ഷിംല: കാലങ്ങളായി പിന്തുടരുന്ന സംസ്‌കാരം മൂലം കോവിഡ് വാക്‌സിനേഷന്‍ മുടങ്ങിയ ഒരു ഇന്ത്യന്‍ ഗ്രാമമുണ്ട് ഹിമാചല്‍ പ്രദേശില്‍. മലാന. എന്നാല്‍ വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തി സമ്പൂര്‍ണ വാക്‌സിനേഷനിലേക്ക് അടുക്കുകയാണ് ഇപ്പോള്‍ ഈ ഗ്രാമം. 

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ താഴ്‌വര ഗ്രാമമാണ് മലാന. ഏതാണ്ട് ആയിരത്തോളം പേര്‍ ജീവിക്കുന്ന ഈ പ്രദേശത്ത് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പാടുപെടുകയായിരുന്നു. 

ഈ പ്രദേശത്ത് കൃഷി ചെയ്യുന്ന കഞ്ചാവ് ചെടികളുടെ പേരില്‍, ഇവിടേക്കുള്ള സാഹസിക യാത്രയുടെ പേരില്‍, ഇവിടെയുള്ള കാഴ്ചകളുടെ പേരില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് എന്നും ഹരമായിരുന്നു മലാന. എന്നാല്‍ ഇത് തേടിയെത്തുന്ന സഞ്ചാരികളെ മലാനക്കാര്‍ പലവിധ വിലക്കുകളാല്‍ തടഞ്ഞു. മലാനയില്‍ പ്രവേശിക്കാമെങ്കിലും ഇവിടുള്ള കെട്ടിടങ്ങളിലോ സാധനങ്ങളിലോ സ്പര്‍ശിക്കാന്‍ സഞ്ചാരികള്‍ക്ക് അനുവാദമില്ലായിരുന്നു. 

ജംലു ദേവതയാണ് മലാനക്കാരുടെ ആരാധനാമൂര്‍ത്തി. ജംലു ദേവതയുടെ അനുഗ്രഹത്താല്‍ ഗ്രാമവാസികള്‍ എന്നും തങ്ങള്‍ പരിശുദ്ധരാണെന്ന് കരുതിവന്നു. പുറത്തുനിന്നൊരാള്‍ തങ്ങളെ സ്പര്‍ശിച്ചാലോ ഇടപഴകിയാലോ അശുദ്ധരായിപ്പോവുമെന്ന് അവര്‍ വിശ്വസിച്ചു. വിലക്ക് മറികടന്ന് ഒരാള്‍ ഗ്രാമത്തില്‍ കയറി അവിടെയുള്ള കെട്ടിടങ്ങളുടെ ചുമരിലോ സാധനങ്ങളിലോ സ്പര്‍ശിച്ചാലോ അവരില്‍ നിന്ന് പിഴയീടാക്കുന്നാതായിരുന്നു മലാനയിലെ രീതി. 

ഗ്രാമത്തില്‍ റോഡ് നിര്‍മാണം, സ്‌കൂള്‍ നിര്‍മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പോലും ഗ്രാമവാസികള്‍ അവര്‍ ആരാധിക്കുന്ന ജുംല ദേവതയുടെ അനുമതി തേടും. ഇത്തരമൊരു ജനവിഭാഗത്തെ കോവിഡിന്റെ ഗുരുതരാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തി ഇവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുക എന്നതായിരുന്നു ഇവിടത്തെ ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി. വാക്‌സിന്‍ സ്വീകരിച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന തെറ്റിദ്ധാരണയും ഇവര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇവരേയും പറഞ്ഞ് ബോധ്യപ്പെടുത്തി മലാനയിലും വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ് ഹിമാചലിലെ ആരോഗ്യപ്രവര്‍ത്തകര്‍. 

ഗ്രാമത്തെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത് കര്‍ദാര്‍സ് എന്ന പേരില്‍ അറിയപ്പെടുന്നവരാണ്. ഇത്തരത്തില്‍ പതിനൊന്ന് പേരാണ് മലാനയിലുള്ളത്. ഇവര്‍ ജുംല ദേവതയുടെ പ്രതിനിധികളെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ കര്‍ദാര്‍സ് പറഞ്ഞാല്‍ ഗ്രാമവാസികള്‍ എന്തും അനുസരിക്കും. 

