ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ മേയ് മൂന്ന് വരെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകള്‍ക്കും ഹോങ്കോങ്  വിലക്കേര്‍പ്പെടുത്തി. പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും ഹോങ്കോങ് ഈ കാലയളവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വിസ്താര വിമാനങ്ങളില്‍ ഈ മാസം എത്തിച്ചേര്‍ന്ന അമ്പതോളം യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹോങ്കോങ്ങിന്റെ നടപടി. വിസ്താരയുടെ എല്ലാ സര്‍വീസുകള്‍ക്കും മേയ് രണ്ട് വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

ഞായറാഴ്ച ഹോങ്കോങിലെത്തിയ മൂന്ന് മുംബൈ-ഹോങ്കോങ്  വിസ്താര യാത്രക്കാര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണ് നടപടി. ഏപ്രില്‍ ആറ് മുതല്‍ ഏപ്രില്‍ 19 വരെ എല്ലാ ഡല്‍ഹി-ഹോങ്കോങ് വിസ്താര സര്‍വീസുകളും നിര്‍ത്തി വെച്ചിരുന്നു. 

ഹോങ്കോങിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന യാത്രക്കാര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുകയും കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണമെന്നാണ് അധികൃതരുടെ നിര്‍ദേശം. 

ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. സജീവരോഗികളുടെ എണ്ണം 18 ലക്ഷത്തിന് മുകളിലാണ്. 1

 

 

Content Highlights: Hong Kong Suspends Flights Connecting India From Tuesday To May 3