ദിസ്പുര്‍: ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പള്ളികള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ബജ് രംഗ്ദള്‍ നേതാവിന്റെ മുന്നറിയിപ്പ്. അസമിലെ സില്‍ച്ചറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ബജ് രംഗ്ദള്‍ നേതാവായ മിത്തുനാഥ് ഇക്കാര്യം അറിയിച്ചത്. നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുകയും ചെയ്തു. 

മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അകാരണമായി അടച്ചു പൂട്ടിയതിനോടുള്ള കടുത്ത അമര്‍ഷത്തിലാണ് മിത്തുനാഥിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്‌. വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് മിത്തുനാഥ്. ക്രിസ്മസ് ദിന ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ഹിന്ദുക്കളെ അനുവദിക്കില്ലെന്ന് മറ്റു ബജ് രംഗ്ദള്‍ നേതാക്കളും വ്യക്തമാക്കി. 

തങ്ങളുടെ ആരാധനാലയങ്ങള്‍ കാരണമില്ലാതെ അടച്ചു പൂട്ടിയ ശേഷം ക്രിസ്ത്യാനികള്‍ നടത്തുന്ന ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ഉല്ലസിക്കുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്നും മിത്തുനാഥ് മുന്നറിയിപ്പ് നല്‍കുന്നത് വീഡിയോയിലുണ്ട്. ഹിന്ദുക്കളെ ഉപദ്രവിച്ചാല്‍  തൊട്ടടുത്ത ദിവസം 'ഗുണ്ടാദളി'ന്റെ ആക്രമണം എന്ന രീതിയിലാവും മാധ്യമങ്ങളുടെ തലക്കെട്ടെന്നും ഒരു ഹിന്ദുവിനേയും ക്രിസ്തുമതപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും നേതാവ് പറഞ്ഞു. 

ലൗ ജിഹാദിനെ കുറിച്ചും മിത്തുനാഥ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. തങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും സംരക്ഷിക്കുന്നതിനായി ഏതു വിമര്‍ശനത്തേയും നേരിടാന്‍ ബജ്‌റംഗ്ദള്‍ തയ്യാറാണെന്നും മിത്തുനാഥ് പ്രസ്താവിച്ചു. 

 

Content Highlights: Hindus Visiting Church will be Beaten Bajrang Dal’s Christmas Warning for Assamese