ന്യുഡല്‍ഹി: വാര്‍ഷിക പരീക്ഷകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരീക്ഷാ പേ ചര്‍ച്ച പരിപാടി സ്‌കൂളുകളില്‍ കേള്‍പ്പിച്ചതിലും വിവേചനം.

ഹിമാചല്‍പ്രദേശിലെ സ്‌കൂളിലാണ് ദളിത് വിദ്യാര്‍ഥികളെ പ്രധാനമന്ത്രിയുടെ പ്രസംഗവേളയില്‍ മറ്റ് കുട്ടികളില്‍ നിന്നും മാറ്റിയിരുത്തിയത്. 

കുളു ജില്ലയിലെ ചേസ്ത എന്ന ഗ്രാമത്തിലാണ് സംഭവം. കുതിരകളെ കെട്ടുന്നതിനായി നിര്‍മിച്ചിരുന്ന സ്ഥലത്തിരുന്നാണ് ദളിത് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയുടെ പ്രഭാഷണം കേട്ടത്.

സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂളിനും അധ്യാപികയായ മെഹര്‍ ചന്ദിനുമെതിരേ പോലീസ് മേധാവിക്ക് പരാതി നല്‍കി. 

നിങ്ങള്‍ക്ക് കാണാനായി പുറത്ത് ടിവി സ്ഥാപിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് കുട്ടികളെ മറ്റ് കുട്ടികളില്‍ നിന്ന് മാറ്റിയത്. ഇത് കുതിരയെ കെട്ടുന്ന സ്ഥലമായിരുന്നുന്നവെന്നും കാണിച്ചാണ് പരാതി നല്‍കിയത്. പരിപാടി മുഴുവന്‍ കഴിയാതെ പോകരുതെന്നും ടീച്ചര്‍ ആവശ്യപ്പെട്ടതായി കുട്ടികള്‍ അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും മേഖലയില്‍ പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും കുട്ടികളോട് ക്ഷമാപണം നടത്തുകയും ചെയ്തു.

ഈ കാര്യം ഇന്നാണ് തന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിദ്യാഭ്യാസ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ശക്തമായി നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരത്വാജ് പറഞ്ഞു.