ബി.വി ശ്രീനിവാസ് പോസ്റ്റ് ചെയ്ത മോദിയുടെ ചിത്രം | Photo: facebook.com|SrinivasINC
ന്യൂഡല്‍ഹി: കാശി വിശ്വനാഥ ധാം ഇടനാഴി ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാന്‍ ടെലി പ്രോംപ്റ്റര്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്. ക്ഷേത്രത്തിലേക്ക് ടെലി പ്രോപ്റ്ററുമായി പോകുന്നത് ഹിന്ദുത്വവാദികള്‍ മാത്രമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി ടെലി പ്രോംപ്റ്റര്‍ ഉപയോഗിച്ച് കാശിയില്‍ പ്രസംഗിക്കുന്ന ചിത്രം പോസ്റ്റുചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
'ഒരു ഹിന്ദുവും ക്ഷേത്രദര്‍ശനത്തിന് പോകുമ്പോള്‍ ടെലി പ്രോംപ്റ്റര്‍ സംവിധാനവുമായി പോകില്ല. എന്നാല്‍ ഹിന്ദുത്വവാദികള്‍ അങ്ങനെ ചെയ്യും', എന്നായിരുന്നു ശ്രീനിവാസിന്റെ പോസ്റ്റ്.
മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ പ്രസംഗം നോക്കി വായിക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് ടെലി പ്രോംപ്റ്റര്‍. കാശിയിലെ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ വേദിയില്‍ ഇത് ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പരിപാടിക്കെത്തുമ്പോഴും ടെലി പ്രോംപ്റ്ററുമായി എത്തിയതിനെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ആശയം സൂചിപ്പിച്ചുകൊണ്ടാണ് ബി.വി ശ്രീനിവാസ് വിമര്‍ശിച്ചത്.
ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള വ്യത്യാസം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ പ്രസംഗം. 'ഹിന്ദുവും ഹിന്ദുത്വവാദിയും വ്യത്യസ്ത അര്‍ഥങ്ങളുള്ള വാക്കുകളാണ്. ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. മഹാത്മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്സെ ഹിന്ദുത്വവാദിയും. മഹാത്മഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്സെ മൂന്ന് വെടിയുണ്ടകള്‍കൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുത്തു', രാഹുല്‍ പറഞ്ഞു.
ഹിന്ദുത്വവാദികള്‍ ജീവിതം മുഴുവന്‍ അധികാരം തേടിയാണ് ചെലവഴിക്കുന്നതെന്നും അധികാരത്തിനായി അവര്‍ എന്തും ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. എല്ലാവരെയും ആശ്ലേഷിക്കുന്ന, ആരെയും ഭയക്കാത്ത, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവന്‍ ആണ് ഹിന്ദു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന സത്യത്തിന്റെ പാതയിലുള്ള ഹിന്ദുക്കളുടെ ഭരണം നമുക്ക് തിരികെ കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Content Highlights: Hindu Will not go to temple with teleprompter, Hindutvavadi will go; VB Srinivas against Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..