പുകഞ്ഞ് പുകഞ്ഞ് അസം-മിസോറാം വൈരം; 150 വര്‍ഷം പഴക്കമുള്ള അതിര്‍ത്തി തര്‍ക്കം


അതിര്‍ത്തികള്‍ പുനര്‍നിശ്ചിയിച്ചുകൊണ്ടുള്ള 1875, 1933 വര്‍ഷങ്ങളിലെ ഭേദഗതികളാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാതലും.

ജൂലായ് 26ന് നടന്ന അക്രമ സംഭവങ്ങളിൽ നിന്ന് | Photo: PTI

ടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസം-മിസോറാം അതിര്‍ത്തി തര്‍ക്കം ഇടവേളയ്ക്ക് ശേഷം വീണ്ടും അക്രമത്തില്‍ കലാശിച്ചു. നുഴഞ്ഞ് കയറ്റം ആരോപിച്ചാണ് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ പരസ്പരം ആക്രമങ്ങള്‍ നടത്തുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പോലെ, വൈരാഗ്യം അതിന്റെ പാരമ്യത്തിലാണ് ഇവിടുത്തുകാര്‍ പരസ്പരം വെച്ച് പുലര്‍ത്തുന്നത്. അക്രമ സംഭവങ്ങള്‍ പോലീസുകാരുടെ കൊലപാതകത്തിലേക്ക് എത്തിതോടെയാണ് സ്ഥിതി ഗുരുതരമാണെന്ന് പുറംലോകം അറിയുന്നത്.

നിലവില്‍ സംസ്ഥാന പോലീസ് സേനകളുടെ കാവലില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന സ്ഥിതിവിഷശേഷമുണ്ടായതോടെയാണ് കേന്ദ്ര സേനയെ വിന്യസിക്കാന്‍ അമിത് ഷാ തീരുമാനമെടുത്തത്. 150 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വൈരാഗ്യത്തിന്റെ ചരിത്രമെന്താണ്? പൊടുന്നനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അശാന്തിയുടെ കരിനിഴല്‍ വീണത് എങ്ങനെയാണ്?

150 വര്‍ഷമായി പുകയുന്ന അതിര്‍ത്തി തര്‍ക്കം

അസം-മിസോറം അതിര്‍ത്തിയില്‍ എന്താണ് ഇപ്പോള്‍ നടക്കുന്നതെന്ന് മനസ്സിലാകണമെങ്കില്‍ കുറച്ച് കാലം പിന്നോട്ട് സഞ്ചരിക്കണം. കുറച്ച് കാലം എന്ന് പറഞ്ഞാല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനും വളരെ മുന്‍പാണ് പ്രശ്‌നങ്ങളുടെ തുടക്കം. അസം ഒരു കാലത്ത് വലിയ ഭൂപ്രദേശമായിരുന്നു. അസമില്‍ നിന്ന് മുറിച്ച് മാറ്റിയ ഭൂപ്രദേശങ്ങളാല്‍ രൂപീകരിച്ച സംസ്ഥാനങ്ങളുമായി അവര്‍ക്കുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക്, പുതിയതായി രൂപീകരിക്കപ്പെട്ട ഓരോ സംസ്ഥാനങ്ങളുടേയും പിറവി മുതലുള്ള ചരിത്രമുണ്ട്. അസം-മിസോറാം തര്‍ക്കം അക്രമങ്ങളിലേക്ക് വഴിവെക്കുന്നത് പതിവ് കാഴ്ചയായിരുന്നില്ല. ജൂലായ് 26ന് അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ അസം സേനയിലെ ആറ് പോലീസുകാര്‍ കൊല്ലപ്പെടുകയും 50ന് മുകളില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് കേന്ദ്ര സേനയെ രംഗത്തിറക്കാനുള്ള തീരുമാനമുണ്ടായത്.

