ന്യൂഡല്‍ഹി: ഗല്‍വാനിലെ ഇന്ത്യ- ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് തുറമുഖങ്ങളില്‍ ചൈനയില്‍നിന്നുള്ള ചരക്കുകള്‍ പിടിച്ചുവെക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മല സീതാരാമനും വ്യവസായ മന്ത്രി പീയൂഷ് ഗോയലിനും ഗഡ്കരി കത്തയച്ചു. 

ചൈനീസ് ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നതിന് പിന്നാലെയാണ് തുറമുഖങ്ങളില്‍ ചൈനയില്‍നിന്നുള്ള ചരക്കുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുന്നത്. ഇത്തരത്തില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുന്നത് ബാധിക്കുക ഇന്ത്യയെ തന്നെയാകുമെന്നാണ് മന്ത്രി പറയുന്നത്. ഇന്ത്യയിലെ വ്യവസായികള്‍ക്കാണ് ഇതുകൊണ്ട് തിരിച്ചടിയുണ്ടാകുകയെന്ന് ധനമന്ത്രിക്കും വ്യവസായ മന്ത്രിക്കും അയച്ച കത്തില്‍ നിതിന്‍ ഗഡ്കരി ചൂണ്ടിക്കാണിക്കുന്നു. 

വിവിധ മേഖലകളില്‍നിന്നുള്ള വ്യവസായികളും കര്‍ഷകരും സമീപിച്ചതിനെ തുടര്‍ന്നാണ് ഗഡ്കരി ഇക്കാര്യത്തില്‍ ഇടപെട്ടത്. ഫാര്‍മസ്യൂട്ടിക്കല്‍സ്, കീടനാശിനി, ഇലക്ട്രോണിക്‌സ് തുടങ്ങിയവയ്ക്കായി ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത് ചൈനയെയാണ്.  ഇത്തരത്തില്‍ വന്ന ചരക്കുകളാണ് ദിവസങ്ങളായി തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത്. 

ഇറക്കുമതി കുറയ്ക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കൂടുതല്‍ നികുതി ചുമത്തുകയാണ് വേണ്ടത്. പക്ഷെ ഇറക്കുമതി ചെയ്യപ്പെട്ട ചരക്കുകള്‍ അനാവശ്യമായി തടഞ്ഞുവെക്കുന്നത് ചൈനയെയല്ല ഇന്ത്യയെത്തന്നെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

Content highlights: Hold-ups Chinese goods  at ports will hit India, not China says Nitin Gadkari