
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം.(ഫയൽചിത്രം).
എല്ലാറ്റിനും സാക്ഷിയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. കാലത്തിന്റെ മാറ്റങ്ങള്‍, അധികാരത്തിനുവേണ്ടിയുള്ള കലഹങ്ങള്‍, പടയോട്ടങ്ങള്‍, ബ്രിട്ടീഷ് ആധിപത്യത്തിലുള്ള മേല്‍ക്കോയ്മ, ജനകീയ ഭരണത്തിനുവേണ്ടിയുള്ള സമരങ്ങള്‍, രാജഭരണത്തിന്റെ അവസാനം, ജനകീയ മന്ത്രിസഭകളുടെ ഉദയാസ്തമയങ്ങള്‍ അങ്ങനെ പലതും.
ഐതിഹ്യങ്ങളും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്നതാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഇന്നലെകള്‍. ഒമ്പതാം നൂറ്റാണ്ടില്‍ വാനമ്മാള്വാര് എന്ന വൈഷ്ണവ കവിയാണ് ഈ ക്ഷേത്രത്തെപ്പറ്റി ആദ്യം പാടിയതെന്ന് പറയുന്നു.
കൊല്ലവര്‍ഷം 550 (ഇംഗ്ലീഷ് വര്‍ഷം 1374) മുതലുള്ള രേഖകള്‍ ലഭ്യമാണ്. പനയോലകളില്‍ നാരായംകൊണ്ട് തമിഴ് മലയാളം ഭാഷകള്‍ ഇടകലര്‍ത്തി മലയാളത്തിലെഴുതിയിട്ടുള്ള ലക്ഷക്കണക്കിന് ഈ രേഖകള്‍ പുരാരേഖ വകുപ്പിലുണ്ട്. മതിലകം (ക്ഷേത്രം) രേഖകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇതില്‍നിന്ന് വ്യക്തമാകുന്നത് വേണാട് രാജാവി(തൃപ്പാപ്പൂര്‍ മൂപ്പന്)ന്റെ കീഴില്‍ ഒരു 'സഭ'യും 'സ്വാമിയാരും' ആണ് ക്ഷേത്രം ഭരിച്ചിരുന്നതെന്നാണ്. ക്ഷേത്രസ്വത്തുക്കള്‍ പരിപാലിക്കാന്‍ എട്ടുവീട്ടില്‍ പിള്ളമാരും ഉണ്ടായിരുന്നു.
എട്ടരയോഗവും അഥവാ സഭയും എട്ടുവീട്ടില്‍ പിള്ളമാരും ഒരു ഭാഗത്തും രാജാവ് എതിര്‍ഭാഗത്തുമായി നടന്ന വഴക്കും വക്കാണവും കാരണം ക്ഷേത്രം പലപ്രാവശ്യം അടച്ചിടേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും തമ്മിലടിക്കും നിരവധിപേരുടെ മരണത്തിനും ക്ഷേത്രം സാക്ഷിയായി. ദത്തെടുക്കലുകള്‍, കണക്കുകള്‍ ബോധിപ്പിക്കാതിരിക്കല്, ക്ഷേത്രവസ്തുക്കളെ സംബന്ധിച്ച തര്‍ക്കം തുടങ്ങിയവയാണ് വഴക്കുകള്‍ക്ക് ആധാരം.
1729ല്‍ അധികാരത്തില്‍വന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ആഭ്യന്തരകലഹങ്ങള്‍ അടിച്ചമര്‍ത്തി ശത്രുക്കളെ ഒന്നാകെ നിഗ്രഹിച്ചു. അദ്ദേഹമാണ് ഇന്നത്തെ രൂപത്തിലുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് തുടക്കംകുറിച്ചതും പുതിയ ചടങ്ങുകളും ഉത്സവങ്ങളും ഏര്‍പ്പെടുത്തിയതും.
ഡച്ചുകാരെ 1741ല്‍ കുളച്ചലില്‍ തോല്പിച്ചശേഷം അജയ്യനായി മാറിയ മാര്‍ത്താണ്ഡവര്‍മ്മ പടയോട്ടത്തിലൂടെ തന്റെ രാജ്യം കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിവരെ വിസ്തൃതമാക്കി. അതോടെ വേണാട് വിശാലമായ 'തിരുവിതാംകൂര്‍' ആയി.