Assam Cm
പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന അസം മുഖ്യമന്ത്രി | Photo: ANI

അസമിലെ ബരാക് താഴ്വരയാണ് ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളാണ് രണ്ടും. 165 കിലോമീറ്ററോളമാണ് അതിര്‍ത്തി പ്രദേശത്തിന്റെ വിസ്തീര്‍ണം. മിസോറാം എന്നത് അസമിലെ ഒരു ജില്ലയായിരുന്ന കാലം തൊട്ട് തര്‍ക്കവും കൂടപ്പിറപ്പാണ്. അസമിലെ ഒരു ജില്ലയായിരുന്ന കാലത്ത് മിസോറാം അറിയപ്പെട്ടിരുന്നത് ലുഷായ് ഹില്‍സ് എന്ന പേരിലാണ്. അതിര്‍ത്തികള്‍ പുനര്‍നിശ്ചിയിച്ചുകൊണ്ടുള്ള 1875, 1933 വര്‍ഷങ്ങളിലെ ഭേദഗതികളാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാതലും.

1873ല്‍ മിസോ നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ലുഷായ് ഹില്‍സ് എന്ന പ്രദേശം അസമിലെ കാചര്‍ മേഖലയില്‍ നിന്ന് മുറിച്ച് മാറ്റിയത്. 1933ല്‍ ലുഷായ് ഹില്‍സും മണിപ്പൂരും തമ്മിലും ഒരു അതിര്‍ത്തി രേഖപ്പെട്ടടുത്തിയതോടെ കാചര്‍ ജില്ലയും, ലുഷായ് ഹില്‍സും, മണിപ്പൂരും ചേരുന്ന ത്രികോണ അതിര്‍ത്തിയായി മേഖല മാറി. എന്നാല്‍ തങ്ങളുടെ നേതാക്കളുമായി കൂടിയാലോചിച്ചില്ല എന്ന പേരില്‍ ഈ പുനര്‍നിര്‍ണയത്തെ മിസോകള്‍ അംഗീകരിച്ചില്ല. 1875ല്‍ രൂപപ്പെട്ട അതിര്‍ത്തി മാത്രമേ അംഗീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന നിലപാടായിരുന്നു മിസോകള്‍ക്ക്.

ഇപ്പോള്‍ കാണുന്ന അതിര്‍ത്തി പ്രദേശം രൂപീകരിക്കപ്പെട്ടത് 1930-33 കാലഘട്ടത്തിലാണ്. കാചര്‍ സിയോണ്‍, ത്‌ലാഗ്നുവാം, ലാല ബസാര്‍, ബംഗ ബസാര്‍ എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ അഭിപ്രായം ചോദിക്കാതെ തങ്ങളുടെ ഭാഗമല്ലാതാക്കി മാറ്റിയെന്നാണ് 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ച മെമോറാണ്ടത്തില്‍ മിസോറാം ജോയിന്റ് ആക്ഷന്‍ കമ്മിറ്റി പറയുന്നത്. പുറമേ നിന്നുള്ള കുടിയേറ്റക്കാരുടെ സൗകര്യത്തിന് അനുസരിച്ചായിരുന്നു അന്നത്തെ തീരുമാനം. ബ്രിട്ടീഷുകാര്‍ ബംഗ്ലാദേശില്‍ നിന്ന് എത്തിച്ചവരായിരുന്നു ഈ കുടിയേറ്റക്കാരെന്നാണ് മിസോകള്‍ വാദിക്കുന്നത്. ബംഗ്ലാദേശ് എന്ന രാജ്യം പോലും രൂപീകരിച്ചിട്ടില്ലാത്ത ഒരു കാലത്ത് അവിടെ നിന്നുള്ളവര്‍ക്കായി തങ്ങളുടെ പ്രദേശത്ത് നിന്ന് ജനങ്ങള്‍ക്ക് മാറിപ്പോകേണ്ടി വന്നു എന്നാണ് മെമോറാണ്ടത്തില്‍ പറയുന്നത്.

1972ല്‍ ഒരു കേന്ദ്രഭരണ പ്രദേശവും 1980ല്‍ ഒരു സമ്പൂര്‍ണ സംസ്ഥാനം എന്ന പദവിയും മിസോറാമിന് കൈവന്നതോടെയാണ് പോര് കടുത്ത് തുടങ്ങിയത്. ഈ സമയത്ത് രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം ആര്‍ക്കും അധികാരമില്ലാത്ത പ്രദേശത്ത് തല്‍സ്ഥിതി തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങള്‍ സ്ഥിരമാണെന്ന ആരോപണം രണ്ട് സംസ്ഥാനങ്ങളും അന്ന് മുതല്‍ ഉന്നയിച്ചു തുടങ്ങിയതാണ്.

