ഷിംല: ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശിലും പെട്രോള്‍, ഡീസല്‍ നികുതി ഒരു ശതമാനം കുറച്ചു. 

മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ പെട്രോളിന് 27 ശതമാനവും ഡീസലിന് 16 ശതമാനവും നികുതിയാണ് ഹിമാചല്‍പ്രദേശ് ഇടാക്കുന്നത്. ഇതില്‍ നിന്നാണ് ഒരു ശതമാനം കുറവ് വരുത്തിയത്. 

മഹാരാഷ്ട്രയില്‍ പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും കുറച്ചിരുന്നു. പുതിയ നിരക്ക് പ്രകാരം പെട്രോള്‍ ലിറ്ററിന് 75.58 രൂപയും. ഡീസലിന് 59.55 രൂപയുമായി. 

മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 25 ശതമാനമാണ് സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി ഈടാക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ 26 ശതമാനവുമാണ് പെട്രോളിന് നികുതി. 

ഡീസലിനാകട്ടെ മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 21 ശതമാനമാണ് നികുതി. മറ്റ് ഭാഗങ്ങളില്‍ 22 ശതമാനവുമാണ്.

ഗുജറാത്തില്‍ പെട്രോള്‍ ഡീസല്‍ നികുതി നാല് ശതമാനമാണ് കുറച്ചത്.  പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ട ശേഷം ആദ്യം അനുകൂലമായി പ്രതികരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

നികുതി കുറച്ചതിലൂടെ പെട്രോളിനും 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു. പുതിയ നിരക്ക് കഴിഞ്ഞ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടതുപ്രകാരം ഇത് മൂന്നാമത്തെ സംസ്ഥാനമാണ് അനുകൂല നിലപാട് സ്വീകരിക്കുന്നത്.