ഷിംല: എല്ലാ വര്‍ഷവും ശിശിരകാലത്ത്  42 ദിവസം നിശ്ശബ്ദതയില്‍ ജീവിക്കുന്ന കുറേ ഗ്രാമങ്ങളുണ്ട് ഹിമാലയത്തിന്റെ താഴ്‌വരയില്‍, ഹിമാചല്‍ പ്രദേശില്‍. എല്ലാ വര്‍ഷവും മകരസംക്രാന്തി ദിവസം നിശ്ശബ്ദതയിലേക്ക് കൂപ്പുകുത്തുന്ന ഈ ഗ്രാമങ്ങള്‍ പിന്നീട് ശബ്ദമുഖരിതമാകുന്നത് മാഘമാസത്തിന്റെ അവസാനിക്കുമ്പോള്‍ മാത്രമാണ്.

42 ദിവസം നിശ്ശബ്ദത പാലിക്കുക എന്ന ആചാരത്തിനു പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. അതേക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ: ഭൂമിയില്‍നിന്ന് സ്വര്‍ഗത്തിലേക്ക് മടങ്ങിയ ദൈവങ്ങള്‍ ധ്യാനനിമഗ്നരായിരിക്കുന്ന സമയമാണിത്. ഭൂമിയില്‍നിന്നുള്ള ശബ്ദം അവരുടെ ധ്യാനത്തിന് ഭംഗം വരുത്തും. അങ്ങനെ സംഭവിച്ചാല്‍ ദൈവങ്ങള്‍ക്ക് കോപം വരും. അത് പ്രദേശത്തു താമസിക്കുന്ന ജനങ്ങള്‍ക്കും അവരുടെ മൃഗസമ്പത്തിനും വിളകള്‍ക്കും ദൗര്‍ഭാഗ്യത്തിന് കാരണമാവുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഗ്രാമങ്ങള്‍ നിശ്ശബ്ദത പാലിക്കുന്നത്.

മാഘമാസത്തില്‍ നിശ്ശബ്ദത പാലിക്കുന്ന ആചാരം നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു വരികയാണെന്ന് കുളു ജില്ലയിലെ ഗോഷല്‍ ഗ്രാമവാസിയായ ശ്യാം ഠാക്കൂര്‍ പറയുന്നു. ഈ സമയത്ത് സംഗീതം കേള്‍ക്കുകയോ ടിവി കാണുകയോ ഇല്ല. കൃഷിപ്പണി പോലും നിര്‍ത്തിവെയ്ക്കും. ശബ്ദമുണ്ടാക്കാന്‍ സന്ദര്‍ശകരെ പോലും അനുവദിക്കാറില്ല. നിശ്ശബ്ദതയുടെ ആചാരം മുന്‍ഗാമികളില്‍നിന്നാണ് ലഭിച്ചത്- ശ്യാം കൂട്ടിച്ചേര്‍ക്കുന്നു. മൊബൈലുകളും ലാന്‍ഡ്‌ലൈന്‍ ഫോണുകളും 
ഇക്കാലയളവില്‍ സൈലന്റ് മോഡിലാക്കാറുണ്ട്. 

himachal pradesh
Representative image. Photo: Twitter/ANI

ഇക്കുറി ഗ്രാമങ്ങളിലെ നിശ്ശബ്ദത അവസാനിക്കുന്നത് ഫെബ്രുവരി 25നാണ്. ഗോഷാലിനെ കൂടാതെ സോലാങ്, കോത്തി, ബുറുവ, മാജ്ഹച്ച്, പല്‍ചാന്‍ എന്നീ ഗ്രാമങ്ങളും 42 ദിവസം നിശ്ശബ്ദത പാലിക്കുകയെന്ന ആചാരം പിന്തുടരുന്നുണ്ട്. 

content highlights: himachal pradesh villages go silent for 42 days in every year