ന്യൂഡല്‍ഹി: കുട്ടികളില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെയും ലോകാരോഗ്യസംഘടനയുടെയും പഠനം. 

കോവിഡിന്റെ മൂന്നാംതരംഗം മറ്റ് വിഭാഗങ്ങളെക്കാള്‍ കുട്ടികളെ ബാധിച്ചേക്കുമെന്ന ആശങ്കയെ ലഘൂകരിക്കുന്നതാണ് പഠനത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍. വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ആണ് സീറോ പോസിറ്റിവിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

അഞ്ച് സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിന് എയിംസിന്റെ എത്തിക്‌സ് കമ്മിറ്റിയുടെയും പഠനത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങളുടെയും അംഗീകാരവും ലഭിച്ചിട്ടുമുണ്ട്. വിവരം ലഭ്യമായ, പഠനത്തിന് വിധേയമാക്കിയ 4509 പേരില്‍, 700 പേര്‍ 18 വയസ്സിനു താഴെയുള്ളവരാണ്. 3809 പേര്‍ പതിനെട്ടു വയസ്സുള്ളവരാണ്. 

11, 12, 11, 13, 14 എന്നിങ്ങനെ ആയിരുന്നു ഡല്‍ഹി അര്‍ബന്‍, ഡല്‍ഹി റൂറല്‍, ഭുവനേശ്വര്‍, ഗോരഖ്പുര്‍, അഗര്‍ത്തല എന്നിവിടങ്ങളില്‍നിന്ന് പഠനത്തിന് വിധേയമാക്കിയ കുട്ടികളുടെ ശരാശരി പ്രായം. മാര്‍ച്ച് 15നും ജൂണ്‍ പത്തിനും ഇടയിലാണ് പഠനത്തിനു വേണ്ടിയുള്ള വിവരശേഖരണം നടത്തിയത്. പഠനത്തിന് വിധേയരാക്കിയവരിലെ സാര്‍സ് കൊവ്-2 വൈറസിനെതിരായ ടോട്ടല്‍ സെറം ആന്റിബോഡിയെ കണക്കാക്കാന്‍ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്നും ഗവേഷകര്‍ പറഞ്ഞു. 

പ്രായപൂര്‍ത്തിയയവരെ അപേക്ഷിച്ച് കുട്ടികളില്‍ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍തന്നെ നിലവിലെ കോവിഡ് വകഭേദംമൂലം ഭാവിയില്‍ ഉണ്ടായേക്കാവുന്ന കോവിഡ് മൂന്നാംതരംഗം രണ്ടുവയസ്സോ അതിനു മുകളിലേ പ്രായമുള്ള കുട്ടികളെ ബാധിക്കാന്‍ സാധ്യത കുറവാണ്. 

content highlights: high sero positivity: children may escape from covid third wave