ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ യോഗാ ആചാര്യന്‍ ബാബാ രാംദേവ്. ഹിന്ദു വിഭാഗത്തില്‍പ്പെടുന്നവര്‍ വേട്ടയാടപ്പെടുന്നുവെന്ന് രാംദേവ് പ്രതികരിച്ചു. ഒരു ടെലിവിഷന്‍ ചാനലിനോടായിരുന്നു രാംദേവിന്റെ പ്രതികരണം. 

ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ മാത്രം എന്നും നിയന്ത്രണങ്ങളുടെ പരിധിയില്‍ വരുന്നത് തെറ്റാണ്. എല്ലാത്തിനേയും നിയമപരമായി മാത്രം സമീപിക്കുന്നത് ശരിയാണോ? ഞാന്‍ സ്‌കൂളുകളും സര്‍വ്വകലാശാലകളും നടത്തുന്നുണ്ട്. അപകടസാധ്യതയും മലിനീകരണവും കുറഞ്ഞ പടക്കങ്ങള്‍ മാത്രമാണ് ആഘോഷങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ അനുവദിക്കാറുള്ളത്. വലിയ ഡെസിബല്‍ ശബ്ദമുള്ള പടക്കങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. വലിയ വെടിക്കോപ്പുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതെന്നും രാംദേവ് പറഞ്ഞു.

പടക്ക വില്‍പ്പന നിരോധനത്തെ പിന്തുണച്ച ശശി തരൂരിന്റെ നിലപാടിനേയും അദ്ദേഹം വിമര്‍ശിച്ചു. തരൂരിനെ പോലെ വിവേകമുള്ള ഒരാള്‍ ഇത്തരത്തില്‍ പ്രതികരിക്കന്‍ പാടില്ലായിരുന്നെന്നും രാംദേവ് പറഞ്ഞു. 

ബക്രീദ് ആഘോഷങ്ങളില്‍ ബലി കഴിക്കപ്പെടുന്നത് ആടുകള്‍ മാത്രമാണ്. മുഹറം സ്വയം വേദനിപ്പിച്ച് കൊണ്ടുള്ള ത്യാഗമാണ്.എന്നാല്‍ പടക്കങ്ങള്‍ ദീപാവലി ആഘോഷിക്കുന്നവരേയും അല്ലാത്തവരേയും ബാധിക്കുമെന്നായിരുന്നു നിരോധനത്തെ പിന്തുണച്ചു കൊണ്ട് ശശി തരൂര്‍ പ്രതികരിച്ചത്. 

ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്ന് വരെയാണ് പടക്കവില്‍പ്പനയ്ക്ക് നിരോധനമുള്ളത്.