സുഖ്വീന്ദർ സിങ് സുഖു | Photo: PTI
ഷിംല: ഹിമാചല്‍ പ്രദേശില്‍ പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കാന്‍ തീരുമാനം. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം സംബന്ധിച്ച തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കൈക്കൊണ്ടു. വിഷയം ആഴത്തില്‍ പഠിച്ച ശേഷമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു പറഞ്ഞു. പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് ചില ആശങ്കകള്‍ ഉന്നയിച്ചെങ്കിലും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പെന്ഷന് പദ്ധതിക്ക് കീഴിലുള്ള എല്ലാവര്ക്കും പഴയ പദ്ധതിയിലേക്ക് മാറാന്‍ സാധിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം അറിയിച്ചു.
'പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കുന്നത് വോട്ടുകള്‍ക്ക് വേണ്ടിയല്ല. ഹിമാചല്‍ പ്രദേശിന്റെ വികസന ചരിത്രമെഴുതിയ ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി പുനഃസ്ഥാപിക്കുന്നത്.'- സുഖു പറഞ്ഞു.
കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് പഴയ പെന്ഷന് പദ്ധതിയിലേക്കുള്ള തിരിച്ചുപോക്ക്. കോണ്‍ഗ്രസ് അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാവുമെന്നായിരുന്നു മുഖ്യമന്ത്രി സുഖുവിന്റെ ഉറപ്പ്. ഇതാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്. മുഴുവന്‍ പെന്ഷന് തുകയും സര്‍ക്കാര്‍ വഹിക്കുന്ന പഴയ പെന്ഷന് പദ്ധതി 2004 ഏപ്രിലിലായിരുന്നു നിര്‍ത്തലാക്കിയത്. പുതിയ പെന്ഷന് പദ്ധതി പ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ജീവനക്കാരും 14 ശതമാനം സര്‍ക്കാരും പങ്കിടുകയായിരുന്നു.
Content Highlights: Himachal Pradesh reinstates Old Pension Scheme in first cabinet meeting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..