ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡല്‍ഹിയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഹോങ്‌കോങ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ മൂന്നുവരെയാണ് വിലക്ക്.

കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ഹോങ്‌കോങ്ങിലെത്തിയ ചില യാത്രക്കാര്‍ വിമാനത്താവളത്തില്‍വെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് ഹോങ്‌കോങ്ങിന്റെ നടപടി.

ഇന്ത്യയില്‍നിന്നെത്തുന്ന യാത്രക്കാര്‍ കോവിഡ് പോസിറ്റീവ് ആകുന്ന പശ്ചാത്തലത്തില്‍ ഇത് അഞ്ചാം തവണയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്‌കോങ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കു മാത്രമേ ഇന്ത്യയില്‍നിന്ന് ഹോങ്‌കോങ്ങിലേക്ക് പോകാനാവൂ. മാത്രമല്ല, മറ്റു രാജ്യങ്ങളില്‍നിന്ന് ഹോങ്‌കോങ് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ വെച്ചു തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും വേണം. ജൂലൈയിലാണ് ഈ നിബന്ധന ഹോങ്‌കോങ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്.

നേരത്തെ, ഓഗസ്റ്റ് 18-31, സെപ്റ്റംബര്‍ 20-ഒക്ടോബര്‍ 3, നവംബര്‍ 17-നവംബര്‍ 30 എന്നീ കാലയളവില്‍ ഡല്‍ഹിയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോങ്‌കോങ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 10 വരെ മുംബൈയില്‍നിന്നുള്ള വിമാനങ്ങള്‍ക്കും ഹോങ്‌കോങ് വിലക്ക് ഏര്‍പ്പെടുത്തിരുന്നു.

content highlights: hong cong bans air india flights