ന്യൂഡല്‍ഹി: ഇന്ത്യയുടെ തീരസുരക്ഷയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ സേനാവിഭാഗം രൂപവത്കരിക്കാനൊരുങ്ങുന്നു. സിആര്‍പിഎഫ്, ബിഎസ്എഫ് എന്നീ കേന്ദ്രസേനകളുടെ മാതൃകയില്‍ സെന്‍ട്രല്‍ മറൈന്‍ പോലീസ് ഫോഴ്‌സിന് രൂപം നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത്. ഇതിനായുള്ള ശുപാര്‍ശ അടുത്ത മാസം തന്നെ കേന്ദ്ര മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റ് കേന്ദ്രസേനകളെപ്പോലെ പ്രത്യേകം സൈനികര്‍, നിയമങ്ങള്‍, പ്രവര്‍ത്തന ശൈലി, ചട്ടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സെന്‍ട്രല്‍ മറൈന്‍ പോലീസ് ഫോഴ്‌സിനുമുണ്ടാകും. ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ മേധാവിയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
13 സംസ്ഥാനങ്ങള്‍, 1197 ദ്വീപുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയിലായി പരന്നുകിടക്കുന്ന 7,516 കിലോമീറ്ററോളം വരുന്ന സമുദ്രതീരത്തിന്റെ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ സേന രൂപവത്കരിക്കുന്നത്.
2016ലാണ് ഇത്തരമൊരു സേന രൂപവത്കരിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് മുന്നോട്ടുപോയില്ല. എന്നാല്‍ പാകിസ്താന്‍ കേന്ദ്രമാക്കിയ ഭീകര സംഘടനകള്‍ ഇന്ത്യയുടെ തീരദേശങ്ങളെ ലക്ഷ്യമിടുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങളാണ് മറൈന്‍ പോലീസ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗം കൂട്ടിയത്.
2005 ല്‍ തീരദേശ സുരക്ഷ ശക്തിപ്പെടുത്താനായി നടപ്പാക്കിയ നടപടികളെ തുടര്‍ന്ന് 200 തീരദേശ പോലീസ് സ്‌റ്റേഷനുകള്‍, 204 ബോട്ടുകള്‍, 30 ജെട്ടികള്‍, 284 നാലുചക്ര വാഹനങ്ങള്‍, 554 ബൈക്കുകള്‍, 97 ചെക്‌പോസ്റ്റുകള്‍, 58 ഔട്ട് പോസ്റ്റുകള്‍, 30 ബാരക്കുകള്‍ എന്നിവ വിവിധ സംസ്ഥാനങ്ങളിലായി അനുവദിച്ചിരുന്നു. തീരദേശ പോലീസ് അതാത് സംസ്ഥാനങ്ങളുടെ കീഴിലാണ് വരുന്നത്.
തീരദേശ പോലീസ്, തീര സംരക്ഷണ സേന, നാവിക സേന എന്നിങ്ങനെ നാല് ഘട്ടങ്ങളുള്ള സുരക്ഷാ സംവിധാനമാണ് രാജ്യത്തിന്റെ സമുദ്ര മേഖലകളിലെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിലേക്കാണ് സെന്‍ട്രല്‍ മറൈന്‍ പോലീസ് ഫോഴ്‌സ് കൂടിയെത്തുന്നത്. പുതിയ കേന്ദ്രസേനയുടെ പ്രവര്‍ത്തന പരിധി എത്രത്തോളമാണെന്ന് വ്യക്തമായിട്ടില്ല.
Content Highlights: Home Ministry draws up proposal for Marine Police Force