പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.
പാറ്റ്ന (ബിഹാര്‍): ബിഹാറില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയ നടപടിയില്‍ പോലീസിനും ഭൂമാഫിയക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി പാറ്റ്ന ഹൈക്കോടതി. വീടുകള്‍ പൊളിച്ചുനീക്കല്‍ ഒരു തമാശയായിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. സജോഗ ദേവി എന്ന സ്ത്രീയുടെ വീട് അനധികൃതമായി പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതിയുടെ വിമര്‍ശനം. ഒക്ടോബര്‍ 15-നാണ് ഇവരുടെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
'ബുള്‍ഡോസര്‍ നടപടി ഇവിടെയും തുടങ്ങിയോ? നിങ്ങള്‍ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്, സംസ്ഥാനത്തെയോ അതോ സ്വകാര്യ വ്യക്തികളെയോ? വീട് പൊളിക്കുക എന്നത് ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്', ജസ്റ്റിസ് സന്ദീപ് കുമാര്‍ പറഞ്ഞു. അടുത്ത ഹിയറിങ്ങിന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരെല്ലാം കോടതിയില്‍ ഹാജരാകണമെന്നും വീട് പൊളിച്ചത് തെറ്റാണെന്ന് തെളിഞ്ഞാല്‍ അതില്‍ പങ്കാളികളായ ഓരോ ഉദ്യോഗസ്ഥരും അഞ്ചുലക്ഷം രൂപ വീതം പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യം കോടതി ഉറപ്പുവരുത്തുമെന്നും ജസ്റ്റിസ് സന്ദീപ് കുമാര്‍ പറഞ്ഞു.
ബിഹാറില്‍ ഭൂമാഫിയയുമായി കൈകോര്‍ത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെ യുവതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പോലീസ് പൊളിച്ചുനീക്കിയെന്നാണ് ആരോപണം. യുവതിയെയും കുടുംബത്തെയും തെറ്റായ കേസില്‍ കുടുക്കി. തുടര്‍ന്ന് അവര്‍ താമസിച്ചിരുന്ന ഭൂമിയില്‍നിന്ന് നിര്‍ബന്ധിപ്പിച്ച് കുടിയൊഴിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഭൂമാഫിയക്കുവേണ്ടിയാണ് ഈ കുടിയൊഴിപ്പിക്കല്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നും യുവതിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
കുറ്റാരോപിതരായ ആളുകള്‍ക്കെതിരേ ബുള്‍ഡോസര്‍ ഉപയോഗിച്ച് നടപടി സ്വീകരിക്കുന്ന സംഭവങ്ങള്‍ യു.പി., മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങി പല സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. വിവിധ നിയമലംഘനങ്ങളുടെ പേരുപറഞ്ഞ് വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുക എന്നതാണ് ആദ്യ നടപടി. നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ വിവിധ കോണുകളില്‍നിന്ന് കടുത്ത വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Content Highlights: high court slams bihar police for bulldozer action
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..