെയും ശത്രുത പത്ത് വര്‍ഷത്തോളം നീണ്ടു. രോഹിണിയിലെ 206-ാം നമ്പര്‍ കോടതി മുറിയില്‍ ആ ശത്രുതയ്ക്കാണ് താത്കാലിക വിരാമമായിരിക്കുന്നത്. ഗോഗിയെ കൊന്നത് ടില്ലുവിന്റെ സംഘത്തിലുള്ളവരാണോ അതോ പോലീസ് എന്‍കൗണ്ടറാണോ എന്ന സംശയം മാത്രം ശേഷിക്കുന്നു. 

Content Highlights: How college rivalry between Jitendra Gogi Tillu Tajpuria led to gang war