ന്യൂഡല്‍ഹി: പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ പാകിസ്താന്‍ ഭീകരവാദമുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ തഹ്‌രീഖ് ഇ ഇന്‍സാഫിനുണ്ടായ വിജയത്തില്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുന്നതായും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. 

ദക്ഷിണേഷ്യയെ തീവ്രവാദ മുക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നു പ്രതീക്ഷിക്കുന്നു. പുതിയ സര്‍ക്കാരിനു കീഴില്‍ ഭീകരവാദവും ആക്രമണങ്ങളുമില്ലാത്ത, സുരക്ഷിതത്വവും സമൃദ്ധിയും സ്ഥിരതയുമുള്ള രാജ്യമായി പാകിസ്താന്‍ മാറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിലൂടെ മേഖലയില്‍ സമാധാനവും സമൃദ്ധിയും കൊണ്ടുവരിക എന്നതാണ് ഇന്ത്യയുടെ നയം. ഇതിനായി തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

തന്റെ ചൈനീസ് സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായി മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ സഹകരണത്തിലൂടെ രാജ്യ കൂടുതല്‍ സ്ഥിരതയും വികസനവും കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Pakistan, terror-free region, Narendra Modi, terrorism