ചണ്ഡിഗഢ്: ഉത്തര്‍പ്രദേശിന് പിന്നാലെ ഹരിയാനയിലും സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ ബി.ജെ.പി എം.പിയുടെ വാഹനം ഇടിച്ചു കയറിയതായി ആരോപണം. സംഭവത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റു. ബി.ജെ.പി എം.പി നയബ് സൈനിയുടെ വാഹനമാണ് സമരം ചെയ്യുന്ന കര്‍ഷകനെ ഇടിച്ചത്.

പരിക്കേറ്റ കര്‍ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സമീപത്തുകൂടെ പോകുകയായിരുന്ന എം.പിയുടെ വാഹനം തന്നെ ഇടിച്ചിടുകയായിരുന്നെന്ന് പരിക്കേറ്റ കര്‍ഷകന്‍ പറഞ്ഞു. കുരുക്ഷേത്ര എം.പിയാണ് നയബ് സൈനി. 

നയബ് സൈനിയും സംസ്ഥാന ഖനി വകുപ്പ്‌ മന്ത്രി മൂള്‍ ചന്ദ് ശര്‍മയും മറ്റ് നേതാക്കളും അംബാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ ഇവിടെ ദിവസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ്‌ എം.പിയുടെ വാഹനം കര്‍ഷകനെ ഇടിച്ചിട്ടത്.

നേരത്തെ ഉത്തര്‍പ്രദശിലെ ലഖിംപുരില്‍ കര്‍ഷക സമരത്തിന് നേരെ കേന്ദ്ര മന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കയറ്റി നാല് കര്‍ഷകര്‍ കൊല്ലുപ്പെട്ടിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് ഹരിയാനയിലും സമാനമായ സംഭവമുണ്ടായത്.

Content Highlights: Hit By BJP MP's Convoy During Protest In Haryana, Say Farmers, 1 Injured