ന്യൂഡല്‍ഹി:  ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കില്ലെന്ന നിലപാടുമായി ആര്‍എസ്എസ്. സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്വവര്‍ഗ വിവാഹത്തെ പിന്തുണക്കാനാകില്ലെന്ന് ആര്‍എസ്എസ് നിലപാടെടുത്തത്. 

സുപ്രീംകോടതി വിധിയില്‍ പറയുന്നതുപോലെ സ്വവര്‍ഗ ലൈംഗികത കുറ്റമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എന്നാല്‍ അത് സ്വാഭാവികമല്ലാത്തതിനാല്‍ സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കാനാകില്ലെന്നും ആര്‍എസ്എസ് പ്രചാര്‍ പ്രമുഖായ അരുണ്‍ കുമാര്‍ പറഞ്ഞു. 

ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളില്‍ നിന്നാണ് മനുഷ്യന്‍ പലതും പഠിക്കുന്നത്. ഈ വിഷയത്തെ മനസികവും സാമൂഹ്യവുമായ തലത്തില്‍ ചര്‍ച്ചചെയ്യുകയും കൈകാര്യം ചെയ്യുകയും വേണ്ടതുണ്ടെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.