Assam-Mizoram
സംഘര്‍ഷങ്ങള്‍ക്കിടയില്‍ തകര്‍ക്കപ്പെട്ട സുരക്ഷാ ജീവനക്കാരുടെ വാഹനം | Photo: PTI

കഴിഞ്ഞ ജൂണില്‍ അസമില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മാമിത് ജില്ലയില്‍ പ്രവേശിക്കുകയും ചില പാടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തുവെന്നാണ് മിസോറാം ആരോപിക്കുന്നത്. അക്രമികള്‍ കൊലാസിബ് ജില്ലയിലെ കൃഷിക്കാരുടെ ചില കുടിലുകള്‍ക്ക് തീയിട്ടതായും ഇവര്‍ ആരോപിക്കുന്നു. അസമിലെ ഉദ്യോഗസ്ഥര്‍ മിസോറാമുമായി അതിര്‍ത്തി പങ്കിടുന്ന വയ്‌റെങ്‌തെ (മിസോറാം) ലൈലാപുര്‍ (അസം) മേഖലയിലെ ചെക്‌പോസ്റ്റ് കടന്ന് എത്തിയെന്നും ആരോപിക്കുന്നു. സി.ആര്‍.പി.എഫ് ആണ് ഇവിടുത്തെ ചെക്‌പോസ്റ്റ് നിയന്ത്രിച്ചിരുന്നത്. മിസോറാമിലെ ബ്വാര്‍ചെപ് ഗ്രാമത്തില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് സംസ്ഥാനങ്ങളും നടത്തിയിരുന്നുവെന്നും ഇതെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അറിവുണ്ടായിരുന്നതാണെന്നും മിസോറാം വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒക്‌റ്റോബറില്‍ അസമിലെ പോലീസ് ഉദ്യോഗസ്ഥര്‍ സായ്ഹാപുയ് മേഖലയിലെത്തി ഇന്റര്‍ സംസ്ഥാന പാത അടയ്ക്കുമെന്ന് ഭീഷണി ഉയര്‍ത്തിയെന്നും പിന്നീട് അസമിലെ ലൈലാപുര്‍ മേഖലയിലെ ചിലര്‍, രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത ഉള്‍പ്പെടെ അടച്ചുവെന്നും മിസോറാം ആരോപിച്ചു. നവംബറില്‍ മിസോറാമിലെ ഒരു എല്‍പി സ്‌കൂളില്‍ ബോംബ് സ്‌ഫോടനമുണ്ടായതോടെ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ സമാധാന ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു.

Police security
ഗുവാഹത്തിയിലെ മിസോറാം ഹൗസിന് മുന്നിലെ പോലീസ് സുരക്ഷ | Photo: PTI

ഇതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി അതിര്‍ത്തി മേഖലയില്‍ ചെറിയ തോതിലുള്ള സംഘര്‍ഷങ്ങളും ആക്രമങ്ങളും പതിവായി മാറി. ചെറിയ പ്രശ്‌നങ്ങളില്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ പോലും അതിര്‍ത്തി ഗ്രാമങ്ങളിലെ ആളുകള്‍ തമ്മിലുള്ള വലിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങി. വയ്‌റെങ്‌തെ (മിസോറാം) ലൈലാപുര്‍ (അസം), കരിംഗഞ്ച് (അസം) മാമിത് (മിസോറാം) എന്നീ മേഖലകളിലെ ജനങ്ങള്‍ കൃഷി സംബന്ധമായ കാര്യങ്ങളിലെ തര്‍ക്കം പോലും സംഘര്‍ഷങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു.

ജൂലായ് 26ലെ വെടിവെപ്പും സംഘര്‍ഷവും

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ പുകഞ്ഞുകൊണ്ടിരുന്ന വിഷയമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് മൂലകാരണം. അസമിലെ കചാര്‍ ജില്ലാ നിവാസികളും മിസോറാമിലെ വയ്‌റെങ്‌തെ (കോലാസിബ് ജില്ല) നിവാസികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മിസോറാമിലെ ചില കര്‍ഷകരുടെ കുടിലും കൃഷിയിടങ്ങളും തീയിട്ട് നശിപ്പിക്കപ്പെട്ടു. അസമിലെ ലൈലാപുര്‍ നിവാസികള്‍ മിസോറാം പോലീസിന് നേരെ കല്ലേറും ആക്രമവും നടത്തി. ഇതിന് മറുപടിയെന്നോണം മിസോറാമിലെ ഒരു ആള്‍ക്കൂട്ടം ലൈലാപുര്‍ നിവാസികള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു.

