ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കോണ്‍ഗ്രസും ബി.ജെ.പി.യും ആകെയുള്ള 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. ബി.എസ്.പി. 42 സീറ്റിലും സി.പി.എം. 14 സീറ്റിലും സ്വാഭിമാന്‍ പാര്‍ട്ടിയും ലോക് ഗഠ്ബന്ധന്‍ പാര്‍ട്ടിയും ആറുവീതം സീറ്റുകളിലും സി.പി.ഐ. മൂന്നുസീറ്റിലും മത്സരിക്കുന്നു. രാവിലെ എട്ട് മണി മുതലാണ് വോട്ടെടുപ്പ്.

ഹിമാചല്‍ പിടിക്കാന്‍ ശക്തമായ പ്രചാരണപരിപാടികള്‍ക്കാണ് കോണ്‍ഗ്രസും ബി.ജെ.പി.യും നേതൃത്വം നല്‍കിയത്. 450-ലേറെ തിരഞ്ഞെടുപ്പ് റാലികള്‍ ഹിമാചലില്‍ നടന്നു. 12 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു. അമിത് ഷായും മോദിയും ആറുറാലികളിലും രാഹുല്‍ഗാന്ധി മൂന്നുറാലികളിലും പങ്കെടുത്തു.

ഭരണത്തിലുള്ള കോണ്‍ഗ്രസിനെതിരേ അഴിമതിയാരോപണങ്ങള്‍ തൊടുത്തുകൊണ്ടാണ് ബി.ജെ.പി. വോട്ടുതേടുന്നത്. പാളിപ്പോയ നോട്ട് അസാധുവാക്കല്‍ തീരുമാനവും ജി.എസ്.ടി.യുമാണ് കോണ്‍ഗ്രസിന്റെ പ്രചാരണായുധം. ആകെ 19 വനിതാസ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ബി.ജെ.പി.യില്‍ ആറും കോണ്‍ഗ്രസില്‍ മൂന്നും. 

7,525 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി തയ്യാറാക്കിയിട്ടുള്ളത്. 37,605 പോളിങ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു. 50,25,941 വോട്ടര്‍മാരാണ് ഹിമാചല്‍പ്രദേശിലുള്ളത്. 17,850 പോലീസ് ഉദ്യോഗസ്ഥര്‍ക്കുപുറമേ ഹോംഗാര്‍ഡുകളെയും 65 കമ്പനി കേന്ദ്ര പാരാമിലിട്ടറി സൈനികരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് സുഗമമായി നടത്താനാവശ്യമായ സജ്ജീകരണങ്ങള്‍ നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുഷ്‌പേന്ദര്‍ രാജ്പുത് പറഞ്ഞു.