ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളുടെ ചിത്രങ്ങളും പേരുവിവരങ്ങളും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ അലഹബാദ് കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂരിന്റേതാണ് നടപടി.

പൗരന്മാരുടെ വ്യക്തിഗത സ്വകാര്യതയും സ്വാതന്ത്ര്യവും കൈയ്യേറുന്ന നടപടിയാണിതെന്നും വിഷയത്തില്‍ കോടതി വാദം ആരംഭിക്കുന്നതിന് മുന്‍പ് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. അവധി ദിവസമായ ഞായറാഴ്ചയാണ് കോടതി വിഷയം പരിഗണിച്ചത്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികളായിട്ടുള്ളവര്‍ക്കെതിരെ കേസെടുക്കുകയും നഷ്ടം നികത്തുന്നതിനായി പിഴയീടാക്കുന്നതിനുള്ള നോട്ടീസുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളുടെ ചിത്രങ്ങളും പേരുവിവരങ്ങളും ലഖ്‌നൗ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം പ്രതികളില്‍നിന്ന് ഈടാക്കുമെന്നും പിഴ നല്‍കാത്തവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുമെന്നും ചിത്രങ്ങള്‍ക്കൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. 

സിഎഎയ്ക്ക് എതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 60ഓളം പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കിയിരുന്നു. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സ്വത്തു കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. 

Content Highlights: Hoardings of anti-CAA protesters by UP government- Allahabad High Court takes suo motu