മിസോറാം വിദ്യാഭ്യാസ മന്ത്രി ലാലല്‍തങ്‌ലിയാന പറയുന്നത് അനുസരിച്ച് കരാര്‍ പ്രകാരമുള്ള തല്‍സ്ഥിതി തുടരേണ്ടതിന് പകരം അസമിലെ ലൈലാപുര്‍ നിവാസികള്‍ ചില കുടിലുകള്‍ ആര്‍ക്കും അവകാശമില്ലാത്ത പ്രദേശങ്ങളില്‍ നിര്‍മ്മിച്ചു. ഇത് മിസോറാമിലെ ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. എന്നാല്‍ കുടിലുകള്‍ നിര്‍മ്മിച്ചത് സംസ്ഥാന രേഖകള്‍ പ്രകാരം തങ്ങള്‍ക്ക് അവകാശമുള്ള സ്ഥലത്താണെന്നാണ് അസം പോലീസിലെ കാചര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പറയുന്നത്.

മിസോറാമിലെ പൊതുജനങ്ങള്‍ പറയുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണം അസമിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നാണ്. ബംഗ്ലാദേശികളായ കുടിയേറ്റക്കാര്‍ ഇവിടെയെത്തി തങ്ങളുടെ കൃഷിയിടങ്ങളും കുടിലുകളും നശിപ്പിക്കുന്നുവെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നതും. ജൂലായ് 26നും കഴിഞ്ഞ ഒക്ടോബറിനും മുന്‍പ് 2018ലും അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Border dispute
പോലീസും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നിന്നുള്ള ചിത്രം | Photo: PTI

കാര്യങ്ങള്‍ കൈവിട്ട് പോയത് തിങ്കളാഴ്ച നടന്ന സംഭവവികാസങ്ങളോടെയാണ്. അസം ഐ.ജിയുടെ നേതൃത്വത്തില്‍ 200ല്‍പ്പരം പോലീസുകാര്‍ വയ്‌റെങ്‌തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ എത്തിയെന്നും ബലം പ്രയോഗിച്ച് അതിര്‍ത്തി കടന്നുവെന്നുമാണ് മിസോറാം ആരോപിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയത് സ്ഥലത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കി രമ്യമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണെന്നാണ് അസം വാദിക്കുന്നത്.

ബലം പ്രയോഗിച്ച് അതിര്‍ത്തി കടന്ന അസം പോലീസ് സംഘം സിആര്‍പിഎഫ് മിസോറാം പോലീസ് എന്നിവരുടെ സുരക്ഷയിലായിരുന്ന സെക്യൂരിറ്റി പോസ്റ്റ് പോലും തകര്‍ക്കുകയും വയ്‌റെങ്‌തെ- ലൈലാപുര്‍ ഹൈവേയില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് മിസോറാം സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവന.

എന്നാല്‍ മുന്‍പെ ഉള്ള കരാറില്‍ പറയുന്ന തല്‍സ്ഥിതി നിലനിര്‍ത്തേണ്ട സ്ഥലത്ത് കരാര്‍ ലംഘിച്ച് അസമിലേക്ക് ഒരു റോഡ് നിര്‍മാണം മിസോറാം ആരംഭിച്ചിരുന്നുവെന്നും ലൈലാപുര്‍ മേഖലയിലെ അതിര്‍ത്തിക്കുള്ളിലെ വനമേഖലയ്ക്ക് കോട്ടം തട്ടുന്ന രീതിയിലായിരുന്നു നിര്‍മാണമെന്നും അസം ആഭ്യന്തര മന്ത്രി തിരിച്ചടിച്ചു. സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്തായി ഒരു സായുധ സംഘത്തിന്റെ ക്യാമ്പും മിസോറാം സജ്ജീകരിച്ചുവെന്നും മന്ത്രി ആരോപിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കുമെന്നും സമാധാനകരാറിലെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടാനുമാണ് അസമിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സംഘം അവിടേക്ക് പോയത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlights: History of Assam- Mizoram border issue, all you need to Know


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented