ന്യൂഡല്‍ഹി: ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഘര്‍ഷം ഉടന്‍ പരിഹരിക്കപ്പെടില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു എംബസി.

അതിര്‍ത്തിയിലെ നില സങ്കീര്‍ണമാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്ന് കരുതുന്നു. ഒപ്പം അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ആരോഗ്യപരമായ നയതന്ത്ര ബന്ധത്തിനു അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് എംബസി വക്താവിന്റെ ട്വീറ്റില്‍ പറയുന്നു. 

തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടന്നിട്ടും പാംഗോങ് തടാകം, ഡെസ്പാങ് ഏരിയ എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറാന്‍ കൂട്ടാക്കാതെ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാലം സംഘര്‍ഷം നീണ്ടുനിന്നേക്കാമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാട്. അതിനാല്‍ കൂടുതല്‍ കാലം ഉയര്‍ന്ന പ്രദേശത്ത് സൈനിക സന്നാഹം തുടരേണ്ടി വരുമെന്ന കണക്കുകൂട്ടലില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ചൈനീസ് എംബസിയുടെ പ്രതികരണം വന്നത്. 

Content Highlights: Hope India won't complicate border issue: China