ഹിമാചൽ പ്രദേശിലെ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകർ | Photo: ANI
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റ് നേടി അധികാരത്തിലെത്തിയ ആഹ്ലാദത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയാകട്ടെ 25 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നാല്‍ ആകെ പോള്‍ ചെയ്ത വോട്ട് പരിശോധിക്കുമ്പോള്‍, കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം വെറും 37,974 വോട്ടുകളാണ്. ശതമാനത്തില്‍ പറഞ്ഞാല്‍ 0.9%.
സംസ്ഥാനത്ത് ആകെ പോള്‍ചെയ്തതില്‍ ഏകദേശം 18.52 ലക്ഷം (43.90%) വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് ഏകദേശം 18.14 ലക്ഷം (43.00%) വോട്ടുകളുമാണ്. ബി.ജെ.പിയേക്കാള്‍ 37,974 വോട്ട് മാത്രമേ കോണ്‍ഗ്രസ് നേടിയുള്ളുവെങ്കിലും അതിലൂടെ 15 സീറ്റുകളാണ് അവര്‍ക്ക് അധികം ജയിക്കാനായത്. അതില്‍ത്തന്നെ എട്ടു സീറ്റുകളില്‍ 2,500-ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പോയ എ.എ.പി. നേടിയത് 46,270 അഥവാ 1.10% വോട്ടാണ്.
സുജന്‍പുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ രജീന്ദര്‍ സിങ് ബി.ജെ.പിയുടെ രഞ്ജിത് സിങ് റാണയെ പരാജയപ്പെടുത്തിയത് വെറും 399 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. രാംപുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നന്ദ് ലാല്‍ 567 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ കൗള്‍ സിങ്ങിനെ പരാജയപ്പെടുത്തിയത്.
വളരെക്കുറഞ്ഞ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയും ചില സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. ബിലാസ്പുറില്‍ കോണ്‍ഗ്രസിന്റെ ബംബര്‍ ഠാക്കൂറിനെ 276 വോട്ടിനാണ് ബി.ജെ.പിയുടെ ത്രിലോക് ജംവാല്‍ പരാജയപ്പെടുത്തിയത്. ദാരംഗില്‍ ബി.ജെ.പിയുടെ പുരന് ചന്ദ് 618 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ കൗള്‍ സിങ് ഠാക്കൂറിനെ പരാജയപ്പെടുത്തിയത്.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ചതും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ബി.ജെ.പിയുടെ അനില്‍ ധിമാനെ വെറും 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭോരാഞ്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സുരേഷ് കുമാര്‍ പരാജയപ്പെടുത്തിയത്.
Content Highlights: himachal pradesh assembly election perfomance of congress and vote share
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..