ലഖ്നൗ: ചരിത്രപരമായ പിഴവുകള്‍ ആദ്യമായല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ കടന്നു കൂടുന്നത്. ഇത്തവണ ഉത്തര്‍പ്രദേശ് സന്ദര്‍ശന വേളയിലും അത്തരം ഒരു പിശക് മോദിയുടെ പ്രസംഗത്തില്‍ കടന്നു കൂടി. ആ പിശകിനു പിന്നാലെയാണ് ഇപ്പോള്‍ പണ്ഡിതന്‍മാരും ചരിത്രകാരന്‍മാരും.

15ാം നൂറ്റാണ്ടിലെ സുപ്രസിദ്ധ കവിയും സന്യാസിയുമായിരുന്ന കബീര്‍ദാസിന്റെ ശവകുടീരം സന്ദര്‍ശിക്കവെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലാണ് ചരിത്രപരമായ പിഴവുകള്‍ കടന്നു കൂടിയത്. 

'മഹാത്മാവായ കബീറിന്റെ സമചിത്തതയും മൈത്രിയും നൂറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സമൂഹത്തിനും മാര്‍ഗ്ഗദര്‍ശിയാവുകയാണ്. ഗുരു നാനാക്ക്, ബാബാഗോരഖ്‌നാഥ് എന്നിവര്‍ക്കൊപ്പം ഇവിടെയിരുന്നാണ് കബീര്‍ ആത്മീയതയെ കുറിച്ച് സംസാരിച്ചത്'എന്നായിരുന്നു പ്രധാനമന്ത്രിയുടെ നടത്തിയ പരാമര്‍ശം.

എന്നാല്‍ ബാബാ ഖോരക്‌നാഥ് കബീറും ഗുരുനാനാക്കും ജീവിച്ചിരുന്ന കാലഘട്ടത്തിലല്ല ജീവിച്ചത് എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ബാബാഖോരക്‌നാഥ് 11ാം നൂറ്റാണ്ടിലും കബീര്‍ 15ാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത്. പിന്നെ അവരെങ്ങനെ ഒരുമിച്ചിരുന്ന് ആത്മീയതയെ കുറിച്ച് സംസാരിക്കുമെന്നും ചരിത്രകാരന്‍മാര്‍ ചോദിക്കുന്നു.

2013ല്‍ ബീഹാറില്‍ വെച്ച് തക്ഷശിലയെ പറ്റി സംസാരിച്ചതിലും വലിയ പിശക് കടന്നു കൂടിയിരുന്നു. ബീഹാറിന്റെ ശക്തിയെ കറിച്ച് സംസാരിക്കവെ നടത്തിയ തക്ഷശില പരാമര്‍ശം വലിയ വിവാദമായിരുന്നു. പാകിസ്താനിലെ പഞ്ചാബിലാണ് തക്ഷശിലയുടെ അവശേഷിപ്പുകളുള്ളതെന്ന് അറിവില്ലാതെയായിരുന്നു ആ പ്രസ്താവന.

700 വര്‍ഷം മാത്രമുള്ള കൊണാര്‍ക്ക് ക്ഷേത്രത്തിന് 2000 ഓളം വര്‍ഷം പഴക്കമുണ്ടെന്ന തരത്തിലും ഒരിക്കല്‍ മോദി സംസാരിച്ചിരുന്നു. അമേരിക്കയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് കൊണാര്‍ക്ക് ക്ഷേത്രത്തെ കുറിച്ച് ഈ രീതിയില്‍ മോദി സംസാരിച്ചത്.ചന്ദ്രഗുപ്തനെ കുറിച്ചുള്ള പരാമര്‍ശവും വിവാദത്തിന് വഴിവെച്ചിരുന്നു