പഞ്ച്കുള: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണി പ്രീതിന്റെ മൊബൈല്‍ ഫോണില്‍ നിന്നും വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു. ഹണി പ്രീതിന്റെ ഐ ഫോണ്‍ സൈബര്‍ ലാബ് വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് സൈബര്‍ വിദഗ്ധര്‍ നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
ഹണി പ്രീതിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഫോണ്‍ വിപാസനയുടെ പക്കലുണ്ടെന്ന് പോലീസിന് വ്യക്തമായത്. ഓഗസ്ത് 26നാണ് ഫോണ്‍ വിപാസനയ്ക്ക് കൈമാറിയതെന്നും ഹണി പ്രീത് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഡേര ആശ്രമത്തിലെ വൈസ് ചെയര്‍പേഴ്സണ്‍ വിപാസന ഇന്സാന് ഫോണ്‍ പോലീസിന് കൈമാറി.
ഹണി പ്രീതിന്റെ വിരലടയാളം ഉപയോഗിച്ചാണ് അവരുടെ ഐഫോണ്‍ ലോക്ക് ചെയ്തിരിക്കുന്നതും അതിനാല്‍ അവരുടെ സാന്നിധ്യത്തില്‍ അല്ലാതെ ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.
വിപാസനയുടെ സാന്നിധ്യത്തില്‍ തന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ നാലോളം തവണ പോലീസ് ഹണി പ്രീതിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തെങ്കിലും ഫോണില്‍ നിന്നും ഐ ഫോണ്‍ ക്ലൗഡില്‍ നിന്നും വിവരങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണുള്ളത്. വിപാസനയ്ക്ക് കൈമാറുന്നതിന് മുന്‍പ് ഹണി പ്രീത് വിവരങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടാവുമെന്നാണ് പോലീസിന്റെ നിഗമനം.
ഫോണ്‍ നശിപ്പിച്ചു കളഞ്ഞോ എന്ന് ചോദ്യം ചെയ്യലിനിടെ പോലീസ് ഹണി പ്രീതിനോട് ചോദിച്ചിരുന്നു.എന്നാല്‍ തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ഹണി പ്രീതിന്റെ മറുപടി. ഫോണില്‍ നിന്നും നഷ്ടപ്പെട്ട വിവരങ്ങളെ കുറിച്ചുള്ള പോലീസിന്റെ ചോദ്യങ്ങളെ ഹണി പ്രീത് അവഗണിച്ചു.
പ്രകോപനപരമായ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറ്റവും ഹണി പ്രീതിനെതിരെ ചുമത്തിയിട്ടുണ്ട്. ഒളിവിലായിരുന്ന 38 ദിവസം ഹണി പ്രീത് ഉപയോഗിച്ച 17 സിമ്മുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..