ഗുജറാത്തിലെ വനിതാ സ്വയംസഹായ സംഘമായ ‘സേവ’യുടെ അഹമ്മദാബാദ് ആസ്ഥാനം സന്ദർശിച്ച മുൻ യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റൺ | Photo: AP
“പുറംജോലികളിൽ ഏർപ്പെടുക്കുന്നവർക്ക് കഠിനമായ ചൂട് പ്രശ്നമാകാൻ പോവുകയാണ്. നിർമാണം, ശുചീകരണം, കൃഷി തുടങ്ങിയ മേഖലകളിലൊക്കെ ഇത് രൂക്ഷമാകും”- ചൂടിനെ നേരിടാൻ വേണ്ടി ഗുജറാത്തിൽ 414 കോടിയുടെ (അഞ്ച് കോടി ഡോളർ) സഹായം പ്രഖ്യാപിച്ചശേഷം അമേരിക്കൻ മുന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റൺ പറഞ്ഞത് ഇപ്രകാരമായിരുന്നു.
ഗുജറാത്തിൽ ആഗോളതാപനത്തെ നേരിടാൻ വേണ്ടി വനിതാ സംഘങ്ങൾ വഴിയാണ് 414 കോടിയുടെ സഹായം നൽകുമെന്ന് യു.എസ്. മുൻ വിദേശകാര്യ സെക്രട്ടറി പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിലെ വനിതാ സ്വയം സഹായ സംഘമായ ‘സേവ’ യായിരിക്കും ഇതിന്റെ നോഡൽ ഏജൻസി.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഹില്ലരി ക്ലിന്റൺ ഞായറാഴ്ച ഗുജറാത്തിൽ എത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി സുരേന്ദ്രനഗർ ജില്ലയിൽ ലിറ്റിൽ റാൻ ഓഫ് കച്ചിലെ കുഡ ഗ്രാമത്തിലുള്ള ഉപ്പളങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകളെ സന്ദർശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. കാലാവസ്ഥാ വ്യതിയാനംമൂലമുള്ള പ്രശ്നങ്ങളെ നേരിടുന്നതിനും പുതിയ ജീവിതമാർഗങ്ങൾ കണ്ടെത്തുന്നതിനും വിദ്യാഭ്യാസത്തിനുമായി ഈ പണംചെലവഴിക്കാം.
'ക്ലിന്റൺ ഗ്ളോബൽ ഇനിഷ്യേറ്റീവ്, റോക്‌ഫെല്ലർ ഫൗണ്ടേഷൻ റിസൈലൻസ് സെന്റർ, അൽഗോറൻഡ് ഫൗണ്ടേഷൻ, കൗൺസിൽ ഫോർ ഇൻക്ളൂസീവ് കാപ്പിറ്റലിസം, അമേരിക്കൻ ഇന്ത്യാ ഫൗണ്ടേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഫണ്ട് നൽകുന്നത്. പോലീസുകാർ, അഗ്നിശമനസേന തുടങ്ങി പുറത്തുപോയി ജോലിചെയ്യേണ്ടി വരുന്നവർക്കെല്ലാം സഹായംനൽകുന്ന പദ്ധതിയാണിത്'- ഹില്ലരി പറഞ്ഞു.
അതേസമയം സേവയിലെ അംഗങ്ങൾക്ക് ‘ചൂട് ഇൻഷുറൻസ്’ ഏർപ്പെടുത്തുമെന്ന് റോക്‌ഫെല്ലർ ഫൗണ്ടേഷൻ ഡയറക്ടർ കാത്തി ബങ്ക്മാൻ അറിയിച്ചു. എന്നാൽ, ഇതിന്റെ പ്രീമിയം തൊഴിലാളികൾ അടയ്ക്കേണ്ടതില്ല. കടുത്തചൂടിൽ ജോലിചെയ്യാനാകാതെവന്നാൽ വരുമാനം ഉറപ്പാക്കാനാണ് ഈ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതെന്നും ബാങ്ക്മാൻ വ്യക്തമാക്കി.

ഇള ഭട്ടും ഹിലരി ക്ലിന്റണും
1993ൽ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഹില്ലരിയുടെ ഭർത്താവ് ബിൽ ക്ലിന്റന്റെ കാലത്ത് തന്നെ ഇള ഭട്ടും ഹില്ലരിയും തമ്മിൽ പരസ്പരം പരിചയത്തിലായിരുന്നു. 1995ലാണ് ക്ലിന്റൺ ആദ്യമായി ഗുജറാത്തിലെ സേവ സന്ദർശിത്തുന്നത്. സ്ത്രീ ശാക്തീകരണം മുൻ നിർത്തിക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയെക്കുറിച്ച് ഹില്ലരിയോട് അന്ന് ഇള ഭട്ട് വിശദീകരിക്കുകയും പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2018ലും ഹില്ലരി സേവയിൽ സന്ദർശനം നടത്തിരുന്നു. സേവയിലെ അംഗങ്ങളുമായി ഈ അവസരത്തിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
എന്താണ് സേവ (SEWA -Self Employed Women's Association)
1972-ൽ അഹമ്മദാബാദ് കേന്ദ്രീകരിച്ച്, അഭിഭാഷകയും ഗാന്ധിയനുമായ ഇള ഭട്ട് ആണ് 'സേവ' സ്ഥാപിച്ചത്. തൊഴിൽ മേഖലകളിൽ സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയിൽ 20 ലക്ഷത്തിലേറെ അംഗങ്ങളുണ്ടെന്നാണ് കണക്കുകൾ.
കഴിഞ്ഞ വർഷം നവംബറിലാണ് ഇള ഭട്ട് അന്തരിക്കുന്നത്. ഇവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് ഹില്ലരി അനുശോചനമറിയിക്കുകയും ചെയ്തു. ഇതിന് ശേഷം, സേവ ആദ്യമായി സ്ഥാപിച്ച എല്ലിസ് ബ്രിഡ്ജ് പ്രദേശം സന്ദർശിക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് ആദ്യമായി ഇള ഭട്ട് 1972 ഏപ്രിൽ 12ന് ആദ്യ യോഗം ചേർന്നത്. വീടുകളിൽ ജോലി ചെയ്യുന്ന, വഴിയോരക്കച്ചവടക്കാരായ സ്ത്രീകളെ വിളിച്ചു ചേർത്തു കൊണ്ടായിരുന്നു ആദ്യത്തെ യോഗം. സംഘടന അമ്പത് വർഷം പൂർത്തിയാക്കിയ, 2022 ഏപ്രിലിൽ ഇള ഭട്ട് ഈ പ്രദേശത്ത് ഒരു മരം നടുകയും ചെയ്തിരുന്നു.
ഗാന്ധിനഗർ ഐ.ഐ.ടി. സന്ദർശനത്തോടെ ക്ലിന്റൺ തന്റെ ഗുജറാത്ത് സന്ദർശനം പൂർത്തിയാക്കി.
Content Highlights: Hillary Clinton announces 50 million dollar Global Climate Resilience Fund
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..