ഹോപ് ഷൂട്ട്‌സ്- പേര് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും ഇതൊരു പച്ചക്കറിയുടെ പേരാണെന്നും കിലോയ്ക്ക് ഒരു ലക്ഷം രൂപ വരെ വിലയുണ്ടെന്നും കേട്ടാല്‍ ഒന്നമ്പരക്കും. ആഡംബരഹോട്ടലുകളിലെ സ്‌പെഷ്യല്‍ വിഭവങ്ങളുടെ പാചക പരീക്ഷണത്തിനൊരുങ്ങുമ്പോള്‍ മാത്രമാണ് നാം ചിലപ്പോള്‍ ലെറ്റൂസോ സ്പ്രിങ് ഒനിയനോ പോലെയുള്ള ചില വിലകൂടിയ പച്ചക്കറികള്‍ വാങ്ങാനൊരുങ്ങാറുള്ളൂ. സാധാരണക്കാര്‍ ഹോപ് ഷൂട്ട്‌സ് വാങ്ങാനിടയില്ലെങ്കിലും ഇന്ത്യയിലെ കര്‍ഷകരുടെ തലവര തന്നെ മാറ്റാനിടയുള്ള ഒരു കാര്‍ഷികവിളയായാണ് ഹോപ് ഷൂട്ട്‌സ് വിലയിരുത്തപ്പെടുന്നത്. 

ബിഹാര്‍ ഔറംഗാബാദിലെ അമരേഷ് സിങ് എന്ന മുപ്പത്തിയെട്ടുകാരനാണ് വലിയ റിസ്‌കെടുത്ത് ഹോപ് ഷൂട്ട്‌സ് കൃഷി ചെയ്യാനൊരുങ്ങിയത്. വാരാണസിയിലെ ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നാണ് അമരേഷ് ഹോപ് ഷൂട്ട്‌സിന്റെ തൈകള്‍ വാങ്ങിയത്. രണ്ടര ലക്ഷം രൂപയാണ് അമരേഷ് ഹോപ് ഷൂട്ട്‌സ് കൃഷിക്കായി നിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍  ഹോപ് ഷൂട്ട്‌സ് കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 

പ്രത്യേക ആവശ്യപ്രകാരം മാത്രമാണ് ഇന്ത്യയിലെ വിപണിയില്‍ ഹോപ് ഷൂട്ട്‌സ് എത്തിച്ചേരുന്നത്, അതും തികച്ചും അപൂര്‍വമായി മാത്രം. ആവശ്യപ്പെട്ടാലും ഹോപ് ഷൂട്ട്‌സ് ആവശ്യക്കാരിലേക്കെത്താന്‍ കാലതാമസമെടുക്കുന്നതാണ് പതിവ്. അന്താരാഷ്ട്രവിപണിയില്‍ ആറ് കൊല്ലം മുമ്പ് തന്നെ എത്തിയിരുന്ന ഹോപ് ഷൂട്ട്‌സിന് ചോളത്തിന്റെ ആകൃതിയാണ്. കഞ്ചാവ്, ചണം തുടങ്ങിയ ചെടികള്‍ ഉള്‍പ്പെടുന്ന സസ്യവര്‍ഗത്തില്‍ പെടുന്ന ഹ്യൂമുലസ് ലൂപുലസ് അഥവാ ഹോപ് ചെടി. 

ഈ ചെടിയുടെ പൂവ്, ഫലം, തണ്ട് എന്നിവയെല്ലാം ഉപയോഗപ്രദമാണ്. ബിയര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ഹോപ് ഷൂട്ട്‌സിന് അര്‍ബുദവും ക്ഷയരോഗവും മാറ്റാന്‍ നൈസര്‍ഗികമായ ശേഷിയുണ്ട്. ഈ പച്ചക്കറിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ക്ക് ചര്‍മത്തിന്റെ ആരോഗ്യവും കാന്തിയും വര്‍ധിപ്പിക്കാനാവും. കൂടാതെ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ അകറ്റി മാനസികാരോഗ്യം വര്‍ധിപ്പിക്കാനും ഹോപ് ഷൂട്ട്‌സിന് കഴിവുണ്ട്. ആരോഗ്യദായകവും സാമ്പത്തിക ലാഭം നല്‍കുന്നതുമായ ഹോപ് ഷൂട്ട്‌സിന്റെ കഥ ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലാണ്. 

 

Content Highlights: Hop-Shoots vegetable that costs Rs one lakh per kilo cultivated in Bihar