
ബലൂൺ സഞ്ചാരികളുമായി ആകാശത്ത്
പൊള്ളാച്ചി: ബലൂണ്‍ പറത്തുന്നതിനെക്കാള് എളുപ്പമാണ് ബലൂണില്‍ പറക്കല്‍. പറക്കുക എന്ന മനുഷ്യന്റെ മോഹത്തിന്റെ ഏറ്റവും ലളിതമായ രൂപവുമാണ് ബലൂണില്‍ പറക്കല്‍. പൊള്ളാച്ചിക്കാര്‍ ഈവര്‍ഷവും ബലൂണില്‍ പറന്നു. പൊള്ളാച്ചിക്കാര്‍ മാത്രമല്ല തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരും.
ജനവരി 11 മുതല്‍ 15 വരെയായിരുന്നു പൊള്ളാച്ചിയില്‍ കോയമ്പത്തൂര്‍ റോഡില്‍ വടക്കിപ്പാളയം പിരിവിലെ മൈതാനത്ത് ബലൂണ്‍ ഫെസ്റ്റിവല്‍ നടന്നത്. ഇത് ആറാം വര്‍ഷമാണ് ഫെസ്റ്റിവല്‍ പൊള്ളാച്ചിയിലെത്തുന്നത്. ചിത്രങ്ങളിലും വീഡിയോകളിലും സിനിമകളിലും മറ്റും മാത്രം കണ്ടിട്ടുള്ള ബലൂണകള്‍ കാണാന്‍ ആളുകള്‍ ഒഴുകിയെത്തി. ആവേശത്തോടെ എത്തിയ എല്ലാവര്ക്കും പക്ഷേ ബലൂണില്‍ കയറാന്‍ പറ്റിയില്ല. ബലൂണ്‍ വെറുതെ അങ്ങ് പറത്തുകയല്ല എന്നത് തന്നെ കാരണം. നിരവധി ഘടകങ്ങള്‍ നോക്കിയാണ് ബലൂണ്‍ പറത്തുക. കാറ്റിന്റെ ശക്തിയും ഗതിയുമാണ് ഏറ്റവും പ്രധാനം. പിന്നെ വെയില്, മഴ എല്ലാം നോക്കണം.

ചൂടുവായു നിറച്ച കൂറ്റന്‍ ബലൂണാണ് പറത്തുക. ഗ്യാസ് ഉപയോഗിച്ച് തീകത്തിച്ച് ബലൂണിനകത്ത് ചൂടുവായു ഉറപ്പാക്കും. ബലൂണിന് താഴെ വലിയ കൊട്ടയിലാണ് സഞ്ചാരികളെ കയറ്റുക. മുതിര്‍ന്നവര്‍ രണ്ടുപേര്‍ക്ക് ഒരേ സമയം കയറാം. ചൂടുവായു നിയന്ത്രിക്കുന്നതിനും മറ്റുമായി ഒരു സാങ്കേതിക വിദഗ്ദനും കൂടെയുണ്ടാവും. ഒരു ഗ്യാസ് സിലിണ്ടറും. ജപ്പാനില്‍ നിന്നും നെതര്‍ലാന്‍ഡില്‍ നിന്നും കൊണ്ടുവന്ന ബലൂണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും ആ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തന്നെ.

ഒരു തൂവല്‍ പറന്നുയരുന്നപോലെ ബലൂണിനൊപ്പം സഞ്ചാരികള്‍ ഉയരും. നമ്മുടെ ഭാരം ഇല്ലാതായെന്നു തോന്നുന്ന അനുഭവമല്ലാതെ യാതൊരു വിധ അസ്വസ്ഥതകളും ഉണ്ടാവില്ല. ഉയരക്കൂടുതലുള്ളവര്‍ക്ക് ബലൂണിലേക്ക് തുപ്പുന്നതിന്റെ ചൂട് ചെറുതായി അറിയാന്‍ പറ്റും. ചെറിയ കുട്ടികളെ കയറ്റില്ല. എല്ലാ ദിവസവും രാവിലെയായിരുന്നു ബലൂണില്‍ സഞ്ചാരം. 1500 രൂപയായിരുന്നു നിരക്ക്. പത്ത് കിലോമീറ്ററിലധികം ചുറ്റും.

വൈകുന്നേരങ്ങളില്‍ ബലൂണില്‍ കയറി നിശ്ചിത ഉയരം പൊങ്ങി നഗരദൃശ്യം കണ്ട് ആളുകള്‍ തിരിച്ചിറങ്ങി. 1250 രൂപയായിരുന്നു ഒരാള്‍ക്ക് നിരക്ക്. കാലാവസ്ഥ അനുസരിച്ച് 30 മുതല്‍ 60 പേരെ വരെമാത്രമേ കയറ്റിയൂള്ളൂ. ആദ്യം എത്തിയവര്‍ക്കായിരുന്നു പ്രവേശനം. ബാക്കിയുള്ളവരോട് അടുത്ത വര്‍ഷം പറക്കാം എന്ന് സമാധാനിപ്പിച്ച് വിട്ടു, സംഘാടകര്‍. കയറാന്‍ പറ്റാത്തവര്‍ തീ തുപ്പുന്ന ബലൂണുകള്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്തും വീഡിയോ പകര്‍ത്തിയും മടങ്ങി.
ഫെസ്റ്റിന്റെ ഭാഗമായി കലാപരിപാടികളും ഭക്ഷ്യമേളയും കുട്ടികള്‍ക്ക് ഉല്ലാസത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. തമിഴ്നാട് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ രണ്ട് കമ്പനികളാണ് ഫെസ്റ്റ് ഒരുക്കിയത്.
Content Highlight: Hot air balloon festival in Pollachi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..