മറ്റെങ്ങും കാണാത്ത ആവേശവുമായി കോണ്‍ഗ്രസ്, ഹിമാചല്‍പ്രദേശ് നാളെ പോളിങ് ബൂത്തിലേക്ക്


അനൂപ് ദാസ് \ മാതൃഭൂമി ന്യൂസ്‌

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ഷിംല: ഹിമാചല്‍ പ്രദേശ് നാളെ പോളിംഗ് ബൂത്തില്‍. ദേശീയ നേതാക്കളെ ഇറക്കി പ്രചാരണം നയിച്ച ബിജെപിയും സംസ്ഥാനത്തെ വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കിയ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിച്ചു. ഭരണ വിരുദ്ധ വികാരമാണോ വൈകാരിക വിഷയങ്ങളാണോ നാളെ വോട്ടര്‍മാര്‍ പരിഗണിക്കുക എന്നതാണ് പ്രധാന വിഷയം. 55,92,828 വോട്ടര്‍മാര്‍ 7,881 പോളിംഗ് ബൂത്തുകളിലെത്തി നാളെ രാവിലെ മുതല്‍ വിധിയെഴുതും.

അടുത്ത കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനത്തും കാണാത്ത ആവേശം ഹിമാചലിലെ കോണ്‍ഗ്രസില്‍ കണ്ടു. തൊഴിലില്ലായ്മ, പുതിയ പെന്‍ഷന്‍ പദ്ധതിയിലെ വലിയ കുഴപ്പം, അഗ്‌നിപഥ് പദ്ധതി, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന ജനകീയ വിഷയങ്ങളെക്കുറിച്ച് വോട്ടര്‍മാരില്‍ ബോധമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പൊതുയോഗങ്ങളില്‍ വലിയ ആള്‍ക്കൂട്ടത്തെ കണ്ടു.



പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രിയങ്ക ഗാന്ധിയ്ക്ക് കൂടുതല്‍ സ്ഥലങ്ങളില്‍ പ്രസംഗിക്കാമായിരുന്നുവെന്ന് സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. രാഹുല്‍ ഗാന്ധി എത്തും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടാവാത്തത് പ്രവര്‍ത്തകരില്‍ നിരാശ സമ്മാനിക്കുകയും ചെയ്തു. രണ്ട് സംസ്ഥാനത്ത് മാത്രം അധികാരത്തലുള്ള കോണ്‍ഗ്രസിന് ഹിമാചലിലെ വിജയം സുപ്രധാനമാണ്. ആ ഗൗരവം പാര്‍ട്ടി തിരഞ്ഞെടുപ്പിന് നല്‍കി എന്ന് തന്നെയാണ് വിലയിരുത്താനാകുക. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുകാര്‍ പ്രതീക്ഷയിലാണ്.

അഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ച ബിജെപി ചെയ്ത വികസനം ഉയര്‍ത്തിക്കാട്ടിയല്ല പ്രചാരണം നയിച്ചത്. ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ റാലികളില്‍ വിശദീകരിച്ചു നേതാക്കള്‍. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കും എന്നതാണ് ബിജെപിയുടെ ഏറ്റവും പ്രധാന വാഗ്ദാനം. തൊഴിലും പെന്‍ഷനും ആപ്പിളിന് താങ്ങുവിലയും ചോദിക്കുന്ന മനുഷ്യരോടാണ് ഞങ്ങള്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കും എന്ന് ബിജെപി പറയുന്നത്.

ആദ്യം പ്രകടന പത്രിക പുറത്തിറക്കിയ കോണ്‍ഗ്രസ് അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പു നല്‍കിയപ്പോള്‍ ബിജെപി എട്ട് ലക്ഷം തൊഴില്‍ നല്‍കും എന്ന് പ്രഖ്യാപിച്ചു. ഭൂരിപക്ഷ വൈകാരികതയെ കൂട്ടുപിടിച്ച് ഹിമാചല്‍ നിലനിര്‍ത്താം എന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടികളില്‍ നിന്ന് ആ അജണ്ട വ്യക്തവുമാണ്.

