ന്യൂഡല്‍ഹി: വായുമലിനീകരണത്തെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ തേടുന്നതിനിടെ വീടുകളില്‍ നിന്ന് പുറന്തള്ളുന്ന പുകയിലും വിഷാംശമുണ്ടെന്ന കണ്ടെത്തലുമായി യുഎന്‍ റിപ്പോര്‍ട്ട്. ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തില്‍ 22 മുതല്‍ 55 ശതമാനം വരെ പങ്ക് വീടുകളില്‍ നിന്ന് പുറന്തള്ളുന്ന പുകയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ പുകമഞ്ഞ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ നേരിടാന്‍ ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് വരെ സര്‍ക്കാരും സുപ്രീംകോടതിയും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പൊതുഇടങ്ങളില്‍ നിന്നുള്ളതു മാത്രമല്ല വീടുകളില്‍ നിന്നുയരുന്ന പുകയും അന്തരീക്ഷവായുവിനെ വിഷലിപ്തമാക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 

വായുവിനെ വിഷരഹിതമാക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. വിഷപ്പുക നിയന്ത്രിക്കാന്‍ വിവിധ മാര്‍ഗങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. ശുദ്ധമായ ഇന്ധനങ്ങള്‍ ഉപയോഗിക്കണമെന്നും  പ്രകൃതിവാതകം,എല്‍പിജി ഉപയോഗം എന്നിവയില്‍ ശുദ്ധി ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക എന്നീ പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ഇതുവരെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടില്ലെങ്കിലും പൊതുഇടങ്ങളില്‍ നിന്നുയരുന്ന വിഷവാതകങ്ങള്‍ക്കൊപ്പം തന്നെ അപകടകരമാണ് വീടുകളില്‍ നിന്ന് പുറന്തള്ളുന്ന വാതകങ്ങളുമെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളില്‍ നിന്നുള്ള വിഷപ്പുക ശ്വസിക്കുന്ന കുട്ടികളില്‍ പഠനവൈകല്യം വരെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.