സ്വവര്‍ഗലൈംഗികതന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് ആര്‍.എസ്.എസ്. ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2016 എന്ന പരിപാടിയില്‍ സംസാരിക്കവേ ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയാണ് നിലപാട് വ്യക്തമാക്കിയത്.  

'എന്തുകൊണ്ട് ആര്‍.എസ്.എസിന് സ്വവര്‍ഗരതി അഭിപ്രായമുണ്ടായിക്കൂടാ? മറ്റുള്ളവരെ ബാധിക്കാത്തിടത്തോളംഅത് കുറ്റകരമല്ല. ലൈംഗികത തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിനിഷ്ടമാണ്.'ദത്താത്രേയ ഹോസബാലെ പറഞ്ഞു. 

ആര്‍.എസ്.എസിന്റെ പ്രസ്താവന സ്വവര്‍ഗരതി നിരോധിച്ച നിയമത്തില്‍ നിന്നുള്ള നിലപാടിന് മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് സഹായകരമാകും.  ഇന്ത്യന്‍ ശിക്ഷാ നിയമം 377 പ്രകാരം സ്വവര്‍ഗ രതി ഇന്ത്യയില്‍ കുറ്റകരമാണ്. 

സ്വവര്‍ഗരതി കുറ്റകരമായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി യാഥാസ്ഥിതികമാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രസ്താവിച്ചിരുന്നു. ഇത് ന്യൂനപക്ഷ അവകാശമായാണ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത്. എന്നാല്‍ ജെയ്റ്റ്ലിയുടെ നിലപാടിന് വിരുദ്ധമായിരുന്നു ബി.ജെ.പി നിലപാട്. 

ഇന്ത്യന്‍ ശിക്ഷാ നിയമം 377 പ്രകാരം സ്വവര്‍ഗരതി പ്രകൃതി വിരുദ്ധവും 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2009ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വിധിച്ചിരുന്നുവെങ്കിലും സുപ്രീം കോടതി 2013 ല്‍ ആ വിധി തിരുത്തിയിരുന്നു.