മൂന്ന് കിലോമീറ്റര്‍ കാടും മലയും താണ്ടി വന്നാലാണ് ഉദ്യോഗസ്ഥര്‍ക്ക് മലാനയിലെത്താന്‍ കഴിയുക. ഇത്രയും ദൂരം താണ്ടി വന്ന് കര്‍ദാര്‍സ് സംഘത്തോട് അനുമതി വാങ്ങിയാല്‍ മാത്രമേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പുറത്തുനിന്ന് ലഭിക്കുന്നതൊന്നും സ്വീകരിക്കില്ലെന്ന് തീരുമാനിച്ച ഇവരെ വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കുന്നതായിരുന്നു ഏറ്റവും ആദ്യത്തെ വെല്ലുവിളി. തങ്ങള്‍ അശുദ്ധരായിപ്പോവുമെന്ന് വിശ്വസിക്കുന്നതിനാല്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ ഇവര്‍ പൂര്‍ണമായും വിസമ്മതിച്ചു. അശുദ്ധിക്ക് പുറമേ വാക്‌സിന്‍ സ്വീകരിച്ചാല്‍ വൈകല്യങ്ങള്‍ ബാധിക്കുമെന്നും ഇവര്‍ കരുതിയിരുന്നുവെന്ന് കുളുവിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് പറഞ്ഞു. 

malana
മലാനയിലേക്ക് വാക്സിന്‍ എത്തിക്കുന്നു | Photo: News18

മലാനക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചോ? 

രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് പ്രശ്‌നത്തിന് പരിഹാരം നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന തെറ്റിദ്ധാരണകളകറ്റുന്നതായിരുന്നു ആദ്യത്തെ കടമ്പ. അതിനായി പല മുതിര്‍ന്ന ഉദ്യോഗസ്ഥരും മലാനയിലെത്തി, ഗ്രാമവാസികള്‍ക്ക് മുന്നില്‍ വെച്ച് വാക്‌സിന്‍ സ്വീകരിച്ചു. അത് ഏകദേശം വിജയം കണ്ടതായി ഗാര്‍ഗ് പറഞ്ഞു. 

വാക്‌സിന്‍ സ്വീകരിക്കുന്നതുകൊണ്ട് ഒരിക്കലും മലാനയിലെ ജനങ്ങള്‍ അശുദ്ധരായിപ്പോവില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ പല പദ്ധതികളുടേയും ഗുണങ്ങള്‍ അവര്‍ക്ക് ലഭിക്കാതായിപ്പോവും. വാക്‌സിന്‍ സുരക്ഷിതമാണെന്നും വലിയ പാര്‍ശ്വഫലങ്ങളില്ലെന്നും മലാനക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഭാവിയില്‍ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ച ആളുകള്‍ക്ക് മാത്രമായി ഇന്ത്യന്‍ സര്‍ക്കാര്‍ ചില ആനുകൂല്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയാല്‍, അവര്‍ ഖേദിക്കേണ്ടിവരും. ഈ ആനുകൂല്യങ്ങളില്‍ ചില സ്ഥലങ്ങളില്‍ പ്രവേശനം, യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം, സര്‍ക്കാര്‍ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെട്ടേക്കാമെന്ന് കര്‍ദാര്‍സിനെ പറഞ്ഞുബോധ്യപ്പെടുത്തി. ഇതോടെ വാക്‌സിന്‍ സ്വീകരിക്കാന്‍ കാര്‍ദാര്‍സ് സംഘം സമ്മതിച്ചു. 

വിനോദസഞ്ചാരത്തില്‍ നിന്ന് വലിയ വരുമാനം നേടി ജീവിക്കുന്ന ജനവിഭാഗമാണ് മലാനയിലേത്. നേരത്തെ കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ ഗ്രാമം പൂര്‍ണമായും അടച്ചിട്ട് പ്രതിരോധം തീര്‍ത്തിരുന്നു ഇവര്‍. ഇത് വിനോദസഞ്ചാരത്തേയും ഇവരുടെ ഉപജീവനത്തേയും സാരമായി ബാധിച്ചു. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ വിനോദസഞ്ചാരം പൂര്‍ണമായും പുനരാരംഭിക്കാമെന്നും വിനോദസഞ്ചാരികള്‍ ഗ്രാമത്തിലേക്ക് വരാന്‍ മടിക്കുകയോ, കോവിഡ് ബാധിക്കുമെന്ന ഭയത്തോടെ ജീവിക്കുകയോ വേണ്ടെന്ന് പറഞ്ഞുമനസ്സിലാക്കി. ഇതോടെ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കര്‍ദാര്‍സ് സമ്മതിച്ചതായി അശുതോഷ് ഗാര്‍ഗ് പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിലാണ് മലാനയില്‍ ആദ്യ ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Holy Shot: How the Himachal Pradesh Govt Convinced the God of Malana Village to Allow Vaccination