ബദ്റുദ്ദീൻ അജ്മൽ Photo | ANI
കരിംഗഞ്ച് (അസം): ജനസംഖ്യ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഹിന്ദുക്കള്‍ മുസ്ലിം വിഭാഗക്കാരുടെ രീതി പിന്തുടരണമെന്ന് അസമിലെ ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.ഡി.യു.എഫ്.) നേതാവ് ബദ്റുദ്ദീന്‍ അജ്മല്‍. ഹിന്ദുക്കള്‍ മക്കളെ ചെറിയ പ്രായത്തില്‍ത്തന്നെ വിവാഹം കഴിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോളിളക്കം സൃഷ്ടിച്ച ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ നടത്തിയ ലവ് ജിഹാദ് പരാമര്‍ശത്തിന് മറുപടി പറയുന്നതിനിടെയാണ് വിവാദ പരാമര്‍ശം.
മുസ്ലിം യുവാക്കള്‍ 20-നും 22-നുമിടയിലും, മുസ്ലിം സ്ത്രീകള്‍ നിയമപ്രകാരം 18-നു ശേഷവും വിവാഹം കഴിക്കുന്നവരാണ്. മറുവശത്ത് ഹിന്ദുക്കള്‍ വിവാഹത്തിന് മുന്നെത്തന്നെ രണ്ടോ മൂന്നോ സ്ത്രീകളുമായി നിയമവിരുദ്ധമായ ബന്ധം സ്ഥാപിക്കുന്നുവെന്ന് അജ്മല്‍ ആരോപിച്ചു. അവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാതെ ആനന്ദിച്ചുനടന്ന് പണം ലാഭിക്കുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി 40 വയസിനുശേഷം വിവാഹം കഴിക്കുന്നു. ആ പ്രായത്തില്‍ എങ്ങനെയാണ് കുട്ടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവുക?
ഫലഭൂയിഷ്ഠമായ ഭൂമിയില്‍ വിതച്ചാലേ നല്ല വിളകള്‍ ലഭിക്കൂ. ഇക്കാര്യത്തില്‍ ഹിന്ദുക്കള്‍ മുസ്ലിങ്ങളുടെ രീതി പിന്തുടരണം. ചെറിയ പ്രായത്തില്‍ തന്നെ മക്കളെ വിവാഹം കഴിപ്പിക്കണം. അപ്പോള്‍ അറിയാം എത്ര കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന്-ബദ്റുദ്ദീന്‍ പറഞ്ഞു.
ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് പിന്നാലെ ലവ് ജിഹാദ് പരാമര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ നേരത്തെ രംഗത്തെത്തിയിരുന്നു. ലവ് ജിഹാദ് യാഥാര്‍ഥ്യമാണെന്നും ശ്രദ്ധ വാല്‍ക്കറിന്റെ ക്രൂര കൊലപാതകത്തോടെ അത് സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടത് നരേന്ദ്ര മോദിയെപ്പോലെ ശക്തനായ ഒരു പ്രധാനമന്ത്രിയെയാണെന്നും അല്ലാത്ത പക്ഷം എല്ലായിടത്തും അഫ്താബുമാര്‍ ജനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസിലെ പ്രതിയാണ് അഫ്താബ് അമീന് പൂനാവാല.
Content Highlights: hindus should follow muslim formul, assam's badruddin ajmal on population boom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..