ന്യൂഡൽഹി: ഡൽഹിയിലെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിൽ നടുങ്ങിയിരിക്കുകയാണ് രാജ്യ തലസ്ഥാനം. വെടിവെപ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടാ തലവനായ ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയായിരുന്നു വെടിവെപ്പുണ്ടാകുന്നത്.

ഡൽഹിയിലെ പ്രമുഖമായ രണ്ട് ഗ്യാങ്ങുകൾ തമ്മിലുള്ള ശത്രുതയാണ് കോടതി വളപ്പിൽ അവസാനിച്ചത്. ടില്ലു തജ്പുരിയയുടെ ഗ്യാങ്ങാണ് ജിതേന്ദ്ര ഗോഗിയെ കൊന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഇരുവരും തമ്മിലുള്ള കുടിപ്പക വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്.

ജിതേന്ദ്ര ഗോഗിയും ടില്ലു തജ്പുരിയയും കൗമാര കാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്നു. എന്നാൽ 2010ൽ ഡൽഹിയിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കൈയേറ്റം ഉണ്ടാവുകയും ഇതിന് പിന്നാലെ ഇരുവരും ശത്രുതാ മനോഭാവം വെച്ചു പുലർത്തുകയായിരുന്നു. 

ആർഭാട ജീവിതം നയിക്കാൻ വേണ്ടി ഏതു കുറ്റകൃത്യവും ചെയ്യാൻ തയ്യാറായിരുന്നു ഇവർ. ഇരു ഗ്യാങ്ങുകൾ തമ്മിൽ നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിടുകയും ചെയ്തു. ആക്രമണത്തിൽ ഇരുഭാഗത്ത് നിന്നും നൂറിലേറെ പേർ കൊല്ലപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്. 

പണത്തിന് വേണ്ടി എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത കുറ്റവാളി എന്നാണ് ഗോഗിയെക്കുറിച്ച് ഡൽഹി പോലീസ് പറയുന്നത്. 

2012ൽ ടില്ലുവിന്റെ ഏറ്റവും വിശ്വസ്തനായ വികാസിന് ഗോഗിയും കൂട്ടാളികളും വെടിയുതിർത്തോടെയാണ് തർക്കം അക്രമാസക്തമാകുന്നത്. 

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് വീണ്ടും പോലീസിന്റെ പിടിയിൽ 

2015ൽ അറസ്റ്റിലായ ടില്ലു തിഹാർ ജയിലിലാണ്. ടില്ലുവിനെ തിരിച്ചടിക്കാൻ വേണ്ടി അവസരം കാത്ത് നിന്നപ്പോഴായിരുന്നു ഗോഗിയും പോലീസിന്റെ പിടിയിലാകുന്നത്. പാനിപ്പത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 2016ൽ ഹരിയാന കോടതിയിൽ വിചാരണയ്ക്കായി കൊണ്ടു പോകുന്ന വഴി ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാൾ ടില്ലുവിന്റെ മുഴുവൻ കൂട്ടാളികളെയും കൊലപ്പെടുത്തി. കഴിഞ്ഞ വർഷമാണ് ഗോഗി വീണ്ടും പിടിയിലാകുന്നത്. ഗുഡ്ഗാവിൽ നിന്നാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. 

ചെയ്ത് കൂട്ടിയത് കൊലപാതക പരമ്പര

ഹരിയാനയിലെ നാടൻപാട്ട് കലാകാരിയായ ഹർഷിത ദാഹിയയെയും അധ്യാപകൻ ദീപകിനെയും കൊലപ്പെടുത്ത കേസിലെ പ്രതിയാണ് ഗോഗി. ഗോഗിയുടെ കൂട്ടാളിയുമായി ബന്ധപ്പെട്ട കേസിൽ ദൃക്സാക്ഷിയായി എന്നതിനാലാണ് ദാഹിയയെ കൊലപ്പെടുത്തുന്നത്. ഇതിന് പുറമെ നിരവധി കൊലപാതകങ്ങളാണ് അദ്ദേഹം നടത്തിയത്. 

Delhi
Photo: PTI

6.5 ലക്ഷം ഇനാം പ്രഖ്യാപിച്ച കുറ്റവാളി

ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിരവധി കേസുകളുണ്ടായിരുന്ന ഗോഗിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 6.5 ലക്ഷം ഇനാമായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഡൽഹി 4 ലക്ഷം രൂപയും ഹരിയാന 2.5 ലക്ഷം രൂപയുമായിരുന്നു ഇനാം പ്രഖ്യാപിച്ചത്. 

ക്രിമിനൽ കേസിന്റെ വിചാരണയ്ക്കായി കോടതിയിലേക്ക്

ക്രിമിനൽ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ടാണ് ജിതേന്ദ്ര ഗോഗിയെ കോടതിയിലേക്ക് എത്തിച്ചത്. ഡൽഹി പോലീസിന്റെ എസ്കോർട്ടിലായിരുന്നു ഇയാളെ കോടതിയിലേക്ക് കൊണ്ടു വന്നത്. എന്നാൽ അഭിഭാഷകരെന്ന് തോന്നിപ്പിക്കുന്ന, അഭിഭാഷക വസ്ത്രധാരികളായ രണ്ടു പേർ ജിതേന്ദ്ര് ഗോഗിക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. 

Delhi
ഗോഗിയും കൂട്ടാളികളും അറസ്റ്റിലായപ്പോൾ Photo: PTI

കൂടെയുള്ള പോലീസുകാർ കണ്ണടച്ചു തുറക്കും മുമ്പ് എല്ലാം കഴിഞ്ഞിരുന്നു. വെടിയുതിർത്തവരെ പ്രത്യാക്രമണത്തിൽ കോടതി വളപ്പിൽ തന്നെ കൊല്ലപ്പെടുകയും ചെയ്തു.

കോടതിക്കുള്ളില്‍ ഏകദേശം 40 റൗണ്ട് വെടിയുതിർത്തതായാണ് വിവരം. സംഭവത്തിൽ ആകെ നാലുപേര്‍ മരിച്ചെന്നും അഭിഭാഷകയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൃത്യമായ ആസൂത്രണം കൊലപാതകം

കൃത്യമായ ആസൂത്രണത്തോടെയാണ് ഗോഗിയെ കൊല ചെയ്തത്. അഭിഭാഷക വേഷത്തിലായിരുന്നു കൊലപാതകികൾ എത്തിയത്. 207-ാം നമ്പർ കോടതി മുറിക്ക് പുറത്തു വെച്ചാണ് വെടിവെപ്പുണ്ടാകുന്നത്. ആർക്കും യാതൊരു സംശയവും തോന്നാത്ത രീതിയിൽ അഭിഭാഷ വേഷത്തിലെത്തിയവർ ഗോഗി തൊട്ടടുത്തെത്തിയപ്പോൾ നിറയൊഴിക്കുകയായിരുന്നു.

എന്നാൽ കോടതിക്കുള്ളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞത്. ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പോലീസ് സംഘം കീഴ്‌പ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

Content Highlights: How college rivalry between Jitendra Gogi, Tillu Tajpuria led to gang war