ശ്രീനഗര്‍: ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീരെ ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. കൊടുംഭീകരനായ ഹറൂണ്‍ ഹഫാസാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഹിസ്ബുളിന്റെ ജില്ലാ കമാന്‍ഡറായിരുന്നു ഇയാളെന്നാണ് സുരക്ഷാസേന പറയുന്നത്. കിഷ്ത്വാറില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്തതും കശ്മീരിലെ നിരവധി രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയതുമുള്‍പ്പെടെ നിരവധി തീവ്രവാദ കേസുകളില്‍ സുരക്ഷാസേന തിരഞ്ഞുകൊണ്ടിരുന്നയാളാണ് ഹറൂണ്‍ ഹഫാസ്.
കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒസാമാ ജാവേദ് എന്ന കൊടുംഭീകരനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ഹറൂണ്‍ ഹഫാസ്.
രഹസ്യ വിവരത്തെതുടര്‍ന്നാണ് സുരക്ഷാസേന ദോഡയിലെത്തിയതും തുടര്‍ന്ന് ഏറ്റുമുട്ടല്‍ ഉണ്ടായതും. ഹറൂണിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഭീകരനുവേണ്ടി സുരക്ഷാസേന തിരച്ചില്‍ നടത്തുകയാണ്.
Content Highlights: Hizbul terrorist killed in encounter in Jammu and Kashmir Doda district