കളമശ്ശേരിയിൽ തകർന്നുവീണ വീട് | Photo: ഷഹീർ സി.എച്ച്. മാതൃഭൂമി
കളമശ്ശേരി: ' അമ്മക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല'-കളമശ്ശേരിയില്‍ വീട് ഇടിഞ്ഞ് താഴുന്നത് നേരില്‍ക്കണ്ട സരള എന്ന വീട്ടമ്മയുടെ മകളും കൗണ്‍സിലറുമായ ബിന്ദുമനോഹരന്‍ പറയുന്നു.
അപകടം നടന്ന വീടിന്റെ രണ്ട് വീട് അപ്പുറത്താണ് സരളയുടെ വീട്. രാവിലെ കുളി കഴിഞ്ഞ് തുണി വിരിക്കാന്‍ വീടിന്റെ ടെറസില്‍ കയറിയതായിരുന്നു. അപ്പോഴാണ് ലോറിയില്‍ നിന്ന് ചരല്‍ ഇറക്കുന്നതുപോലെയുള്ള ശബ്ദത്തോടെ വീട് ഇടിയുന്നത് കണ്ടത്. പിന്നാലെ ഹയറുവിന്റെ വീട് ഇടിഞ്ഞ് താഴുന്നുവെന്ന് നിലവിളിച്ചുകൊണ്ട് അവർ ഓടി എത്തുകയായിരുന്നു.
ബിന്ദു പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. വീട്ടുടമസ്ഥന്‍ ഹംസക്ക് ചായക്കടയാണ്. അത് തുറക്കാന്‍ പോകുന്നതും അമ്മ സരള കണ്ടിരുന്നു. അമ്മ തന്നെയാണ് ഹംസയുടെ ഭാര്യയും മകളും മാത്രമേ അവിടെ ഉണ്ടാകൂ എന്ന കാര്യം ഓര്‍മിപ്പിച്ചതും. വീട് കുലുങ്ങുന്നത് കണ്ട് ഹയറുന്നിസയും മകളും മൂന്നാമത്തെ നിലയിലെ മുറിയിലേക്ക് മാറി. പിന്നാലെ നാട്ടുകാരടക്കം ചേര്‍ന്ന്. വീട്ടിലകപ്പെട്ടുപോയ അവരെ പുറത്ത് എത്തിക്കുകയായിരുന്നു.

അപകടം നേരില്‍ കണ്ടതിന്റെ നടുക്കം ഇപ്പോഴും സരളക്ക് മാറിയിട്ടില്ല.
കഴിഞ്ഞ 20 വര്‍ഷമായി ഹംസയും കുടുംബവും ഈ വീട്ടിലാണ് താമസിക്കുന്നത്. താഴത്തെ നിലയില്‍ നാല് പേരടങ്ങുന്ന മറ്റൊരു കുടുംബം വാടകക്ക് താമസിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അവര്‍ താമസം മാറി പോയത്. അതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ഹംസയുടെ വീടിനോട് ചേര്‍ന്ന നാല് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തൊട്ടടുത്ത വീട് ഒരു ഭാഗത്തേക്ക് ചരിഞ്ഞ് പോയി. ഈ കുടുംബങ്ങളെ തൊട്ടടുത്ത് കൂനംതൈ അംഗന്‍വാടിയില്‍ ക്യാമ്പ് തുറന്ന് അവിടേക്ക് മാറ്റി.
ഇടിഞ്ഞ് താഴ്ന്ന വീടിന്റെ ഭാഗങ്ങള്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. വില്ലേജ് ഓഫീസർ എത്തി നാശനഷ്ടം വിലയിരുത്തി. ഹംസയും കുടുംബവും സഹോദരിയുടെ വീട്ടിലേക്ക് മാറി.
Content Highlights: House collapsed in Kalamassery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..