1750 ജനവരിയില്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജ്യത്തെ 'തൃപ്പടിദാനം' എന്ന ചടങ്ങുവഴി ശ്രീപദ്മനാഭന് സമര്‍പ്പിച്ചു. തനിക്ക് രാജ്യം ഇല്ലെന്നും ശ്രീപദ്മനാഭന്റെ രാജ്യത്തെ 'ട്രസ്റ്റി' എന്ന നിലയിലാണ് ഭരണം നടത്തുന്നതെന്നും താനും തന്റെ അനന്തരാവകാശികളായ രാജാക്കന്മാരും ശ്രീപദ്മനാഭ ദാസന്മാര് എന്നറിയപ്പെടുമെന്നും മാര്‍ത്താണ്ഡവര്‍മ്മ പ്രഖ്യാപിച്ചു.
അദ്ദേഹം മുതല്‍ 12-ാമത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ വരെ ശ്രീപദ്നാഭദാസന്മാരായിട്ടാണ് രാജ്യംഭരിച്ചത്. 1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ഒന്നായതോടെ 'തിരുവിതാംകൂര്‍' എന്ന രാജ്യം വിടപറഞ്ഞു. അതോടെ മഹാരാജാവ് പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി. ആ സമയത്ത് രാജാവും ഇന്ത്യാഗവണ്മെന്റും ഉണ്ടാക്കിയ ഉടമ്പടിയാണ് 'കവനന്റ്'.
ഇത്തരം കവനന്റുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയാണ് റിപ്പബ്ലിക് പ്രഖ്യാപിച്ചത്. 1956 നവംബര്‍ ഒന്നിന് ഐക്യകേരളം വന്നതോടെ രാജാവ് ഭരണഘടനയിലെ കവനന്റില്‍ പറയുന്ന അധികാരമുള്ള പൗരന് മാത്രമായി. 1971ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭരണഘടന ഭേദഗതിയിലൂടെ രാജാക്കന്മാര്ക്ക് പ്രത്യേക അധികാരങ്ങള്‍ (പ്രിവിപേഴ്സ്) എടുത്തുകളഞ്ഞു.
അതോടെ ഇന്ത്യയിലെ രാജാക്കന്മാരുടെ അധികാരങ്ങളെല്ലാം നഷ്ടപ്പെട്ട് സാധാരണ പൗരന്മാരായി. എന്നാല്‍ ഇതുസംബന്ധിച്ച് രാജാക്കന്മാര് കൊടുത്ത കേസ് തള്ളിക്കൊണ്ട് സുപ്രീംേകാടതി വിധിപറഞ്ഞത് 1993ലാണ്. അതിന് രണ്ടു വര്‍ഷം മുമ്പ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ലോകത്തോട് വിടപറഞ്ഞിരുന്നു.
1991 ജൂലായ് 19-നാണ് ശ്രീചിത്തിരതിരുനാള്‍ നാടുനീങ്ങിയത്. ഇതിനു ശേഷം അനുജന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ, ശ്രീപദ്മനാഭദാസനായി. ഈ സമയത്താണ് ക്ഷേത്രനിലവറയിലെ സ്വര്‍ണം സംബന്ധിച്ചു ചില പരാതികളുണ്ടായത്.
ഉത്രാടം തിരുനാള്‍, നിലവറകള്‍ തുറന്ന് സമ്പത്ത് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചതോടെ, ക്ഷേത്ര യൂണിയനുകളും മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ടി.പി.സുന്ദര്‍രാജും കോടതിയെ സമീപിച്ചു. അതോടെ നിലവറ തുറക്കുന്നത് കോടതി തടഞ്ഞു.
തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സുപ്രീംകോടതിയെ സമീപിച്ചു.
ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും ആറു നിലവറകളും തുറന്നുപരിശോധിക്കാനും അതിനകത്തുള്ള സമ്പത്തുകളുടെ കണക്കെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
ഇതിനുവേണ്ടി കോടതി ഒരു സംഘത്തെയും ചുമതലപ്പെടുത്തി. അവരുടെ നേതൃത്വത്തിലാണ് 2011 ജൂണ്‍ 27 മുതല്‍ 'ബി' ഒഴികെയുള്ള നിലവറകള്‍ തുറന്നുപരിശോധിച്ചത്. ഉത്രാടം തിരുനാള്‍ 2013 ഡിസംബര്‍ 16-ന് അന്തരിച്ചു. ഇതേത്തുടര്‍ന്നാണ് മറ്റു രാജകുടുംബാംഗങ്ങള്‍ ക്ഷേത്രാവകാശം സംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ തുടര്‍ന്നത്.
content highlights: history of sreepadmanabha swamy temple
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..