ന്യൂഡല്‍ഹി: അഖിലഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരിയുടെ ആത്മഹത്യയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന രംഗത്ത്. അയോധ്യ രാമജന്മഭൂമി മുന്നേറ്റത്തിന്റേത് ഉൾപ്പടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച രാജ്യത്തെ ഏറ്റവും പ്രമുഖനായ ഹിന്ദു സന്യാസിയാണ് നരേന്ദ്രഗിരി. അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

മരണകാരണം ആത്മഹത്യയെന്ന് പറയപ്പെടുമ്പോഴും ഇതൊരു കൊലപാതകമാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ കാണുന്നത്. ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വത്തിന്റെ കഴുത്ത് ഞെരിക്കപ്പെടുകയാണ്. 'പല്‍ഘറില്‍ ഒരു ജനക്കൂട്ടം ചില സാധുക്കളെ കൊലപ്പെടുത്തിയപ്പോള്‍, ബിജെപി അതിനെ ഹിന്ദുത്വത്തിനെതിരായ ആക്രമണമെന്ന് വിളിച്ചു, ഉത്തര്‍പ്രദേശില്‍ നിന്നും ആക്രോശവും രോഷവും ഉയര്‍ന്നു. നരേന്ദ്ര ഗിരിയുടെ സംശയാസ്പദമായ മരണം പുറത്തുവന്ന രീതി കാരണം, ഉത്തര്‍പ്രദേശില്‍ ആരോ ഹിന്ദുത്വത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ഞാന്‍ കരുതുന്നു'- സഞ്ജയ് റാവത്ത് പറഞ്ഞു. 

2020 ഏപ്രിലില്‍ മഹാരാഷ്ട്രയിലെ പാര്‍ഘര്‍ ജില്ലയില്‍ രണ്ടു ഹിന്ദു സന്യാസിമാരെയും അവരുടെ ഡ്രൈവറെയും കൂട്ടക്കൊല ചെയ്ത സംഭവത്തെയാണ് റാവത്ത് പരാമര്‍ശിച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തെ തുടര്‍ന്ന് വിഷയത്തില്‍ കര്‍ഷനമായ നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. 

തിങ്കളാഴ്ച വൈകിട്ടാണ് നരേന്ദ്രഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞിട്ടും അദ്ദേഹം മുറിയില്‍നിന്ന് പുറത്തുവരാത്തതിനാല്‍ ശിഷ്യന്മാര്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് നരേന്ദ്രഗിരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 

നരേന്ദ്രഗിരിയുടെ ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിച്ചെന്നും അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കെ.പി. സിങ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മരണശേഷം ആശ്രമത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കുറിപ്പില്‍ വിശദമാക്കിയിട്ടുണ്ട്. തന്റെ മരണത്തിന് കാരണമായവരുടെ പേരുകളും നരേന്ദ്രഗിരി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനൊപ്പം ഒരു വീഡിയോയും അദ്ദേഹം ചിത്രീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്രഗിരിയുടെ മൂന്ന് ശിഷ്യന്മാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Content Highlights: Hindutva strangulated: Shiv Sena seeks CBI probe into Narendra Giri’s death