ന്യൂഡല്‍ഹി: സ്വവര്‍ഗരതി ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി. ഇതിന് പരിഹാരം കണ്ടെത്താനായി വൈദ്യശാസ്ത്ര ഗവേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാകുന്ന ഐ.പി.സി 377-ാം വകുപ്പിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്ന സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം.

സ്വവര്‍ഗരതി എന്നത് പ്രകൃതിവിരുദ്ധമായ കാര്യമാണ്. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഹിന്ദുത്വത്തിന് എതിരാണത്. ഇത് ചികിത്സിച്ച് ഭേദമാക്കാനാകുമോ എന്ന് കണ്ടെത്തുന്നതിനായി ഗവേഷണങ്ങള്‍ നടത്തണം- സുബ്രമണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല സ്വവര്‍ഗരതിക്കെതിരെ സുബ്രമണ്യന്‍ സ്വാമി തന്റെ നിലപാട് വ്യക്തമാക്കുന്നത്. സ്വവര്‍ഗാനുരാഗികളെ ശിക്ഷിക്കാനായി ഐ.പി.സിയുടെ 377-ാം വകുപ്പ് നിലനിര്‍ത്തണമെന്ന് അദ്ദേഹം കഴിഞ്ഞ ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വവര്‍ഗ ലൈംഗികത ആഘോഷിക്കുകയും പങ്കാളികളെ കണ്ടെത്താന്‍ ഗേ ബാറുകള്‍ ആരംഭിക്കുകയും ചെയ്യാതിരിക്കുന്നിടത്തോളം ഇതൊരു പ്രശ്മല്ല. അവരുടെ സ്വകാര്യതയില്‍ അവര്‍ക്ക് എന്തും ചെയ്യാം. ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാനാകില്ല. എന്നാല്‍ അവര്‍ സ്വവര്‍ഗാനുരാഗി ചമഞ്ഞു നടക്കാന്‍ തുടങ്ങിയാല്‍ അതിനെതിരെ നടപടി വേണം. ഇതിനായി 377-ാം വകുപ്പ് ആവശ്യമാണ്- സുബ്രമണ്യന്‍ സ്വാമി വ്യക്തമാക്കിയിരുന്നു.

അതേസമയം ഐ.പി.സിയുടെ 377-ാം വകുപ്പിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് നിര്‍ണായക വാദം കേള്‍ക്കും. കോടതി നടപടികള്‍ മാറ്റിവെക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു.

Content Highlights: homosexuality against hindutva need to find cure says subramanian swamy