ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിലൂടെ ഗര്‍ഭിണിക്ക് എച്ച്‌ഐവി പകരാനിടയായ സംഭവത്തില്‍ ആത്മഹത്യാശ്രമം നടത്തിയ 19-കാരന്‍ മരിച്ചു. ഗര്‍ഭിണിക്ക് രക്തം നല്‍കിയ ഇയാള്‍ ഞായറാഴ്ച രാവിലെ മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് മരിച്ചത്.

സംഭവത്തില്‍ കുടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്ത് ഇയാള്‍ ബുധനാഴ്ചയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ഇയാള്‍ രാവിലെ 8.10 ഓടെ രക്തസ്രാവത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

2016-ല്‍ ബന്ധുവിന്റെ ശസ്ത്രക്രിയയ്ക്കായാണ് ഇയാള്‍ രക്തം നല്‍കിയത്. അന്ന് അതുപയോഗിക്കാതെ ആശുപത്രിയിലെ രക്തബാങ്കില്‍ സൂക്ഷിക്കുകയായിരുന്നു. ഇതാണ് രണ്ടുവര്‍ഷത്തിനുശേഷം ചികിത്സതേടിയെത്തിയ യുവതിക്ക് നല്‍കിയത്. രക്തം നല്‍കുന്ന സമയത്ത് ഇയാൾക്ക് താന്‍ എച്ച്.ഐ.വി ബാധിതനാണെന്ന കാര്യം അറിയില്ലായിരുന്നു. 

തമിഴ്നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് എട്ടുമാസം ഗര്‍ഭിണിയായ 24-കാരിക്ക് എച്ച്.ഐ.വി. അണുബാധയുണ്ടായത്. കൃത്യമായി പരിശോധിക്കാതെ രക്തം നല്‍കിയ ലാബ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗര്‍ഭിണിയായ 24-കാരി മധുരൈ രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശകമ്മിഷന്‍ നോട്ടീസയച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരേ എന്തുനടപടി സ്വീകരിച്ചു, യുവതിയുടെ പുനരധിവാസത്തിന് എന്തെല്ലാം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശകമ്മിഷന്‍ നോട്ടീസയച്ചത്.

Content Highlights: Hiv infection case19 year old who donated blood dies after suicide attempt