വരുന്നൂ കോണ്‍ഗ്രസ്... എവിടേയ്ക്ക്? ഹിമാചലില്‍ രസകരമായ പോസ്റ്റര്‍ യുദ്ധം


ഷൈന്‍ മോഹന്‍

ഭരണവിരുദ്ധവികാരം ബി.ജെ.പി.യെ താഴെയിറക്കി കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റുമോ, അതോ കേന്ദ്രത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ജയ്റാം ഠാക്കൂറിന് ജനങ്ങള്‍ ഒരവസരം കൂടി നല്‍കുമോ എന്നതാണ് ചോദ്യം.

ഷിംലയിലെ കെട്ടിടത്തിൽ സ്ഥാപിച്ച ബിജെപിയുടെയും കോൺഗ്രസിന്റെയും കൂറ്റൻ പ്രചരണ ബോർഡുകൾ | ഫോട്ടോ: സാബു സ്‌കറിയ/ മാതൃഭൂമി

ഷിംല: ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും മാറിമാറി അവസരം കൊടുക്കുന്നതാണ് ഹിമാചല്‍ പ്രദേശിന്റെ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ രീതി. ആ പ്രതീക്ഷയില്‍ക്കൂടിയായിരിക്കാം കോണ്‍ഗ്രസ് ഇക്കുറി അവരുടെ മുഖ്യ പ്രചാരണ വാചകം തയ്യാറാക്കിയത്. ജയ്റാം ഠാക്കൂറിന്റെ ബി.ജെ.പി. സര്‍ക്കാരിനെ താഴെയിറക്കുമെന്ന ലക്ഷ്യത്തോടെ 'വരുന്നൂ കോണ്‍ഗ്രസ്' (ആ രഹീ ഹെ കോണ്‍ഗ്രസ്) എന്നെഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ സംസ്ഥാനത്തെങ്ങും സ്ഥാപിച്ചുകഴിഞ്ഞു.

എന്നാല്‍, അവിടെയാണ് ബി.ജെ.പി. പണി തുടങ്ങിയത്. വരുന്നൂ കോണ്‍ഗ്രസ് എന്ന ബോര്‍ഡുകളുടെ ഇടതുവശത്തായി അതേ വലിപ്പത്തില്‍ മറ്റൊരു ബോര്‍ഡ് ബി.ജെ.പി. സ്ഥാപിച്ചു. 'ജയ്റാം ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്' (ജയ്റാം ജീ കി ശപഥ് ഗ്രഹണ്‍ മേം) എന്നെഴുതി വലതുവശത്തേയ്ക്ക് അമ്പടയാളമിട്ടാണ് ബി.ജെ.പി.യുടെ ബോര്‍ഡുകള്‍. നേരത്തേ, മോദിയുടെ ചിത്രം വെച്ച മറ്റൊരു ബോര്‍ഡ് മാറ്റിയാണ് ബി.ജെ.പി. ഇത് സ്ഥാപിച്ചത്. ഇതോടെ, ആളുകള്‍ വായിക്കുന്നത് ഇങ്ങനെയാണ്- ജയ്റാം ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വരുന്നൂ കോണ്‍ഗ്രസ്. ഇനി അധികാരമേറാന്‍ പോകുന്നതും ജയറാമിന്റെ ബി.ജെ.പി.യാണെന്ന് വ്യക്തമാക്കുകയാണവര്‍.വീഴുമോ ബി.ജെ.പി. സര്‍ക്കാര്‍?

ഹിമാചലില്‍ നവംബര്‍ 12-ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഡിസംബര്‍ എട്ട് വരെ കാത്തിരിക്കണം. ഭരണവിരുദ്ധവികാരം ബി.ജെ.പി.യെ താഴെയിറക്കി കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റുമോ, അതോ കേന്ദ്രത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ജയ്റാം ഠാക്കൂറിന് ജനങ്ങള്‍ ഒരവസരം കൂടി നല്‍കുമോ എന്നതാണ് ചോദ്യം.

അടിസ്ഥാന സൗകര്യമേഖലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. കുന്നും മലകളും മാത്രമൊരുക്കുന്ന ഭൂപ്രകൃതിയില്‍ റോഡുകളുണ്ടാക്കിയും നേരത്തേയുള്ളവയ്ക്ക് വീതി കൂട്ടിയും യാത്രാക്ലേശം കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഹിമാചലിലൂടെ കടന്നുപോകുന്ന ദേശീയ, സംസ്ഥാന പാതകളെല്ലാം മെച്ചമായിട്ടുണ്ടെന്നതില്‍ സംശയമില്ല. ഗ്രാമീണ റോഡുകളുടെ അവസ്ഥ ഇപ്പോഴും ദയനീയം തന്നെ. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന നല്ല റോഡുകള്‍ തയ്യാറാക്കുമെന്ന് ബി.ജെ.പി. പ്രകടന പത്രികയില്‍ പറയുന്നു.

ഷിംലയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: സാബു സ്‌കറിയ/ മാതൃഭൂമി

പൈപ്പ് വെള്ളമാണ് മറ്റൊരു വിഷയം. ഈ മേഖലയിലും സര്‍ക്കാര്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. റോഡരികിലെല്ലാം കുടിവെള്ള പദ്ധതിക്കായി ഇറക്കിയിരിക്കുന്ന പൈപ്പുകള്‍ കുന്നുകൂടി കിടക്കുന്നത് കാണാം. തുടര്‍ഭരണം ലഭിച്ചില്ലെങ്കില്‍ ഈ പൈപ്പുകള്‍ അവിടെ തന്നെ കിടന്നുപോകുമോയെന്ന് ജനങ്ങള്‍ ചിന്തിക്കുമെന്ന പ്രതീക്ഷയും ബി.ജെ.പി.ക്കുണ്ട്.

ബി.ജെ.പി.ക്ക് മുന്നിലെ ചോദ്യങ്ങള്‍

അടിസ്ഥാനസൗകര്യ മേഖലയില്‍ ചെയ്തതതൊഴിച്ചാല്‍ മറ്റെല്ലാം ബി.ജെ.പി.ക്ക് എതിരാണ്. പഴയ പെന്‍ഷന്‍ സ്‌കീമാണ് മുഖ്യ വിഷയങ്ങളിലൊന്ന്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഇതിനുവേണ്ടി ശക്തമായി വാദിക്കുന്നു.

ഷിംലയില്‍ ബിജെപി സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡ് | ഫോട്ടോ: സാബു സ്‌കറിയ/മാതൃഭൂമി

പഴയ സ്‌കീം പ്രകാരം 75,000 രൂപ പെന്‍ഷന്‍ ലഭിക്കേണ്ട കോളജ് പ്രൊഫസര്‍ക്ക് പുതിയ പെന്‍ഷന്‍ സ്‌കീം പ്രകാരം കിട്ടുന്നത് വെറും 5,000 രൂപയാണത്രെ. അധികാരത്തില്‍ വന്നാല്‍ പഴയ സ്‌കീമിലേക്ക് തിരിച്ചുപോകുമെന്നും ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച ഉത്തരവിറക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതില്‍ വിശ്വാസമര്‍പ്പിച്ചാല്‍ ബി.ജെ.പി.ക്ക് വിനയാകും.

കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍

സംസ്ഥാനത്തെ 68 സീറ്റുകളില്‍ 44-ഉം നേടിയാണ് 2017-ല്‍ ബി.ജെ.പി. അധികാരമേറ്റത്. മുപ്പതിലേറെ സീറ്റുകളില്‍ അയ്യായിരത്തില്‍ താഴെയായിരുന്നു ഭൂരിപക്ഷം. അതിനാല്‍ സര്‍ക്കാരിനോടുള്ള ചെറിയൊരു വികാരം പോലും സീറ്റുകള്‍ മാറ്റി മറിച്ചേക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.


ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ/മാതൃഭൂമി

വിമതപ്രശ്നം കൂടുതല്‍ നേരിടുന്നതും ബി.ജെ.പി.യാണ്. കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ച് അഞ്ച് വിമതരാണ് സ്വതന്ത്രരായി മത്സരിക്കുന്നതെങ്കില്‍ ബി.ജെ.പി.ക്കത് ഇരുപതാണ്. മുന്‍ എം.എല്‍.എ.മാര്‍ കൂടിയായ പല വിമതര്‍ക്കും അവരവരുടെ മേഖലകളിലെ സ്വാധീനമുപയോഗിച്ച് ആയിരമോ രണ്ടായിരമോ വോട്ട് നേടാനായാല്‍പ്പോലും മുഖ്യ പാര്‍ട്ടികള്‍ക്കത് തലവേദനയാകുമെന്ന് തീര്‍ച്ച.

ആരവമുണ്ടാക്കാതെ ആപ്പ്

ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും വലിയ തരംഗമുണ്ടാക്കി തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് അയല്‍ സംസ്ഥാനമായ ഹിമാചലിലേക്ക് ആം ആദ്മി പാര്‍ട്ടി ചുവടുവെച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും ആപ്പിന് ഇവിടെ കാര്യമായ ചലനമൊന്നുമുണ്ടാക്കാനായിട്ടില്ല.

ഷിംലയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: സാബു സ്‌കറിയ/മാതൃഭൂമി

ആപ്പിന്റെ പ്രചാരണപരിപാടികള്‍ പോയിട്ട് നാല് പോസ്റ്ററുകള്‍ പോലും എവിടേയും കാണാനില്ല. നാലോ അഞ്ചോ മണ്ഡലങ്ങളില്‍ കുറച്ച് വോട്ടുകള്‍ പിടിച്ചേക്കാമെന്നല്ലാതെ ആപ്പിന്റെ അത്ഭുതങ്ങള്‍ ഹിമാചലില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇതുവരേയുള്ള സാഹചര്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

Content Highlights: himachal pradesh election bjp congress election campaign and their possibilities


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented