ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റു ചെയ്തു. അസം സ്വദേശി ഹുറൈറ എന്നപേരില്‍ അറിയപ്പെടുന്ന ഖമറുദ്ദീനാണ് പിടിയിലായത്.

ഇയാള്‍ എ.കെ 47 തോക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു ശേഷം ആദ്യമായി ഇയാള്‍ പുറംലോകത്ത് എത്തിയപ്പോഴാണ് അറസ്റ്റിലായതെന്ന് എ.ടി.എസ് ഐ.ജി അസീം അരുണ്‍ വ്യക്തമാക്കി. ഏറെ നാളുകളായി രഹസ്യാന്വേഷണ വിഭാഗം ഭീകരനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച കാണ്‍പൂരിലെ ശിവ്നഗറില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിനായക ചതുര്‍ഥിക്കിക്കിടെ യു.പിയിലെ പൊതുസ്ഥലങ്ങളില്‍ സ്ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി. പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ നേതൃത്വമാണ് ആക്രമണത്തിന് ഇയാളെ ചുമതലപ്പെടുത്തിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

താന്‍ ഹിസ്ബുള്‍ മുജാഹിദീന്‍ അംഗമാണെന്നും ഭീകരാക്രമണത്തിനായാണ് നഗരത്തില്‍ എത്തിയതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. കാശ്മീരിലെ പര്‍വത പ്രദേശമായ കിശ്ത്വാറില്‍ വെച്ച് 2017 ഏപ്രിലില്‍ തനിക്ക് ഭീകരാക്രമണങ്ങള്‍ക്കുള്ള പരിശീലനം ലഭിച്ചതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അസമില്‍ ഇയാള്‍ ബിരുദ പഠനത്തിന് ചേര്‍ന്നിരുന്നെങ്കിലും പൂര്‍ത്തിയാക്കിയിട്ടില്ല. ഐ.ടിയില്‍ ഡിപ്ലോമ യോഗ്യതയും ഇയാള്‍ നേടിയിട്ടുണ്ട്.

2008-2012 കാലത്ത് ഇയാള്‍ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക്ക് ഓഫ് പലാവുവില്‍ ആയിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

content highlights: Hizbul terrorist held in UP, was planning attacks during Ganesh Chaturthi