ബിജെപിയേയും കോണ്‍ഗ്രസിനേയും വിമത പ്രശ്നം അലട്ടുന്നുണ്ട്. എന്നാല്‍ വിമതര്‍ ഏറ്റവും കുഴപ്പമുണ്ടാക്കുന്നത് ബിജെപിയ്ക്ക് തന്നെ. മുന്‍ മുഖ്യമന്ത്രിയും ഹിമാചല്‍ ബിജെപിയിലെ ഒരു ഗ്രൂപ്പിന്റെ നേതാവുമായ പ്രേം കുമാര്‍ ധൂമലിന്റെ പക്ഷത്തെ നിരവധി പേര്‍ക്ക് പാര്‍ട്ടി ഇത്തവണ സീറ്റ് നല്‍കിയില്ല. ഇവരില്‍ മിക്കവരും വിമതരായി മത്സരിക്കുന്നു. വോട്ടര്‍മാരുടെ എണ്ണം തീരെ കുറഞ്ഞ മണ്ഡലങ്ങളാണ് ഹിമാചലില്‍. വ്യക്തി ബന്ധങ്ങളും വോട്ടായി മാറുന്ന ഇടം.

മുന്‍ എംഎല്‍എമാര്‍ പോലും ബിജെപി വിമതരായതോടെ പത്തിലധികം സീറ്റില്‍ പാര്‍ട്ടി പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസില്‍ വിമത പ്രശ്നം അത്ര രൂക്ഷമല്ല എങ്കിലും ഭരണം കിട്ടിയാലാണ് പ്രശ്നം ആരംഭിക്കാന്‍ പോകുന്നത്. പിസിസി അധ്യക്ഷ പ്രതിഭ സിംഗ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി, സുഖ്വീന്ദര്‍ സിംഗ് സുഖു എന്നിവര്‍ മുഖ്യമന്ത്രി കുപ്പായം കിട്ടാന്‍ കാത്തു നില്‍ക്കുന്നു. ജയിച്ചാലും തോറ്റാലും പ്രതിസന്ധി എന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ.

തിയോഗിലെ സിറ്റിങ് എംഎല്‍എ രാകേഷ് സിന്‍ഹ ഇത്തവണയും വിജയിക്കും എന്ന് സിപിഎം കരുതുന്നു. എന്നാല്‍ അതിശക്തമായ മത്സരമാണ് ഈ മണ്ഡലത്തില്‍ നടക്കുന്നത്. ടിക്കെന്ദര്‍ പന്‍വര്‍ മത്സരിക്കുന്ന ഷിംല അര്‍ബനിലും പ്രതീക്ഷ വയ്ക്കുന്നു. മത്സരിക്കുന്ന മറ്റ് പത്ത് മണ്ഡലങ്ങളില്‍ വലിയ മത്സരം കാഴ്ചവെയ്ക്കാം എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

പഞ്ചാബിലെ ആവേശം ഹിമാചലിലേയ്ക്ക് കൊണ്ടുവരാന്‍ ആംആദ്മി പാര്‍ട്ടി ശ്രമിച്ചതാണ്. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ കള്ളപ്പണക്കേസില്‍ ജയിയിലായതോടെ പ്രവര്‍ത്തനം മന്ദഗതിയിലായി. നേതാക്കള്‍ ഗുജറാത്തില്‍ കേന്ദ്രീകരിച്ചു. ഹിമാചലിലെ സാധ്യതകള്‍ മങ്ങുകയും ചെയ്തു. മറ്റ് പാര്‍ട്ടികള്‍ വിട്ട് വന്ന അഞ്ച് നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളാണ് എഎപിയ്ക്ക് പ്രതീക്ഷയുള്ളത്.

മുന്‍ ബിജെപി എംപി രജന്‍ സുശാന്ത് ഫത്തേപൂരില്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനീഷ് താക്കൂര്‍ പോന്ത സാഹേബില്‍, ബിജെപി എസ്.സി മോര്‍ച്ചയുടെ പഴയ അധ്യക്ഷന്‍ ഹര്‍മേല്‍ ദിമന്‍ കസൗളിയില്‍, കോണ്‍ഗ്രസ് മുന്‍ ജില്ലാ പരിഷത്ത് ചെയര്‍മാന്‍ ധരംപാല്‍ ചൗഹാന്‍ സോളനില്‍, ജബ്‌ന കുമാരി നാചനില്‍ നിന്നും ജനവിധി തേടുന്നു. ഹിമാചലില്‍ എത്തുന്ന പ്രധാന എഎപി നേതാക്കള്‍ ഈ മണ്ഡലങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. വിജയിച്ചില്ലെങ്കിലും ഇവിടങ്ങളില്‍ എഎപി വിധി നിശ്ചയിക്കും.

Content Highlights: election, assembly, himachal pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented